തുർക്കിയുമായി 1 ബില്യൻ ഡോളർ കരാറിൽ ഒപ്പിട്ട് ബിവൈഡി; ടെസ്‌ലയ്ക്ക് വെല്ലുവിളിയോ?
തുർക്കിയിൽ നിർമാണ പ്ലാന്റ് തുറക്കുന്നതിനായി 1 ബില്യൻ ഡോളർ കരാറിൽ ഒപ്പുവെച്ച് ചൈനയിലെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാതാക്കളായ ബിവൈഡി.
തുർക്കിയിൽ നിർമാണ പ്ലാന്റ് തുറക്കുന്നതിനായി 1 ബില്യൻ ഡോളർ കരാറിൽ ഒപ്പുവെച്ച് ചൈനയിലെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാതാക്കളായ ബിവൈഡി.
തുർക്കിയിൽ നിർമാണ പ്ലാന്റ് തുറക്കുന്നതിനായി 1 ബില്യൻ ഡോളർ കരാറിൽ ഒപ്പുവെച്ച് ചൈനയിലെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാതാക്കളായ ബിവൈഡി.
ഇസ്താംബൂൾ ∙ തുർക്കിയിൽ നിർമാണ പ്ലാന്റ് തുറക്കുന്നതിനായി 1 ബില്യൻ ഡോളർ കരാറിൽ ഒപ്പുവെച്ച് ചൈനയിലെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാതാക്കളായ ബിവൈഡി. രാജ്യത്തിന് പുറത്ത് ബിസിനസ് വളർത്തുന്നതിന്റെ ഭാഗമായാണ് പുതിയ കരാർ. പുതിയ പ്ലാന്റിന് പ്രതിവർഷം ഒന്നരലക്ഷം വാഹനങ്ങൾ നിർമിക്കാൻ കഴിയുമെന്ന് തുർക്കി സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ അനഡോലു റിപ്പോർട്ട് ചെയ്തു.
ഇസ്താംബൂളിൽ നടന്ന ചടങ്ങിൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും ബിവൈഡിയുടെ ചീഫ് എക്‌സിക്യൂട്ടീവ് വാങ് ചുൻഫുവും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. പുതിയ പ്ലാന്റിൽ 2026 അവസാനത്തോടെ നിർമാണം ആരംഭിക്കും. ഏകദേശം 5,000 തൊഴിലവസരങ്ങൾക്കും സാധ്യത. യൂറോപ്യൻ യൂണിയനിൽ നിന്നും യുഎസിൽ നിന്നും ബിവൈഡി താരിഫ് വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് കരാർ.
മേയ് മാസം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൈനീസ് നിർമിത ഇലക്ട്രിക് കാറുകൾ, സോളാർ പാനലുകൾ, സ്റ്റീൽ, തുടങ്ങിയ വസ്തുക്കൾക്ക് തീരുവ വർധിപ്പിച്ചിരുന്നു. ആഭ്യന്തര കമ്പനികളുടെ ഉൽപാദനത്തിനും രാജ്യത്തെ തൊഴിൽ ലഭ്യതയ്ക്കും വെല്ലുവിളി ഉയർത്താതിരിക്കാനായിരുന്നു യുഎസിന്റെ നടപടി.
കഴിഞ്ഞാഴ്ച വിലക്കുറവുള്ള ഇറക്കുമതി ഉൽപന്നങ്ങൾ അമിതമായി വിറ്റഴിക്കുന്നത് ചെറുക്കുന്നതിനായി യൂറോപ്യൻ യൂണിയൻ ഇറക്കുമതി തീരുവ കൂട്ടിയിരുന്നു. ഇയുവിലേക്ക് കയറ്റുമതി ചെയ്യുന്ന ബിവൈഡി വാഹനങ്ങൾക്ക് 17.4 ശതമാനം അധിക താരിഫാണ് ചുമത്തിയത്. അതേസമയം ഇയുവിന്റെ കസ്റ്റംസ് യൂണിയന്റെ ഭാഗമാണ് തുർക്കി. പുതിയ കരാറിലൂടെ തുർക്കിയിൽ നിർമിച്ച് കയറ്റുമതി ചെയ്യുന്ന വാഹനങ്ങൾക്ക് അധിക താരിഫ് ഒഴിവാക്കാനാകും.രാജ്യത്തെ കാർ നിർമാതാക്കളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ചൈനീസ് വാഹനങ്ങളുടെ ഇറക്കുമതിക്ക് 40% അധിക തീരുവ തുർക്കി സർക്കാർ ചുമത്തും.
യുഎസ് നിക്ഷേപകനായ വാറൻ ബഫറ്റിന്റെ പിന്തുണയുള്ള ബിവൈഡി, ഇലോൺ മസ്‌കിന്റെ ടെസ്‌ലയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ ഇലക്ട്രിക്ക് വാഹന നിർമാണ കമ്പനിയാണ്. ചൈനയ്ക്ക് പുറത്ത് നിർമാണ സൗകര്യങ്ങൾ അതിവേഗം വിപുലീകരിക്കുകയാണ് കമ്പനി. കഴിഞ്ഞ വർഷം അവസാനം, യൂറോപ്യൻ യൂണിയനിലെ ഹംഗറിയിൽ നിർമാണ പ്ലാന്റ് നിർമിക്കാൻ പദ്ധതിയുണ്ടെന്ന് ബിവൈഡി പറഞ്ഞിരുന്നു. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള കമ്പനിയുടെ യൂറോപ്പിലെ ആദ്യത്തെ പാസഞ്ചർ കാർ ഫാക്ടറിയായിരിക്കും ഇത്. കഴിഞ്ഞ വ്യാഴാഴ്ച, ബിവൈഡി തായ്‌ലൻഡിൽ ഇവി നിർമാണ പ്ലാന്റ് തുറന്നു. പ്രതിവർഷം ഒന്നരലക്ഷം കാറുകൾ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ് കമ്പനിയുടെ തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യത്തെ ഫാക്ടറിയാണ്. കൂടാതെ മെക്സിക്കോയിൽ ഒരു നിർമാണ പ്ലാന്റ് നിർമിക്കാൻ പദ്ധതിയിടുന്നതായും കമ്പനി അറിയിച്ചു.