ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സന്തോഷ വാർത്ത; ഇ-വീസയുമായി തായ്‌ലൻഡ്, ഉടൻ പ്രാബല്യത്തിൽ
Mail This Article
ബാങ്കോക്ക് ∙ ഇന്ത്യൻ വിനോദസഞ്ചാരികളുടെ പ്രധാന വിദേശ കേന്ദ്രങ്ങളിലൊന്നാണ് തായ്‌ലൻഡ്. ബാങ്കോക്ക്, പട്ടായ, ഫുക്കറ്റ്, ചിയാങ് മായ്, കോ സമുയി എന്നിവ ഇന്ത്യൻ സഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന സ്ഥലങ്ങളാണ്. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കായി 2025 ജനുവരി 1 മുതൽ ഇ-വീസ സൗകര്യം നടപ്പിലാക്കുമെന്ന് ന്യൂഡൽഹിയിലെ റോയൽ തായ് എംബസി ബുധനാഴ്ച പ്രഖ്യാപിച്ചു. ഓഫ്‌ലൈൻ പേയ്‌മെന്റിലൂടെ ഈ സൗകര്യം ലഭ്യമാകുമെന്ന് എംബസിയുടെ പ്രസ്താവനയിൽ പറയുന്നു.
ഓൺലൈൻ പോർട്ടൽ വഴി നൽകുന്ന അപേക്ഷകൾ 14 ദിവസത്തിനുള്ളിൽ പ്രോസസ്സ് ചെയ്യും. ബന്ധപ്പെട്ട എംബസിയും കോൺസുലേറ്റ്-ജനറലുകളും ഓഫ്‌ലൈൻ പേയ്‌മെന്റ് ഓപ്ഷനുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകും. ഇതിനായി നൽകുന്ന വീസ ഫീസ് റീഫണ്ട് ചെയ്യില്ലന്നും എംബസി അറിയിച്ചു. അതേസമയം 'ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിനോദസഞ്ചാരത്തിനും ഹ്രസ്വ ബിസിനസ് ആവശ്യങ്ങൾക്കുമുള്ള 60 ദിവസത്തെ വീസ ഇളവ് തുടരുമെന്ന്' പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യക്കാർക്ക് വീസ ഓൺ അറൈവൽ സൗകര്യം തായ്‌ലൻഡ് നേരത്തെ തന്നെ നടപ്പാക്കിയിട്ടുണ്ട്. പ്രതിവർഷം ദശലക്ഷക്കണക്കിന് ആളുകളാണ് തായ്‌ലൻഡ് സന്ദർശിക്കുന്നത്. 2019-ൽ രണ്ട് ദശലക്ഷത്തിലധികം ഇന്ത്യൻ വിനോദസഞ്ചാരികളാണ് തായ്‌ലൻഡിലേക്ക് യാത്ര ചെയ്തത്.