കെനിയയെ നടുക്കിയ പരമ്പര കൊലയാളിയെ പിടികൂടാൻ സഹായിച്ചത് ഇരയുടെ മൊബൈൽ ഫോൺ
കെനിയയിലെ പരമ്പര കൊലയാളിയെ പൊലീസ് പിടികൂടിയത് തന്ത്രപൂർവമായ അന്വേഷണത്തിനൊടുവിൽ.
കെനിയയിലെ പരമ്പര കൊലയാളിയെ പൊലീസ് പിടികൂടിയത് തന്ത്രപൂർവമായ അന്വേഷണത്തിനൊടുവിൽ.
കെനിയയിലെ പരമ്പര കൊലയാളിയെ പൊലീസ് പിടികൂടിയത് തന്ത്രപൂർവമായ അന്വേഷണത്തിനൊടുവിൽ.
നെയ്‌റോബി ∙ കെനിയയിലെ പരമ്പര കൊലയാളിയെ പൊലീസ് പിടികൂടിയത് തന്ത്രപൂർവമായ അന്വേഷണത്തിനൊടുവിൽ. കൊല്ലപ്പെട്ടവരിൽ ഒരാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ സംബന്ധിച്ച നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചത്. ഇതേ തുടർന്ന് പൊലീസും ഡിസിഐയും ചേർന്ന് തിങ്കളാഴ്ച പുലർച്ചെ 3 മണിക്ക് ബാറിന് സമീപത്ത് നിന്നാണ് പ്രതി കോളിൻസ് ജുമൈസി ഖലുഷയെ പിടികൂടിയത്.
പ്രതിയുടെ വീട്ടിൽ നിന്ന് നിരവധി മൊബൈൽ ഫോണുകൾ, തിരിച്ചറിയൽ കാർഡുകൾ, ഇരകളെ കൊല്ലാൻ ഉപയോഗിച്ചതായി കരുതുപ്പെടുന്ന വെട്ടുകത്തി, റബ്ബർ കയ്യുറകൾ, സെല്ലോടേപ്പ് റോളുകൾ, മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തിയ മൃതദേഹങ്ങൾ ഉപേക്ഷിക്കാൻ ഉപയോഗിച്ച വിധത്തിലുള്ള നൈലോൺ ചാക്കുകൾ എന്നിവ പൊലീസ് കണ്ടെത്തി.
കാണാതായ സ്ത്രീകളിൽ ഒരാളുടെ ബന്ധുവാണ് മാലിന്യക്കൂമ്പാരത്തിൽ തിരച്ചിൽ നടത്താൻ പൊലീസിനോട് അഭ്യർഥിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഒൻപത് മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. 18 നും 30 നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് കൊല്ലപ്പെട്ടത്. 2022ലാണ് പ്രതി ആദ്യമായി കൃത്യം നടത്തിയത്. ആദ്യമായി കൊലപ്പെടുത്തിയത് ഇയാളുടെ ഭാര്യയെ തന്നെയാണെന്നും പൊലീസ് വ്യക്തമാക്കി. ഈ വർഷം ജൂലൈ 11 വരെ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രതിയുടെ കൊലപാതക പരമ്പരയുടെ ചുരുൾ അഴിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
കഴിഞ്ഞ വെള്ളിയാഴ്ച നെയ്‌റോബിയിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ആറ് സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിന് തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഭാര്യ ഉൾപ്പടെ 42 സ്ത്രീകളെയാണ് താൻ കൊലപ്പെടുത്തിയതെന്നും മൃതദേഹങ്ങൾ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ചതായും പിടിയിലായ പ്രതി കോളിൻസ് ജുമൈസി ഖലുഷ (33) പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കൊലപാതകങ്ങൾക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതി കോളിൻസ് ജുമൈസിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.