വിദേശത്ത് വൻ ശമ്പളം, ഫ്രീ ടിക്കറ്റ്: 'വീഴുന്നത് ' നിരവധി മലയാളികൾ; തായ്‌വാനിൽ മരിച്ച ചാലക്കുടി സ്വദേശി തൊഴിൽത്തട്ടിപ്പിന്റെ ഇര
തൃശൂർ ∙ തയ്‌വാൻ, തായ്‌ലൻഡ്, കംബോഡിയ, ലാവോസ് എന്നീ രാജ്യങ്ങളിൽ തൊഴിൽ വാഗ്ദാനം ചെയ്തു മനുഷ്യക്കടത്തു നടത്തുന്ന സംഘം കേരളത്തിലടക്കം വലവിരിക്കുന്നു. കഴിഞ്ഞമാസം തായ്‌വാനിൽ വീണു മരിച്ചെന്നു വീട്ടുകാർക്കു വിവരം ലഭിച്ച ചാലക്കുടി പരിയാരം സ്വദേശി തൊഴിൽത്തട്ടിപ്പിനിരയായി അവിടെ മാസങ്ങളോളം
തൃശൂർ ∙ തയ്‌വാൻ, തായ്‌ലൻഡ്, കംബോഡിയ, ലാവോസ് എന്നീ രാജ്യങ്ങളിൽ തൊഴിൽ വാഗ്ദാനം ചെയ്തു മനുഷ്യക്കടത്തു നടത്തുന്ന സംഘം കേരളത്തിലടക്കം വലവിരിക്കുന്നു. കഴിഞ്ഞമാസം തായ്‌വാനിൽ വീണു മരിച്ചെന്നു വീട്ടുകാർക്കു വിവരം ലഭിച്ച ചാലക്കുടി പരിയാരം സ്വദേശി തൊഴിൽത്തട്ടിപ്പിനിരയായി അവിടെ മാസങ്ങളോളം
തൃശൂർ ∙ തയ്‌വാൻ, തായ്‌ലൻഡ്, കംബോഡിയ, ലാവോസ് എന്നീ രാജ്യങ്ങളിൽ തൊഴിൽ വാഗ്ദാനം ചെയ്തു മനുഷ്യക്കടത്തു നടത്തുന്ന സംഘം കേരളത്തിലടക്കം വലവിരിക്കുന്നു. കഴിഞ്ഞമാസം തായ്‌വാനിൽ വീണു മരിച്ചെന്നു വീട്ടുകാർക്കു വിവരം ലഭിച്ച ചാലക്കുടി പരിയാരം സ്വദേശി തൊഴിൽത്തട്ടിപ്പിനിരയായി അവിടെ മാസങ്ങളോളം
തൃശൂർ ∙ തയ്‌വാൻ, തായ്‌ലൻഡ്, കംബോഡിയ, ലാവോസ് എന്നീ രാജ്യങ്ങളിൽ തൊഴിൽ വാഗ്ദാനം ചെയ്തു മനുഷ്യക്കടത്തു നടത്തുന്ന സംഘം കേരളത്തിലടക്കം വലവിരിക്കുന്നു. കഴിഞ്ഞമാസം തായ്‌വാനിൽ വീണു മരിച്ചെന്നു വീട്ടുകാർക്കു വിവരം ലഭിച്ച ചാലക്കുടി പരിയാരം സ്വദേശി തൊഴിൽത്തട്ടിപ്പിനിരയായി അവിടെ മാസങ്ങളോളം കഷ്ടപ്പെടുകയായിരുന്നെന്നു വ്യക്തമായി.
മൂന്നര ലക്ഷത്തോളം രൂപ റിക്രൂട്ടിങ് സ്ഥാപനത്തിനു നൽകി ഡിസംബറിൽ തായ്‌വാനിലേക്കു പുറപ്പെട്ട അദ്ദേഹത്തിനു ലഭിച്ചത് വിസിറ്റ് വീസയായിരുന്നു. തായ്‌വാനിലെത്തിയ ശേഷം വർക് പെർമിറ്റ് കിട്ടുമെന്നു പറഞ്ഞു കബളിപ്പിച്ചു കൊണ്ടുപോകുകയായിരുന്നു. മരിക്കുന്നതിനു 15 ദിവസം മുൻപു വരെ തൊഴിൽരഹിതനായിരുന്നു.
