'എനിക്ക് ആ ഫ്ലൈറ്റിൽ പോകാൻ പറ്റില്ല, വേഗം വരൂ'; വിമാനത്താവളത്തിൽ നിന്ന് പൊട്ടിക്കരഞ്ഞ് മകന്റെ കോൾ, സംഭവിച്ചത്!

Mail This Article
സാധാരണക്കാരന്റെ പോക്കറ്റ് കീറുന്ന വിമാനയാത്രാ നിരക്ക് ഏതൊരു യാത്രക്കാരനും വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. യാത്രക്കാരന്റെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിലപേശുന്ന യാത്രാ ഏജൻസുകളും കുറവല്ല. മകന്റെ ആദ്യ വിമാനയാത്രയിൽ ടിക്കറ്റിന്റെ പേരിൽ നേരിടേണ്ടി വന്ന സങ്കടകരമായ അനുഭവം പങ്കുവയ്ക്കുകയാണ് എറണാകുളം സ്വദേശിനി ലൂസി ജേക്കബ്ബ്.
മകൻ ആദ്യമായി ന്യൂസീലൻഡിലേക്ക് യാത്ര പോകുകയാണ്. സ്റ്റുഡന്റ് വീസയിലാണ് പോകുന്നത്. മോനെ യാത്രയാക്കാൻ നെടുമ്പാശ്ശേരി എയർപോർട്ടിൽ പോയി. മോൻ ചെക്ക് ഇൻ കൗണ്ടറിലേക്ക് പോയപ്പോൾ ഞങ്ങൾ പുറത്ത് കാത്തിരുന്നു. എല്ലാം റെഡിയായി നിങ്ങൾ വീട്ടിൽ പൊയ്ക്കോ എന്ന മകന്റെ ഫോൺ വിളിവന്നു. വെളുപ്പിന് 4.30ന് ആണ് ഫ്ളൈറ്റ്. ഇനി ഏറെ സമയമുണ്ട് .എയർപോർട്ടിൽ നിന്നും 3 കിലോമീറ്റർ അകലമേയുള്ളു വീട്ടിലേക്ക്. മോൻ പൊയ്ക്കോളാൻ പറഞ്ഞതു കൊണ്ട് ഞങ്ങൾ വീട്ടിലേക്ക് പോന്നു.
മകന്റെ ആദ്യത്തെ വിമാനയാത്ര ആയതു കൊണ്ട് 4.30 ആകുന്നതും നോക്കി ഉറങ്ങാതെ ഞങ്ങൾ വീട്ടിലിരുന്നു. അവന്റെ ഫോൺ കോളിനായ് കാതോർത്ത് ഇരിക്കുമ്പോൾ വിളി വന്നു. "മമ്മീ എനിക്ക് ആ ഫ്ലൈറ്റിൽ പോകാൻ പറ്റില്ല" വേഗം എയർപോർട്ടിലേക്കു വരൂ. അവൻ ആകെ പരിഭ്രാന്തനായി കരയുകയാണ്. ഞങ്ങൾ രണ്ടും പേരും ബോധം കെടുന്ന അവസ്ഥയിലും. കാറുമെടുത്ത് വേഗം എയർ പോർട്ടിൽ ചെന്ന് മകനെ കൂട്ടി കൊണ്ടുവന്നു.
മകനുമായി വീട്ടിൽ തിരിച്ചെത്തുമ്പോൾ നേരം വെളുത്തു. എങ്ങനെയൊക്കെയോ രാവിലെ 8 മണിയാക്കി. എജൻസിയെ വിളിച്ചു. വീട്ടിലാണ് ഓഫിസിൽ ചെന്ന് നോക്കിയിട്ട് പറയാം എന്നാണ് വിളിച്ചയാൾ മറുപടി പറഞ്ഞത്.ഞങ്ങൾ തുടരെ തുടരെ വിളിച്ചു കൊണ്ടിരുന്നു. 10 മണിയായപ്പോൾ ഫോണെടുത്തു. മറുപടി വന്നു. ഫ്ലൈറ്റ് നമ്പർ അടിച്ചപ്പോൾ പിശകു പറ്റിയതാണത്രെ. അതുകൊണ്ടാണ് മോന് ആ വിമാനത്തിൽ പോകാൻ കഴിയാതിരുന്നത്.ഇനി എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോൾ 73,000 രൂപ കൊടുത്താൽ നാളെ ഒരു വിമാനമുണ്ട് അതിൽ പോകാം എന്നാണ് ഏജൻസി പറഞ്ഞത്.
ഞങ്ങൾ ആകെ വിഷമത്തിലായി ഇനിയും 73,000 രൂപയോ ? എന്തായാലും പോയെ പറ്റു. 73,000 രൂപ സംഘടിപ്പിച്ച് പോകാൻ തന്നെ തീരുമാനിച്ചു. അതിനു മുൻപ് മസ്കത്തിലെ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുന്ന മരുമകനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. അവൻ എറണാകുളത്തെ ട്രാവൽ ഏജൻസിയുടെ ഫോൺ നമ്പർ വാങ്ങി വിളിച്ചു. കാശിന്റെ കാര്യത്തിൽ ഒട്ടും താഴേക്ക് വരാൻ അവർ തയാറായില്ല. അവസാനം കേസ് ഫയൽ ചെയ്യുമെന്ന് പറഞ്ഞപ്പോൾ ഏജൻസി ഒരു പൈസയും വാങ്ങിക്കാതെ തന്നെ പിറ്റേ ദിവസത്തെ വിമാനത്തിൽ ടിക്കറ്റ് ശരിയാക്കി. അങ്ങനെ കൃത്യസമയത്ത് തന്നെ മകൻ ന്യൂസീലൻഡിൽ എത്തി.
ആദ്യ ദിവസം പറഞ്ഞ സമയത്ത് വിമാനത്തിൽ പോകാൻ പറ്റാതെ വന്നപ്പോൾ സെക്യൂരിറ്റി പറഞ്ഞ വാക്കുകൾ നമ്മൾ എല്ലാവരും ഓർക്കണം. " ഇതേ പോലുള്ള തട്ടിപ്പുകൾ ഒരുപാട് നടക്കുന്നുണ്ട് ഇവിടെ ". എല്ലാവരും ഇത്തരം കാര്യങ്ങളിൽ സൂക്ഷിക്കുമല്ലോ.
(നിങ്ങൾക്കും ഉണ്ടാകില്ലേ വിമാനയാത്രകളിലെ ഇത്തരം അനുഭവങ്ങൾ. യാത്രാനുഭവങ്ങൾ നിങ്ങൾക്കും ഗ്ലോബൽ മനോരമയിൽ പങ്കുവയ്ക്കാം. നിങ്ങളുടെ പേര്, ഫോട്ടോ, സ്വദേശം എന്നിവ ഉൾപ്പെടെയുള്ള അനുഭവകുറിപ്പ് globalmalayali@mm.co.in എന്ന ഇ-മെയിൽ വിലാസത്തിൽ ഇപ്പോൾ തന്നെ അയച്ചോളൂ. ഇ–മെയിൽ അയയ്ക്കുമ്പോൾ സബ്ജക്ടിൽ AIR TRAVEL EXPERIENCE എന്ന് വയ്ക്കാൻ മറക്കേണ്ട)