തായ്​ലൻഡ് യാത്രക്കിടെ ബാങ്കോക്ക് രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് സഹയാത്രികർക്ക് പാസ്‌പോര്‍ട്ട് നഷ്ടമായതിന്റെയും ഭാഷ അറിയാതെ ബസ് മാറി കയറേണ്ടി വന്നതിന്‌റെയും യാത്രാനുഭവം പങ്കുവയ്ക്കുകയാണ് കോട്ടയം ചെങ്ങളം സ്വദേശിയായ ജോഷി കുര്യന്‍.

തായ്​ലൻഡ് യാത്രക്കിടെ ബാങ്കോക്ക് രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് സഹയാത്രികർക്ക് പാസ്‌പോര്‍ട്ട് നഷ്ടമായതിന്റെയും ഭാഷ അറിയാതെ ബസ് മാറി കയറേണ്ടി വന്നതിന്‌റെയും യാത്രാനുഭവം പങ്കുവയ്ക്കുകയാണ് കോട്ടയം ചെങ്ങളം സ്വദേശിയായ ജോഷി കുര്യന്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തായ്​ലൻഡ് യാത്രക്കിടെ ബാങ്കോക്ക് രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് സഹയാത്രികർക്ക് പാസ്‌പോര്‍ട്ട് നഷ്ടമായതിന്റെയും ഭാഷ അറിയാതെ ബസ് മാറി കയറേണ്ടി വന്നതിന്‌റെയും യാത്രാനുഭവം പങ്കുവയ്ക്കുകയാണ് കോട്ടയം ചെങ്ങളം സ്വദേശിയായ ജോഷി കുര്യന്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിമാനയാത്രകളിലെ ഏറ്റവും പ്രധാനപ്പെട്ട രേഖ പാസ്‌പോര്‍ട്ട് ആണ്. അതില്ലാതെ വിമാനത്താവളത്തില്‍ പോലും കയറാന്‍ ആകില്ല. വിദേശയാത്രകളിലുടനീളം പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള യാത്രാ രേഖകള്‍ ഭദ്രമായി സൂക്ഷിക്കണമെന്ന് എല്ലാ സര്‍ക്കാരുകളും നിരന്തരം ഓര്‍മപ്പെടുത്തുന്ന ഒന്നാണ്. വിദേശയാത്രക്കിടെ പാസ്‌പോര്‍ട്ട് നഷ്ടമായാലോ അതും വിമാനത്താവളത്തില്‍ വച്ചു തന്നെ ? തായ്​ലൻഡ് യാത്രക്കിടെ ബാങ്കോക്ക് രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് സഹയാത്രികർക്ക് പാസ്‌പോര്‍ട്ട് നഷ്ടമായതിന്റെയും ഭാഷ അറിയാതെ ബസ് മാറി കയറേണ്ടി വന്നതിന്‌റെയും യാത്രാനുഭവം പങ്കുവയ്ക്കുകയാണ് കോട്ടയം ചെങ്ങളം സ്വദേശിയായ ജോഷി കുര്യന്‍. 

2018 മാര്‍ച്ച് 30 നാണ് മറക്കാനാകാത്ത യാത്രാനുഭവം സമ്മാനിച്ച വിമാനയാത്ര നടക്കുന്നത്. ആദ്യ വിദേശ യാത്രയില്‍ ഭാഷ അറിയാത്ത നാട്ടില്‍ പോയി ബസ് മാറി കയറി വേറെ സ്ഥലത്ത് ഇറങ്ങുക, തിരികെ വരാന്‍ എയര്‍പോര്‍ട്ടില്‍ വന്നപ്പോള്‍ അവിടെ വച്ച് പാസ്‌പോര്‍ട്ട് നഷ്ടപെടുക ഇങ്ങനെ വല്ലാത്തൊരു അനുഭവത്തിനു ഞാന്‍ സാക്ഷ്യം വഹിച്ചത് ഒരു മാര്‍ച്ച് 30നാണ്.-എന്റെ രണ്ട് വിദ്യാര്‍ഥികള്‍ കാരണം. തല തല്ലി ചിരിക്കണോ അതോ കരയണോ എന്ന കണ്‍ഫ്യൂഷനില്‍ ഞാന്‍ കുറെ നേരം ഇരുന്നു പോയത് ഇന്നും മറക്കാനാകില്ല. 

