ADVERTISEMENT

ഹാമിൽട്ടൺ∙ നാലു മലയാളി സംഘടനകൾ ഒന്നിച്ചൊരുക്കിയ കേരളോൽസവം കലാപരിപാടികളുടെ മികവുകൊണ്ടും ജനകീയ പങ്കാളിത്തം കൊണ്ടും വേറിട്ടതായി. ഹാമിൽട്ടൺ മലയാളി സമാജത്തിൽ ഒരുക്കിയ സംഗമത്തിൽ കേരളീയ കലാരൂപങ്ങളാണ് നിറഞ്ഞുനിന്നത്. 

hms-keralolsavam-2

ഭാവിയിലേക്കു പുതുതലമുറയെ കൂട്ടിക്കൊണ്ടുപോയ സ്കിറ്റും കാഴ്ചക്കാരുടെ പ്രശംസ പിടിച്ചുപറ്റി. നയാഗ്ര മുതൽ ബ്രാംപ്ടൺ വരെയുള്ള പ്രദേശങ്ങളിൽനിന്നുള്ള ഹാൽട്ടൺ മലയാളീസ് അസോസിയേഷൻ (എച്ച്എംഎ), നയാഗ്ര മലയാളി സമാജം (എൻഎംഎസ്) , മലയാളി ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ് (മാസ്ക്), ഹാമിൽട്ടൺ മലയാളി സമാജം (എച്ച്എംഎസ്) എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.

hms-keralolsavam-5

ആതിഥേയരായ സമാജത്തിലെ കൊച്ചു കലാകാരികൾ ഒരുക്കിയ രംഗപൂജയോടെയായിരുന്നു തുടക്കം. തുടർന്ന് ഭദ്രദീപം തെളിയിക്കൽ. മാസ്കിലെ നർത്തകർ അവതരിപ്പിച്ച ഗണേശസ്തുതിയോടുകൂടി ഉൽസവാന്തരീക്ഷത്തിലായി സമാജം ഹാൾ.

hms-keralolsavam-3

തൊട്ടുപിന്നാലെ സമാജത്തിലെ കലാകാരന്മാരും കലാകാരികളും ചേർന്നൊരുക്കിയ റിഥം ഓഫ് കേരളയിൽ തെയ്യം ഉൾപ്പെടെയുള്ള കേരളീയകലാരൂപങ്ങളും നൃത്തരൂപങ്ങളും  മാർഗംകളിയുമെല്ലാം മിന്നിമറഞ്ഞു. അപ്പോഴേക്കും സദസ് അക്ഷരാർഥത്തിൽ കേരളത്തിലെ കലോൽസവവേദിയിലെത്തിയ പ്രതീതിയിലായി.

സമാജം കലാകാരികളുടെ വക ഒപ്പനയും എച്ച്എംഎയുടെ തിരുവാതിരയും വിവിധ കലാകാരന്മാരുടെ പാട്ടുകളും ക്ളാസിക് നൃത്തങ്ങളും പുതിയതും പഴയതുമായി പാട്ടുകൾക്കൊപ്പമുള്ള നൃത്തച്ചുവടുകളും സംഘഗാനവുമെല്ലാം കേരളോൽസവത്തിൽ ഒന്നിനുപുറകെ ഒന്നായി എത്തി. കുച്ചിപ്പുടി കലാകാരികളും മനംകവരുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 

hms-keralolsavam-4

ചാക്യാരുടെ അവതരണത്തിന്റെ അകമ്പടിയോടെ മാസ്ക് സംഘം ഒരുക്കിയ വള്ളപാട്ട്  കേരളോൽസവത്തിന്റെ ശോഭകൂട്ടിയതിനൊപ്പം മികച്ച കാഴ്ചാവിരുന്നുമായി. സമാജം ഒരുക്കിയ പ്രയാണം സ്കിറ്റ് സാങ്കേതികവിദ്യകളുടെ അനന്തസാധ്യതകളിലേക്കും അതു ബന്ധങ്ങളിലുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും  പഴയ തലമുറയെയും പുതിയ തലമുറയെയും ഒരുപോലെ കൂട്ടിക്കൊണ്ടുപോകുന്നതായി. എൻഎംഎസ്സിന്റെ വക ചെണ്ടമേളമായിരുന്നു കേരളോൽസവത്തിന്റെ കലാശക്കൊട്ട്. നാട്ടിലെ ഒരു ഉൽസവപറമ്പിലെത്തിയ പ്രതീതി ഉണർത്തുന്നതായി കലാപരിപാടികളും ചെണ്ടമേളവും. 

hms-keralolsavam-6

 

തുടർന്നുള്ള വർഷങ്ങളിൽ മറ്റു സംഘടനകൾ നേതൃത്വമേറ്റെടുത്ത കേരളോൽസവം തുടരണമെന്ന് സമാജം പ്രസിഡന്റ് ബിജു ദേവസി അഭിപ്രായപ്പെട്ടു. സെക്രട്ടറി മനു നെടുമറ്റത്തിൽ പ്രസംഗിച്ചു. സന്തോഷ് ശ്രീകുമാർ, ജയിംസ് വർഗീസ്, കെ. പി. സുധാകരൻ (മാസ്ക്), ബൈജു പകലോമറ്റം, ആൽഡ്രിഡ് ജോൺ  (എൻഎംഎസ്), ധീരജ് പോൾ, ശ്രീജിത്ത്  (എച്ച്എംഎ) തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവിധ സംഘടനകൾ കലാപരിപാടികൾ ഒരുക്കിയത്. സ്പോൺസർമാരായ ജിഷ തോട്ടം, ജോസഫ് തോമസ്, ദേശി മണ്ഡി, മേരിക്കുട്ടി സേവ്യർ, ദേശി ഗ്രോസേഴ്സ്, ഇൻസ് ലൈഫ്,  ബ്രീസ് ബ്ളൈഡൻസ്, കൃഷ്ണമേനോൻ തുടങ്ങിയവരെ ആദരിച്ചു.  രേണു ജിമ്മി, ബിന്ദു മാത്യു എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com