ഒടുവിൽ തൊഴിൽ ലഭിച്ചത്, വേണ്ടത്ര സുരക്ഷാസംവിധാനങ്ങളില്ലാത്ത കെട്ടിട നിർമാണ സൈറ്റിൽ. അവിടെ അപകടത്തിൽ മരിച്ചെന്നാണ് അറിയിപ്പു കിട്ടിയത്. പെർമിറ്റ് ഇല്ലാതെ ജോലി ചെയ്തിരുന്നതിനാൽ മൃതദേഹം വിട്ടുകിട്ടാൻ ഒരു മാസത്തിലേറെ കാലതാമസമുണ്ടായി. കോഴിക്കോട് ആസ്ഥാനമായുള്ളതെന്നു വിശ്വസിപ്പിച്ച റിക്രൂട്ടിങ് ഏജൻസിയുടെ നമ്പർ ഈ സംഭവത്തിനുശേഷം സ്വിച്ച്ഡ്ഓഫാണെന്നു ബന്ധുക്കൾ പറഞ്ഞു. ലാവോസ് (ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്), കംബോഡിയ എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ, ഇന്ത്യൻ ഉദ്യോഗാർഥികളെ കബളിപ്പിക്കുന്നത് സംബന്ധിച്ച് അടിയന്തര നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്.
അത്യാവശ്യം കംപ്യൂട്ടർ പരിജ്ഞാനവും ഇംഗ്ലിഷും വശമുള്ള യുവാക്കളെ ടൂറിസ്റ്റ് വീസ എടുത്തുകൊടുത്ത് ഓൺലൈൻ, ക്രിപ്റ്റോകറൻസി തട്ടിപ്പ് നടത്തുന്ന കോൾസെന്ററുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതാണു രീതിയെന്ന് നോട്ടിസുകളിൽ മുന്നറിയിപ്പു നൽകുന്നു. ഉദ്യോഗാർഥികൾക്ക് വലിയ ശമ്പളവും ഫ്രീ ടിക്കറ്റും വാഗ്ദാനം ചെയ്ത് തായ്‌ലൻഡിലെത്തിച്ച് അവിടെ നിന്ന് അനധികൃതമായി ലാവോസിലെ ഗോൾഡൻ ട്രയാങ്കിൾ സ്പെഷൽ ഇക്കണോമിക് സോണിൽ (സെസ്) എത്തിച്ച ശേഷമാണു സാമ്പത്തിക തട്ടിപ്പുകൾക്കു കരുവാക്കുക.
കള്ളപ്പണം വെളുപ്പിക്കലും ലഹരിക്കച്ചവടവും മുതൽ ഡീപ് ഫേക്ക് സാങ്കേതികതയിലൂടെ വരെ തട്ടിപ്പ് നടത്തുന്ന ഹബ് ആണ് ഇവിടം. വ്യാജ റജിസ്ട്രേഷനുള്ള തട്ടിപ്പുകമ്പനികൾ ഫെയ്സ്ബുക്, ടെലഗ്രാം, സ്പാം ലിങ്കുകൾ എന്നിവ ഉപയോഗിച്ച് വ്യാപാരത്തട്ടിപ്പ് നടത്താൻ ഉദ്യോഗാർഥികളെ ഉപയോഗിക്കുന്നതാണ് രീതി. രാജ്യാന്തര അതിർത്തികൾ പങ്കിടുന്നതിനാൽ ഈ സോണിൽ നിയമം മൂലം ഇടപെടാൻ ലാവോസ് സർക്കാരിന് സാങ്കേതികതടസ്സങ്ങളുമുണ്ട്. തട്ടിപ്പു ജോലിയിൽ തുടരാൻ വിസമ്മതിക്കുന്നവരെ യാത്രാരേഖകൾ പിടിച്ചുവച്ചും മർദിച്ചും ഭീഷണിപ്പെടുത്തും.