ADVERTISEMENT

2018 മാര്‍ച്ചില്‍ തായ്​ലൻഡിൽ വച്ച് നടന്ന മീഡിയ കോണ്‍ഫറന്‍സിലെ സോഷ്യല്‍ മീഡിയ ട്രാക്കിലെ ട്രെയിനര്‍ ആയിരുന്നു ഞാന്‍. ആ ക്ലാസ്സില്‍ പങ്കെടുത്ത 56 പേരില്‍ 6 പേര്‍ ഇന്ത്യാക്കാര്‍ ആയിരുന്നു. അതില്‍ രണ്ടു വിദ്യാര്‍ഥികളാണ് ഈ അനുഭവ കഥയിലെ താരങ്ങള്‍. ഉത്തരേന്ത്യക്കാരായ സാദിഖ്, രാജേഷ് എന്നിവര്‍. മുന്‍പരിചയക്കാര്‍ ആയിരുന്ന ഇരുവരും ക്ലാസ്സിലും പുറത്തും എപ്പോഴും ഒന്നിച്ചായിരുന്നു നടന്നിരുന്നത്. അതിനാല്‍ ഞാന്‍ അവരെ സൂത്രനും, ഷേരുവും എന്ന് വിളിച്ചു. (അറിയാത്തവര്‍ ബാലരമ വായിക്കുക.)

ക്ലാസ്സിന്റെ രണ്ടാം ദിവസം വൈകിട്ട് എന്റെ  ടേബിളില്‍ ഇരുന്നവരോട് ഞാന്‍ ചോദിച്ചു - 'വൈകിട്ട് നമുക്ക് പുറത്തു മാര്‍ക്കറ്റില്‍ പോയാലോ? ഹോട്ടലില്‍ നിന്ന് സൗജന്യ ഷട്ടില്‍ ബസ് ഉണ്ട്.' ആദ്യം വരുന്ന 15 പേരെ കൊണ്ട് പോകും. എല്ലാവരും സമ്മതിച്ചു - കണക്കു നോക്കിയപ്പോള്‍ 12 പേര്‍. ഞാന്‍ ഹോട്ടല്‍ ലോബിയില്‍ പോയി എല്ലാവരുടെയും പേര് കൊടുത്തു. വൈകുന്നേരം 6:30നു ഹോട്ടല്‍ ലോബിയില്‍ എത്തിയിരിക്കണം, താമസിച്ചാല്‍ വെയിറ്റിങ് ലിസ്റ്റില്‍ പേര് ഉള്ളവര്‍ക്ക് ബസില്‍ സീറ്റ് കൊടുക്കും. അതാണ് ഹോട്ടല്‍ നിയമം.

അങ്ങനെ വൈകിട്ട് ഞങ്ങള്‍ ഡിന്നര്‍ കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ സൂത്രനും ഷേരുവും പുറത്തേക്ക് നടന്നു പോകുന്നത് കണ്ടു. ഭക്ഷണ ശേഷം ഞങ്ങള്‍ പുറത്തു നോക്കിയിട്ട് രണ്ടു പേരെയും  കണ്ടില്ല. അവസാനം ഞങ്ങള്‍ ലോബിയിലേക്ക് നടന്നു - അപ്പോള്‍ അതാ വരുന്നു ഷട്ടില്‍ ബസ് - ഞങ്ങള്‍ കൈ കാട്ടി - ഡ്രൈവര്‍ നിര്‍ത്തിയില്ല. 'വണ്ടി ഫുള്‍ ആണ്.' ഡ്രൈവര്‍ ആംഗ്യം കാട്ടി. 

