ADVERTISEMENT

ഫിലഡൽഫിയ ∙ പതിനായിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുൻപ് വംശനാശം സംഭവിച്ച മൃഗത്തിന്‍റെ 7 അടി നീളമുള്ള കൊമ്പ് പല്ലുകള്‍, തോളെല്ല്, വാരിയെല്ല് അടക്കം ഇരുപതില്‍പ്പരം ശരീരഭാഗങ്ങള്‍ അമേരിക്കയിലെ നോര്‍ത്ത് ഡെക്കോഡ, ബ്യൂല കല്‍ക്കരി ഖനിക്ക് സമീപത്ത് കണ്ടെത്തി. 45,000 ഏക്കര്‍ വിസ്തൃതിയുള്ള ഖനി മേഖലയിൽ ഒഴുകുന്ന ചെറിയ അരുവിയുടെ സമീപത്തായി 40 അടി ആഴത്തില്‍ മണ്ണ് നീക്കംചെയ്ത് കല്‍ക്കരി കുഴിച്ചെടുക്കുന്നതിനിടെയാണ് കൊമ്പ് കണ്ടെത്തിയെന്ന് അസ്സോസിയേറ്റ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.

നോര്‍ത്ത് ഡെക്കോഡ ജിയോളജിക് സര്‍വ്വേയിലെ പുരാവസ്തു ഗവേഷകനും പാലിയന്‍റോളജിസ്റ്റുമായ ജെഫ് പേഴ്സന്‍റെ അഭിപ്രായാനുസരണം കണ്ടെത്തിയ കൊമ്പിന് പതിനായിരം മുതല്‍ ഒരു ലക്ഷം വര്‍ഷംവരെ പഴക്കം ഉണ്ടാകുവാനുള്ള സാധ്യതയുള്ളതായും പറയുന്നു. കാര്യമായ കേടുപാടുകള്‍ ഒന്നുംതന്നെ കൊമ്പിനു സംഭവിച്ചിട്ടില്ലെന്നും പിന്‍കാലങ്ങളില്‍ കണ്ടെത്തിയതിലും വളരെയധികം എല്ലിന്‍ കഷണങ്ങള്‍ ഒരു മൃഗത്തില്‍ നിന്നുംതന്നെ കിട്ടിയതായും പേഴ്സണ്‍ വെളിപ്പെടുത്തി.