റിക്രൂട്മെന്റ് സംബന്ധിച്ച വിശദാംശങ്ങൾ ചോരാതിരിക്കാൻ ഇന്ത്യയിൽ നിന്നെത്തുന്ന ഉദ്യോഗാർഥികളുടെ മൊബൈൽഫോൺ നശിപ്പിച്ചുകളയുന്ന പതിവുമുണ്ട്. ലഹരിമരുന്ന് ഇടപാടിൽ ബന്ധപ്പെടുത്തുമെന്ന ഭയത്താലാണു പലരും അവിടെ കുടുങ്ങിപ്പോകുന്നത്. ‘ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിങ് എക്സിക്യൂട്ടിവ്’, ‘ടെലി കമ്യൂണിക്കേഷൻ’ എന്നിവയിലേക്ക് ഉദ്യോഗാർഥികളെ തേടുന്നു എന്നാണ് ഇവർ ഇന്റർനെറ്റിൽ പരസ്യം നൽകുന്നത്. നിസ്സാരമായ ഇന്റർവ്യൂവും ടൈപ്പിങ് ടെസ്റ്റും നടത്തി മികച്ച ശമ്പളവും ഹോട്ടൽ താമസവും വാഗ്ദാനം ചെയ്യും.
കെണിയിൽ വീഴുന്നവർക്ക് കോൾസെന്ററുകൾ വഴി ആളുകളെ പറ്റിക്കലോ, ഖനനം പോലെ ആരോഗ്യത്തിന് ഹാനികരമായ തൊഴിലുകളോ ആണു ലഭിക്കുക. തായ്‌ലൻഡിലെയും ലാവോസിലെയും ഓൺ അറൈവൽ വീസകൾ തൊഴിലെടുക്കാൻ പര്യാപ്തമല്ല എന്ന് എംബസികൾ അറിയിച്ചു. ലാവോസിൽ അനധികൃത തൊഴിൽ ചെയ്തു പിടിയിലായാൽ 18 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരും. ലാവോസിൽ നിന്നു വരുന്ന ഓഫറുകൾ സ്വീകരിക്കും മുൻപ് വിശദീകരണം തേടാൻ cons.vientianne@mea.gov.in എന്ന സൈറ്റിൽ ബന്ധപ്പെടണം. ഇന്ത്യക്കാരെ ഉന്നം വച്ച് തട്ടിപ്പുസംഘം റിക്രൂട്മെന്റ് നടത്തുന്നുണ്ടെന്ന് കംബോഡിയയിലെ എംബസിയും അറിയിക്കുന്നുണ്ട്. കംബോഡിയയിലെ തൊഴിൽദാതാക്കൾ വ്യാജന്മാരാണോ എന്ന് അറിയാനും വീസ സംബന്ധിച്ച വ്യക്തതയ്ക്കും: cons.phnompenh@mea.gov.in
സമാനമായ തട്ടിപ്പും ചൂഷണവും അർമീനിയയിൽ ജോലി വാഗ്ദാനം ചെയ്ത് നടക്കുന്നുണ്ടെന്ന് കാണിച്ച് അവിടുത്തെ ഇന്ത്യൻ എംബസി കഴിഞ്ഞ വർഷം നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
∙ തട്ടിപ്പുകൾക്ക് കുപ്രസിദ്ധി നേടി ഗോൾഡൻ ട്രയാങ്കിൾ ഇക്കണോമിക് സോൺ
ലഹരിക്കച്ചവടത്തിനും മനുഷ്യക്കടത്തിനും വനജന്യ ഉൽപന്നങ്ങളുടെ കൈമാറ്റത്തിനും കുപ്രസിദ്ധമായ ഇടമാണ് ലാവോസിലെ ഗോൾഡൻ ട്രയാങ്കിൾ ഇക്കണോമിക് സോൺ. ലാവോസ്, മ്യാൻമാർ, തായ്‌ലൻഡ് അതിർത്തികൾ ചേരുന്ന ഇടത്ത് ചൈനീസ് കസീനോ വമ്പനായ കിങ്സ് റോമൻ ഗ്രൂപ്പിന് ലാവോസ് സർക്കാർ 99 വർഷത്തെ പാട്ടത്തിന് കൊടുത്ത സ്ഥലത്താണ് ഈ സെസ്. ചൈനീസ് വിനോദസഞ്ചാരികളെ ആകർഷിക്കാനായി ചൂതാട്ടത്തിന് ലൈസൻസ് എടുത്താണ് തുടക്കം. പിന്നീട് ക്രിപ്റ്റോകറൻസി, ഓൺലൈൻ തട്ടിപ്പുകൾക്കു കുപ്രസിദ്ധമായി.