ലെവിറ്റേറ്റ് 'മഹാഓണം'; യുവസാഗരമായി യങ്-ഡണ്ടാസ്
കാനഡയിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ യങ്-ഡണ്ടാസിനെ കസവണിയിച്ച് ലെവിറ്റേറ്റ് 'മഹാഓണം'. ആയിരങ്ങൾ പങ്കെടുത്ത മഹാഓണം പൂരത്തിമിർപ്പിലാണ് കൊടിയേറിയത്.
കാനഡയിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ യങ്-ഡണ്ടാസിനെ കസവണിയിച്ച് ലെവിറ്റേറ്റ് 'മഹാഓണം'. ആയിരങ്ങൾ പങ്കെടുത്ത മഹാഓണം പൂരത്തിമിർപ്പിലാണ് കൊടിയേറിയത്.
കാനഡയിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ യങ്-ഡണ്ടാസിനെ കസവണിയിച്ച് ലെവിറ്റേറ്റ് 'മഹാഓണം'. ആയിരങ്ങൾ പങ്കെടുത്ത മഹാഓണം പൂരത്തിമിർപ്പിലാണ് കൊടിയേറിയത്.
ടൊറന്റോ ∙ കാനഡയിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ യങ്-ഡണ്ടാസിനെ കസവണിയിച്ച് ലെവിറ്റേറ്റ് 'മഹാഓണം'. ആയിരങ്ങൾ പങ്കെടുത്ത മഹാഓണം പൂരത്തിമിർപ്പിലാണ് കൊടിയേറിയത്. പന്ത്രണ്ടോളം മണിക്കൂർ ഇടതടവില്ലാതെ സംഗീത-നൃത്ത-കലാപരിപാടികൾ, മേളവും താലപ്പൊലിയുമായി ഘോഷയാത്ര, ഡിജെയോടെ കലാശക്കൊട്ട്. മലയാളത്തിന്റെ പ്രിയ സംവിധായകൻ കെ. മധുവും പരിപാടിയിൽ പങ്കെടുത്തു.
വൈകുന്നേരത്തെ ഘോഷയാത്രയിൽ പങ്കെടുത്തും ഒന്നോ രണ്ടോ പരിപാടികണ്ടും മടങ്ങാനിരുന്ന കെ. മധു മടങ്ങിയത് രാത്രി പതിനൊന്നിനാണ്. പരിപാടികൾക്കൊടുവിൽ വേദിയിലെത്തിയ അദ്ദേഹം പറഞ്ഞത്: “മഹാഓണം മഹാഅനുഭവം. ഒരു സിനിമ കാണുന്നതുപോലെ ഞാൻ ആസ്വദിക്കുകയാണ്. എന്റെ സിബിഐ സിനിമാപരമ്പരയുടെ കാര്യത്തിലെന്നപോലെ ഒരു ലാഗുമില്ലാതെ, ചെറുപ്പക്കാരുടെയും വിദ്യാർഥികളുടെയും സഹായത്തോടെ ഇത്തരമൊരു ഓണാഘോഷമൊരുക്കിയ സംഘാടകരെ അഭിനന്ദിക്കാൻ വാക്കുകളില്ല.”
വിവിധ നഗരങ്ങളിൽനിന്ന്, കലാമേഖലകളിൽനിന്ന്, കലാലയങ്ങളിൽനിന്ന്, ജോലിസ്ഥലങ്ങളിൽനിന്നും ആളുകൾ എത്തിയിരുന്നു. മലയാളികൾക്ക് മഹാഓണം സമ്മാനിച്ചത് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു. യുവതലമുറയ്ക്കായ് സംഘാടകർ പാരമ്പര്യത്തിന്റെ ചെണ്ട മേളത്തിനൊപ്പം വാട്ടർഡ്രമ്മിലും കൊട്ടിക്കയറുന്ന തകർപ്പൻ ഡിജെയും ഒരുക്കിയിരുന്നു. ഓർമകളിലേക്ക് ആടിയിറങ്ങാൻ ഊഞ്ഞാൽ ഒരുക്കിയതും വിസ്മയമായി. ജന്മനാട്ടിലെ ജില്ലകളിലൂടെയുള്ള യാത്രയ്ക്കായി ഹെറിറ്റേജ് വാക്കിനും അവസരമൊരുക്കി. കഥകളിയും വഞ്ചിപ്പാട്ടും ഒപ്പം ബാൻഡും ഡാൻസുമുണ്ടായിരുന്നു. മനംനിറയ്ക്കാനുള്ള കലാപരിപാടികൾ വേദിയിൽ ഒന്നിനുപുറകെ ഒന്നായി വന്നപ്പോൾ വയർനിറയ്ക്കാനുള്ള കേരളീയവിഭവങ്ങൾ വിളമ്പാനും അവസരമൊരുക്കിയിരുന്നു. മലയാളികൾക്കും ദക്ഷിണേന്ത്യക്കാർക്കും പുറമെ വടക്കേ ഇന്ത്യക്കാരും സ്വദേശികളും വിദേശികളുമെല്ലാം വേദിയിലും ചുറ്റുമായി കേരളീയ കലാ-ഭക്ഷ്യവിഭവങ്ങൾ ആസ്വദിക്കാനെത്തിയിരുന്നു. ടൊറന്റോയിലും സമീപപ്രദേശങ്ങളിൽനിന്നും മാത്രമല്ല, ദൂരെനിന്നും, മഹാഓണത്തിന്റെ ആരാധകർ എത്തി.
ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവരിൽ ഏറെയും കേരളീയവേഷവിധാനങ്ങളിലായിരുന്നു. ചന്ദനമണിയിച്ചാണ് അതിഥികളെ സംഘാടകർ വരവേറ്റത്. കലാനിലയം കലാധരൻ മാരാരും സംഘവും ഒരുക്കിയ മിനിപൂരത്തോടെയായിരുന്നു തുടക്കം. കാനഡയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വാദ്യക്കാരും മേളക്കാരും ഒത്തുചേർന്ന നിമിഷമായിരുന്നു അത്. ജനനി മരിയ ആന്റണിയും സംഘവും ഒരുക്കിയ ഫ്ലാഷ് മോബും ഋക്ഥ അശോകും സംഘവും ഒരുക്കിയ മഹാതിരുവാതിരയുമായിരുന്നു മഹാഓണത്തിലെ പ്രധാന പരിപാടികൾ. ജോഷിയുടെ നേതൃത്വത്തിൽ ഒരുക്കിയ പ്രദർശന വടംവലി മൽസരവും മധുരഗീതം മിസ്സ് ആൻഡ് മിസ്സിസ് മൽസരാർഥികളുടെ മഹാനടത്തവും പരിപാടികളിലെ വേറിട്ട ഇനങ്ങളായിരുന്നു.
നൂപുര സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്, ടീം നൃത്യ, സിൻഡീസ് ഡാൻസ് സ്റ്റുഡിയോ, ടീം ലാസ്യ, നൃത്ത കലാ കേന്ദ്ര, സാത്വിക ഡാൻസ്, ഡാസ്ളേഴ്സ്, ഷീ സ്ട്രീറ്റ്, ടി. ഡി. ഗ്രൂവേഴ്സ്, ഡി സ്ക്വാഡ്, ക്രിസ്റ്റീൻ ജോസഫ് എന്നിവരുടെ നൃത്തനൃത്യപരിപാടികളാണ് മഹാഓണത്തിന് കൊഴുപ്പേകിയത്. രാഗതാളലയത്തിന്റെ വിസ്മയമൊരുക്കി ബോൺ ഹോമീസ്, അർബൻ കോക്കനട്ട്, ഡൗൺടൗൺ ബാൻഡ്, ടീം മുറുക്ക്, പ്രൊഗ്വേദം, ത്രിലോക് എന്നീ ബാൻഡുകൾ എത്തിയപ്പോൾ മലയാളിയെ വിവാഹംകഴിച്ച സ്വദേശി സാറ സിജുവിന്റെയും ആത്തീഫ മൈമൂൻ, അനെറ്റ്, ഫറാസ്, ജയലക്ഷമി എന്നിവരുടെയും ഗാനങ്ങളും വ്യത്യസ്തമായി. ട്രിവാൻഡ്രം ടോക്കീസ് ഓണപ്പാട്ടുമായി എത്തിയപ്പോൾ കൈകൊട്ടി കളി മലയാളി ഫാമിലിസ് ടൊറന്റോ വകയായിരുന്നു. തിരു ആറന്മുള വഞ്ചിപ്പാട്ട് സംഘമാണ് വഞ്ചിപ്പാട്ടിന്റെ താളമൊരുക്കിയത്. നയാഗ്ര തരംഗം ശിങ്കാരിമേളമൊരുക്കി. രജീഷ് രാമൻകുട്ടിയും സംഘവുമാണ് കഥകളി അവതരിപ്പിച്ചത്. വയലിൻ - സാം താജു നൈനാൻ ഒരുക്കിയ വയലിൻ കച്ചേരി സദസിനെ അക്ഷരാർഥത്തിൽ ആവേശംകൊള്ളിച്ചു.
