നാഷ്‌വില്ല ചർച്ച് വെടിവയ്പ്; പ്രതിക്കു ജീവപര്യന്തം തടവ് ശിക്ഷ
നാഷ്‌വില്ല (ടെന്നിസ്സി)∙ നാഷ്‌വില്ല ബേണറ്റ് ചാപ്പൽ ചർച്ച് ഓഫ് ക്രൈസ്റ്റിൽ 2017 സെപ്റ്റംബർ 24 നു നടത്തിയ വെടിവയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ആറു പേർക്ക് പരുക്കേൽക്കുകയും ചെയ്ത കേസ്സിൽ പ്രതി ഇമ്മാനുവേൽ സാംസണ് (25) ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മെയ് 28 നാണ് ജഡ്ജി ഷെറിൽ ബ്ലാക്ക് ബാൺ പരോളിനു പോലും അർഹതയില്ലാതെ ജീവപര്യന്തം ശിക്ഷ വിധിച്ചത്.
സുഡാനിൽ നിന്നുള്ള കറുത്ത വർഗക്കാരനായ സാംസൺ പത്ത് വെള്ളക്കാരെ വധിക്കണമെന്ന് മുൻകൂട്ടി പ്ലാൻ ചെയ്താണ് ചർച്ചിൽ എത്തിയതെന്ന് പ്രതിയുടെ കാറിൽ നിന്നും കണ്ടെത്തിയ കുറിപ്പിൽ ചൂണ്ടികാട്ടിയിരുന്നു. 2015 ൽ സൗത്ത് കാരലൈനയിലെ ബ്ലാക്ക് ചർച്ചിലുണ്ടായ വെടിവയ്പ്പിന് പ്രതികാരം നടത്തുക എന്നതായിരിന്നു പ്രതിയുടെ ലക്ഷ്യം. കഴിഞ്ഞ വെള്ളിയാഴ്ച ജൂറി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
വിചാരണക്കിടയിൽ പ്രതിയുടെ അറ്റോർണി തന്റെ കക്ഷിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായും ആവശ്യമായ മരുന്നുകൾ കഴിച്ചിരുന്നില്ലെന്നും കോടതിയിൽ ബോധിപ്പിച്ചിരുന്നു. ആഫ്രിക്കൻ റഫ്യൂജി ക്യാമ്പിൽ വച്ചുള്ള ബാലപീഡനവും തുടർന്ന് അമേരിക്കയിൽ എത്തിയതിനുശേഷവും നേരിടേണ്ടി വന്ന പീഡനവും സാംസന്റെ മാനസിക സ്ഥിതി വഷളാക്കിയിരുന്നുവെന്നും അറ്റോർണി വാദിച്ചു.