ജോഷി കുര്യൻ (ലേഖകൻ). ചിത്രം–സ്പെഷൽ അറേഞ്ച്മെന്റ്

ഞങ്ങള്‍ 10 പേരും ലോബിയില്‍ എത്തി. സൂത്രനും, ഷേരുവും അവിടെ ഇല്ല. അവരെ നോക്കി നിന്ന് ഞങ്ങളുടെ ബസ് മിസ്സ് ആയല്ലോ, എന്നോര്‍ത്ത് ഞങ്ങള്‍ വിഷമിച്ചു. ഞങ്ങളുടെ വിഷമം കണ്ടു ഒടുവില്‍ ഹോട്ടല്‍ രണ്ടാമത് ഒരു ഷട്ടില്‍ ബസ് കൂടി ഏര്‍പ്പാട് ചെയ്തു. ആ ബസില്‍ ഞങ്ങള്‍ മാര്‍ക്കറ്റില്‍ ചെന്നപ്പോള്‍ ആദ്യ ബസില്‍ വന്നവര്‍ അവിടെ ഉണ്ടായിരുന്നു. സൂത്രനും ഷേരുവും മാത്രം അവിടെ ഇല്ല. ഞങ്ങള്‍ ഓര്‍ത്തത് അവര്‍ രണ്ടു പേരും ആദ്യത്തെ ബസില്‍ കേറി പോന്നു എന്നാണ്. അപ്പോള്‍ അവര്‍ എവിടെ പോയി?

ADVERTISEMENT

ഒടുവില്‍ ഞങ്ങള്‍ വൈകിട്ട് ഹോട്ടലില്‍ മടങ്ങിയെത്തി. വാതില്‍ക്കല്‍ വിഷണ്ണരായ സൂത്രനും ഷേരുവും. 'നിങ്ങളെ ഞങ്ങള്‍ എവിടെ ഒക്കെ തിരക്കി, നിങ്ങള്‍ എന്താ വരാഞ്ഞത്?' എല്ലാവരും അവരോട് ചൂടായി. അപ്പോള്‍ ആണ് അവര്‍ ആ കഥ പറഞ്ഞത്. ഷട്ടില്‍ ബസ് നോക്കി ഹോട്ടല്‍ ലോബിയില്‍ നില്‍ക്കുമ്പോൾ അവിടെ ഒരു ബസ് വന്നു നില്‍ക്കുന്നു. അവിടെ നിന്ന ഒരു സായിപ്പ് ആ ബസില്‍ കയറുന്നു. 'എനി വണ്‍ എല്‍സ്?'-ഡ്രൈവര്‍ ചോദിക്കുന്നു. കേട്ട പാതി, കേള്‍ക്കാത്ത പാതി രണ്ടു പേരും ബസില്‍ ചാടി കയറുന്നു. ഡ്രൈവര്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്നു. 'ഞങ്ങളുടെ കൂടെ ഉള്ള 10 പേര്‍ കൂടി വരാനുണ്ട്.' അവര്‍ പറഞ്ഞു. 'അടുത്ത വണ്ടി ഇപ്പോള്‍ പുറകെ വരും, അവര്‍ അതില്‍ വന്നു കൊള്ളും.' ഡ്രൈവര്‍ പറഞ്ഞു. 

ഒടുവില്‍ ഒരു മണിക്കൂര്‍ യാത്രക്ക് ശേഷം ബസ് നില്‍ക്കുന്നു. സായിപ്പ് പുറത്തിറങ്ങി അപ്പുറത്തുള്ള കെട്ടിടത്തില്‍ കയറി പോകുന്നു. ഇവര്‍ ഇറങ്ങി ചുറ്റും നോക്കുന്നു - ബസ് നിര്‍ത്തിയിടത്ത് ഒരു കെട്ടിടം ഉണ്ട് - പിന്നീട് കണ്ണെത്താ ദൂരത്തോളം പാടശേഖരം ആണ്. മാര്‍ക്കറ്റിന്റെ ഒരു ലക്ഷണവുമില്ല. അവര്‍ ആ കെട്ടിടത്തില്‍ കയറി ചെന്നു - അവരുടെ കൂടെ ബസില്‍ ഉണ്ടായിരുന്ന സായിപ്പ് അവിടെ ഉണ്ടായിരുന്നു. 

