‘കിമ്മിന്‍റെ ഫോൺ പിടിച്ചുവാങ്ങി, വീട്ടുകാരെ ഭീഷണിപ്പെടുത്തി’; ലഹരി കേസിൽ മകളെ ന്യായീകരിച്ച് പിതാവ്
Mail This Article
ഷിക്കാഗോ∙ 3.5 മില്യൻ പൗണ്ട് വിലമതിക്കുന്ന കൊക്കെയ്ൻ സ്യൂട്ട്കേസുകളിൽ കടത്തിയ ബ്രിട്ടിഷ് ബ്യൂട്ടീഷ്യനെ കുറ്റകൃത്യം ചെയ്യാൻ രണ്ട് പേർ ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തൽ. മിഡിൽസ്ബറോയിൽ നിന്നുള്ള കിം ഹാൾ (28) മാഞ്ചസ്റ്ററിലേക്കുള്ള കണക്ഷൻ വിമാനത്തിൽ കയറാൻ തയ്യാറെടുക്കുന്നതിനിടെ ഷിക്കാഗോയിലെ ഒഹയർ വിമാനത്താവളത്തിൽ വച്ചാണ് പിടിയിലായത്. ഹോംലാൻഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ രണ്ട് സ്യൂട്ട്കേസുകളിലായി 43 കിലോ കൊക്കെയ്ൻ കണ്ടെത്തിയതിനെ തുടർന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കാൻകൂണിലേക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത രണ്ട് പുരുഷന്മാർ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് താൻ ലഹരിമരുന്ന് കടത്തിയതെന്നാണ് യുവതിയുടെ വാദം. കിം കുറ്റക്കാരില്ലെന്നും ഭീഷണി കാരണം സംഭവിച്ചത് പോയതാണെന്നും യുവതിയുടെ പിതാവ് ജോൺ ഹാൾ അഭിപ്രായപ്പെട്ടു.
‘‘കിം ലഹരിമരുന്ന് കടത്തുകാരിയല്ല. കൊണ്ടുപോകുന്നത് പണമാണെന്നാണ് ഇത് നൽകിയവർ കിമ്മിനോട് പറഞ്ഞിരുന്നത്. അവർ കിമ്മിന്‍റെ ഫോൺ പിടിച്ചുവാങ്ങി. വീട്ടുകാരെ ഭീഷണിപ്പെടുത്തി, അതുകൊണ്ടാണ് കിം അത് ചെയ്തത്. കിം ഒരു സുഹൃത്തിനൊപ്പം പോർച്ചുഗലിലേക്ക് പോയിരുന്നു. മെക്‌സിക്കോയിൽ റിയൽ എസ്റ്റേറ്റിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സുഹൃത്തിന്റെ അതിഥിയായി സൗജന്യ അവധിക്കാലം ആഘോഷിക്കാൻ പോകുന്നതായിട്ടാണ് മകൾ പറഞ്ഞത്. തിരിച്ചെത്തിയപ്പോൾ മകളെ കാത്തിരുന്നത് ഇതായിരുന്നു.’’– ജോൺ ഹാൾ കൂട്ടിച്ചേർത്തു.
ഓഗസ്റ്റിലാണ് കിം പിടിയിലായത്. കൈവശമുണ്ടായിരുന്ന ലഹരിമരുന്ന് ഉയർന്ന അളവിലായതിനാൽ 15-60 വർഷം തടവ് ലഭിക്കാൻ സാധ്യതയുള്ള വകുപ്പുകളിലാണ് ചുമത്തിയിരിക്കുന്നത്. നിലവിൽ വിചാരണ തടവുകാരിയായ കിമ്മിനെ നവംബർ 13നാണ് ഇനി കോടതിയിൽ ഹാജാരാക്കുക.