മാവേലിയും ചെണ്ടമേളവും പുലികളും മുത്തുകുടകളും കസവണിഞ്ഞ യുവതികളേന്തിയ താലപ്പൊലിയുമായി ടൊറന്റോ നഗരത്തിൽ ഘോഷയാത്ര നടത്തി. കോൺസൽ ജനറൽ സിദ്ധാർഥ നാഥ്, ഒന്റാരിയോ അസോഷ്യേറ്റ് മന്ത്രി വിജയ് തനിഗസിലം, ചലച്ചിത്രസംവിധായകൻ കെ. മധു എന്നിവരായിരുന്നു വിശിഷ്ടാതിഥികൾ. ഇവരും മഹാഓണത്തിന്റെ സപ്പോർട്ടർമാരും ആൾക്കൂട്ടത്തിനിടയിലൂടെ വേദിയിൽ എത്തിയപ്പോഴായിരുന്നു മഹാതിരുവാതിര ഒരുങ്ങിയത്. അലീന തോമസ്, തൻസീൽ തയ്യിൽ, ആഷ്ലി, ബിന്ദു തോമസ് മേക്കുന്നേൽ, ലാലിഷ് ചന്ദ്രൻ തുടങ്ങിയവരായിരുന്നു പരിപാടിയുടെ അവതാരകർ.
ഡബിൾ ജെ ദ് റാപ്പർ, ജെഡി എന്നിവർ തുടങ്ങിവച്ച സംഗീത-മേള വിരുന്ന് പൂർത്തിയായത് വല്ലാടൻ ലൈവ്, ഡിജെ ഫറാസ്, ജോസിയോൺ എന്നിവർ ചേർന്നൊരുക്കിയ വെടിക്കെട്ട് ഡിജെയോടെയാണ്. പുതുമകൾ നിറഞ്ഞ പന്ത്രണ്ടോളം പരിപാടികളിലൂടെ നൂറുകണക്കിന് പ്രേക്ഷകർക്ക് കാഴ്ചയുടെ നവ്യാനുഭവങ്ങൾ സമ്മാനിച്ച ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റ് അങ്ങനെ മഹാഓണവും മായാദൃശ്യങ്ങൾ സമ്മാനിച്ചാണ് കൊടിയിറങ്ങിയത്. ജെറിൻ രാജിന്റെ നേതൃത്വത്തിൽ മരിയ നികിത, ഫറാസ് മുഹമ്മദ്, അലീന തോമസ്, സന്ദീപ് രാജ്കുമാർ, അരവിന്ദ് സുരേഷ് നായർ, ആകാശ് കേശവൻ, ആൻസി ഏബ്രഹാം, ജെഫി ജോൺസൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടികൾ ഒരുക്കിയത്.
രാജ്യാന്തര വിദ്യാർഥികളിലെയും യുവജനങ്ങളിലെയും മികവുറ്റ കലാകാരന്മാരെ കണ്ടെത്തി അവർക്കു വേദിയൊരുക്കുന്നതിനായാണ് ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റിന് തുടക്കംകുറിച്ചത്. കാനഡയിലെ വിവിധ നഗരങ്ങളിലായി ഇതുവരെ നടത്തിയ പരിപാടികളിലായി അയ്യായിരത്തിലേറെപ്പേർ പങ്കെടുത്തിട്ടുണ്ട്. മഹാഓണം പരിപാടിയോടനുബന്ധിച്ച് മാത്രം ആയിരത്തോളം കലാകാരന്മാർക്കാണ് അവസരം ഒരുക്കുന്നത്. കേരളത്തിന്റെ വിളവെടുപ്പ് ഉൽസവവും തനതുസംസ്കാരവും ആഘോഷങ്ങളുമെല്ലാം കനേഡിയൻ ജനതയ്ക്ക് പരിചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ടൊറന്റോയിൽ ലെവിറ്റേറ്റ് മഹാഓണം ആഘോഷിച്ചത്.