അവര്‍ സായിപ്പിനോട് ചോദിച്ചു - 'സായിപ്പേ, ഇവിടെ മാര്‍ക്കറ്റ് എവിടെ ആണ്?' സായിപ്പിന്റെ മറുപടി കേട്ട അവര്‍ നടുങ്ങി പോയി - 'മാര്‍ക്കറ്റ് എവിടെ ആണെന്ന് എനിക്ക് അറിയില്ല. ഇത് ഞാന്‍ താമസിക്കുന്ന ഹോട്ടല്‍ ആണ്.' ഞെട്ടല്‍ പുറത്തു കാണിക്കാതെ അവര്‍ ചോദിച്ചു - 'അപ്പോള്‍ ഈ ബസോ?' 'അത് മീറ്റിങ് കഴിഞ്ഞു ഈ ഹോട്ടലില്‍ താമസിക്കുന്നവരെ തിരിച്ചു ഇവിടെ എത്തിക്കാന്‍ ഹോട്ടലുകാര്‍ ഏര്‍പ്പാട് ചെയ്ത ബസ് ആണ്.' 

പുറത്തു ഇറങ്ങി ചെന്നു അവര്‍ ഡ്രൈവറോട് ചോദിച്ചു 'ഈ ബസ് എപ്പോള്‍ ആണ് തിരിച്ചു പോകുന്നത്?' ഡ്രൈവര്‍ പറഞ്ഞു - '1 മണിക്കൂറിന് ശേഷം - രാത്രി 8:30ന്' അങ്ങനെ മാര്‍ക്കറ്റില്‍ പോകാന്‍ ഇറങ്ങിയ സൂത്രനും ഷേരുവും, രാത്രി 9:30നു ഹോട്ടലില്‍ തിരിച്ചെത്തി.

ADVERTISEMENT

ഈ അനുഭവം കൊണ്ട് അവര്‍ ഒരു പാഠം പഠിച്ചു എന്നാണ് എല്ലാവരും കരുതിയത്. അതല്ല എന്ന് മനസ്സിലാക്കിയത് മാര്‍ച്ച് 30നാണ്. ഞങ്ങള്‍ എല്ലാവരും തിരികെ പോകാനായി എയര്‍പോര്‍ട്ടില്‍ എത്തി. എനിക്കാണെങ്കില്‍ നല്ല തലവേദനയും. ഞങ്ങളുടെ ഫ്‌ളൈറ്റിന് ഇനിയും 4 മണിക്കൂര്‍ കൂടി ഉണ്ട്. ആദ്യമായി തായ്‌ലന്‍ഡില്‍ വന്ന സൂത്രനും, ഷേരുവിനും അവിടെ എല്ലാം നടന്നു കാണണം എന്ന് ആഗ്രഹം. കടകള്‍ ഒക്കെ ഉള്ള സ്ഥലം ഞാന്‍ അവരെ കാണിച്ചു. ഞാന്‍ ചെക്ക്-ഇന്‍ ചെയ്തു അകത്തു ഗേറ്റില്‍ ഇരിക്കാമെന്നും, അവര്‍ വന്നിട്ട് ഒന്നിച്ചു ഉച്ചഭക്ഷണം കഴിക്കാമെന്നും പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു.

തലവേദന കാരണം ചെക്ക്-ഇന്‍ ചെയ്ത ശേഷം ഗേറ്റില്‍ എത്തിയ ഞാന്‍ അവിടെ ഇരുന്നു ഒന്ന് ഉറങ്ങി. ഉണര്‍ന്നപ്പോള്‍ ഫൈ്‌ളൈറ്റിനു വെറും 1 മണിക്കൂര്‍. സൂത്രനേം ഷേരുവിനേം ആ പ്രദേശത്തൊന്നും കാണാനുമില്ല. ചെക്ക്-ഇന്‍ ചെയ്തതിനാല്‍ എനിക്ക് പുറത്തോട്ടു ഇറങ്ങാനും പറ്റില്ല. അവിടെ ഇരിക്കുന്നവരിൽ  ഞങ്ങളുടെ ട്രെയിനിങ്ങില്‍ പങ്കെടുത്തു മടങ്ങുന്ന പലരോടും ഞാന്‍ ചോദിച്ചു .അവരെ കണ്ടവര്‍ ആരുമില്ല. 