ഏഷ്യയിലും വടക്കേ അമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലും  പടുകൂറ്റന്‍ മൃഗങ്ങള്‍ അനേക ശതവര്‍ഷങ്ങള്‍ക്കുമുമ്പായി സ്വൈര്യവിഹാരം നടത്തിയതായ തെളിവുകള്‍ നല്‍കുന്ന  അവശിഷ്ടങ്ങളില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. ഹിമയുഗത്തില്‍ (ഐസ് ഏജ്) ജീവിച്ചിരുന്ന അനേകം മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ മഞ്ഞുഷീറ്റിന്‍റെ ചലനത്തിലും മഞ്ഞുകട്ടകള്‍ ഉരുകി നശിച്ചതായും നോര്‍ത്ത് ഡെക്കോഡ യൂണിവേഴ്സിറ്റിയിലെ തന്നെ നട്ടെല്ല് പാലിയന്‍റോളജിസ്റ്റ് പോള്‍ ഉല്മാന്‍ പറയുന്നു. സൗത്ത് ഡെക്കോഡയിലും ടെക്സസിലും വലിയ മൃഗങ്ങളുടെ അനേകായിരം വര്‍ഷം പഴക്കമേറിയ എല്ലിന്‍ കഷണങ്ങളും, മഹാശൈത്യമേഖലയായ നോര്‍ത്ത് കാനഡയിലും സൈബീരിയായിലും ഭീമമായ മഞ്ഞുകട്ടകള്‍ക്കുള്ളില്‍ സ്ഥിരമായി ഫോര്‍സെനായ എല്ലിന്‍ തുണ്ടുകളുടെ പഴക്കം പതിനായിരത്തിലധികമായതായി ഉള്‍മാന്‍റെ വിശദമായ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കന്‍ ജിയോളജിസ്റ്റിന്‍റെ സര്‍വ്വേയുടെ റിപ്പോര്‍ട്ടില്‍ നോര്‍ത്ത് ഡെക്കോഡയിലെ ഗുഹാഭിത്തികളില്‍ 13000 വര്‍ഷങ്ങള്‍ക്കുമുമ്പായി വരച്ചിട്ടുള്ള ചിത്രങ്ങളില്‍ വംശനാശം ഭവിച്ച മൃഗങ്ങള്‍ ആനയെക്കാളും വലിപ്പം ഉണ്ടായിരുന്നതായി പറയുന്നു. കണ്ടെത്തിയ ഭീകര മൃഗത്തിന്‍റെ 50ല്‍ അധികം പൗണ്ട്സ് (22.7 കിലോഗ്രാം) ഭാരമുള്ള കൊമ്പ് കേടുപാടുകള്‍ ഉണ്ടാകാതിരിക്കാനും പൊടിഞ്ഞുപോകാതെ സുരക്ഷിതമായി സൂക്ഷിക്കുവാന്‍ വേണ്ടി പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞിട്ടുണ്ട്. കണ്ടെത്തിയ എല്ലിന്‍ കഷണങ്ങളും പ്ലാസ്റ്റിക് കവറില്‍ പൊതിയുവാന്‍വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ സയന്‍റിസ്റ്റ് സമൂഹം കൊടുത്തിട്ടുണ്ട്. തുടര്‍ന്നുള്ള കല്‍ക്കരിഖനി തൊഴിലാളികള്‍ ഖനന ജോലിക്കായി മണ്ണ് ഇളക്കുമ്പോഴും കുഴിക്കുമ്പോഴും ഗൗരവകരമായ ശ്രദ്ധ ചെലുത്തി കണ്ടെത്തുന്ന എല്ലിന്‍ കഷണങ്ങളും പല്ലുകളും തുടര്‍ന്നുള്ള പരീക്ഷണങ്ങള്‍ക്കായി പരിരക്ഷിക്കണമെന്നും ഉള്‍മാന്‍ നിര്‍ദ്ദേശിച്ചു.

ഇന്ത്യയിലെ നൈനിറ്റാളില്‍ കോര്‍ബെറ്റ് ടൈഗര്‍ റിസെര്‍വ്വില്‍ അടുത്ത നാളില്‍ കണ്ടെത്തിയ വന്‍ മൃഗത്തിന്‍റെ അതിപ്രാചീന കാലത്തെ അവശിഷ്ടങ്ങള്‍(ഫോസില്‍)ക്ക് 4000 വര്‍ഷത്തിലധികം പഴക്കമുള്ളതായി സൈന്‍റിസ്റ്റ്സ് സമൂഹം വിശ്വസിക്കുന്നു.  ഉത്തരാഖന്‍ഡ് സ്പേസ് ആപ്ലിക്കേഷന്‍ സെന്‍റര്‍ (യു.എസ്.എ.സി.) ലെ ജിയോളജിസ്റ്റ് എം.പി.എസ്. ബിസാറ്റിന്‍റെ അഭിപ്രായാനുസരണം മഹാമൃഗത്തിന്‍റെ താടിയെല്ലിന് 12 ലക്ഷത്തിലധികം വര്‍ഷം പഴക്കമുള്ളതായ ഭിന്നാഭിപ്രായവും പ്രകടിപ്പിച്ചു. പരിപൂര്‍ണ്ണമായ ആധുനിക പരീക്ഷണങ്ങള്‍ക്കുശേഷംമാത്രം കൃത്യമായ റിപ്പോര്‍ട്ട് ലഭിക്കുകയുള്ളൂ.

English Summary:

7-foot-long mammoth tusk found near the Beulah Coal Mine in North Dakota

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com