ഫ്‌ളൈറ്റ് അനൗന്‍സ്‌മെന്റ് ആയി - ഇവരെ കാണാന്‍ ഇല്ല. ബോര്‍ഡിങ് തുടങ്ങിയപ്പോള്‍ രണ്ടു പേരും കൂടി അതാ ഓടി കിതച്ചു കൊണ്ട് വരുന്നു. 'നിങ്ങള്‍ ഇത് എവിടെ പോയി കിടക്കുവായിരുന്നു?' എനിക്ക് ദേഷ്യം വന്നിരുന്നു. 'സാര്‍, ഇപ്പോള്‍ എങ്കിലും ഞങ്ങള്‍ വന്നല്ലോ, ഇനി ഒരിക്കലും നാട് കാണാന്‍ പറ്റുമെന്ന് ഞങ്ങള്‍ കരുതിയില്ല.'

സംഭവിച്ചത് അവര്‍ വിവരിച്ചു. അവരുടെ കൂടെ ഞങ്ങളുടെ ക്ലാസ്സിലെ മറ്റൊരു വിദ്യാര്‍ഥി ശ്രീലങ്കക്കാരന്‍ രാജ്‌മോഹന്‍ ഉണ്ടായിരുന്നു. ഇവര്‍ മൂവരും കൂടി കടയില്‍ കയറിയപ്പോള്‍ ഇവരുടെ തോളില്‍ കിടന്ന ബാഗ് രാജ്‌മോഹന്റെ ട്രോളിയില്‍ വെച്ചു. ഇവര്‍ കടയില്‍ നിന്നപ്പോള്‍ രാജ്‌മോഹന്റെ ഫ്‌ളൈറ്റിന് സമയമായി. അവന്‍ ഇറങ്ങി വന്നു ട്രോളിയും എടുത്തു ചെക്ക്-ഇന്‍ ചെയ്തു കയറി പോയി. കുറച്ചു സമയം കഴിഞ്ഞു സൂത്രനും ഷേരുവും കടയില്‍ പുറത്തു വന്നപ്പോള്‍ ആണ് അവരുടെ ബാഗ് കൈവശം ഇല്ല എന്ന് അവര്‍ മനസ്സിലാക്കിയത്. അവരുടെ പാസ്‌പോര്‍ട്ട് വരെ ആ ബാഗില്‍ ആയിരിന്നു. പേഴ്‌സ്, പാസ്‌പോര്‍ട്ട്, ഫോണ്‍ ഒന്നും ഇല്ലാതെ അവര്‍ ആ ടെര്‍മിനലില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും ഓടി പാഞ്ഞു നടന്നു.

ഒടുവില്‍ അകത്തു ചെന്നപ്പോള്‍ തന്റേതല്ലാത്ത ബാഗ് കണ്ട രാജ്‌മോഹന്‍ അതുമായി ഉടമകളെ തിരക്കി പുറത്തു വന്നത് കൊണ്ട് മാത്രം അവര്‍ക്ക് തിരികെ നാട്ടില്‍ പോകാന്‍ സാധിച്ചു. പാപി ചെന്നിടം പാതാളം എന്ന് പറഞ്ഞത് പോലെ ഇവരെ കൂടെ കൂട്ടി യാത്ര ചെയ്ത എനിക്കും ബാങ്കോക്ക് എയര്‍പോര്‍ട്ടില്‍ വച്ച് പണി കിട്ടി. ആ കഥ പിന്നീടൊരിക്കല്‍ പറയാം.

(നിങ്ങള്‍ക്കും ഉണ്ടാകില്ലേ വിമാനയാത്രകളിലെ ഇത്തരം അനുഭവങ്ങള്‍. യാത്രാനുഭവങ്ങള്‍ നിങ്ങള്‍ക്കും ഗ്ലോബല്‍ മനോരമയില്‍ പങ്കുവയ്ക്കാം. നിങ്ങളുടെ പേര്, ഫോട്ടോ, സ്വദേശം എന്നിവ ഉള്‍പ്പെടെയുള്ള അനുഭവകുറിപ്പ് globalmalayali@mm.co.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ഇപ്പോള്‍ തന്നെ അയച്ചോളൂ. ഇ-മെയില്‍ അയയ്ക്കുമ്പോള്‍ സബ്ജക്ടില്‍ AIR TRAVEL EXPERIENCE എന്ന് വയ്ക്കാന്‍ മറക്കേണ്ട.

English Summary:

Air Travel Experience of Joshy Kurain, Kottayam native, He shares his travel experience during a visit to ThaiLand in 2018.