ADVERTISEMENT

ടിവി ഡേറ്റിങ് ഷോയിൽ പ്രത്യക്ഷപ്പെട്ട സീരിയൽ കില്ലറുടെ ജീവിതകഥയാണ് ഇന്ന് ലോകം വീണ്ടും ചർച്ച ചെയ്യുന്നത്. 1943ൽ ടെക്സസിൽ ജനിച്ച റോഡ്‌നി അൽകാല എന്ന പേര് കേൾക്കുമ്പോൾത്തന്നെ അമേരിക്കൻ ജനതയുടെ മനസ്സിൽ ഭീതി പടരും. റോഡ്‌നി അൽകാലയുടെ ജീവിതത്തെ ആസ്പദമാക്കി  അന്ന കെൻഡ്രിക് സംവിധാനം ചെയ്ത 'വുമൺ ഓഫ് ദി അവർ' എന്ന സിനിമ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നതോടെയാണ് വീണ്ടും ഈ കുപ്രശസ്ത കുറ്റവാളിയുടെ ജീവിതം ചർച്ചയായത്.

ആരാണ് റോഡ്‌നി അൽകാല ?
കലിഫോർണിയ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നടന്ന കൊലപാതകങ്ങൾക്ക് ശിക്ഷിക്കപ്പെട്ട പ്രതിയാണ് റോഡ്‌നി അൽകാല. 12 വയസ്സുള്ള ഒരു കുട്ടിയടക്കം എട്ടുപേരെ ഇയാൾ കൊലപ്പെടുത്തിയെന്നാണ് തെളിഞ്ഞത്. ഫ്ലൈറ്റ് അറ്റൻഡന്‍റ്, നിശാക്ലബ് ഉടമയുടെ മകൾ എന്നിങ്ങനെ വ്യത്യസ്ത സ്ത്രീകളായിരുന്നു ഇയാളുടെ ഇരകൾ. എന്നാൽ അധികാരികൾ സംശയിക്കുന്നത് 100-ലധികം കൊലപാതകങ്ങൾ ഇയാൾ ചെയ്തിട്ടുണ്ടാകാം എന്നാണ്. പിടിയിലായ റോഡ്‌നിക്ക് പല കേസുകളിലും കോടതി വധശിക്ഷ വിധിച്ചു. പക്ഷേ 2021 ജയിലിൽ വച്ച് 77–ാം വയസ്സിൽ സ്വഭാവിക മരണത്തിന്  റോഡ്‌നി കീഴടങ്ങുകയായിരുന്നു.

1969-ൽ എഫ്‌ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന റോഡ്‌നി, ടെലിവിഷൻ ചാനൽ സംഘടിപ്പിച്ച ഡേറ്റിങ്  ഷോയിൽ പങ്കെടുത്തു. ഷോയിലെ മറ്റ് പങ്കാളികൾ ഇയാളുടെ പെരുമാറ്റത്തിൽ അസ്വസ്ഥത അനുഭവിച്ചിരുന്നു. എന്നാൽ ഷോയുടെ നിർമാതാക്കൾക്ക് ഇയാളുടെ യഥാർഥ മുഖം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്നത്തെ പോലെ അക്കാലത്ത് മത്സരാർഥികളുടെ മുൻകാല ജീവിതം പരിശോധിക്കുന്നത് പതിവില്ലായിരുന്നതാണ് റോഡ്‌നിക്ക് തുണയായത്. 

റോഡ്‌നി അൽകാലയുടെ ഇരട്ട ജീവിതമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. ഒരു വശത്ത്  ഫാഷൻ ഫൊട്ടോഗ്രഫറായും മറുവശത്ത് ക്രൂരനായ കൊലയാളിയായും അദ്ദേഹം ജീവിച്ചു. ഫോട്ടോ ഷൂട്ടുകൾ വാഗ്ദാനം ചെയ്ത് ഇരകളെ വശീകരിച്ചാണ് അദ്ദേഹം കൊലപാതകങ്ങൾ നടത്തിയിരുന്നത്.

‘‘അയാൾ കൊലപ്പെടുത്തിയ സ്ത്രീകളിൽ നിന്ന് അവർ ധരിച്ചിരുന്ന ആഭരണങ്ങൾ എടുത്ത് സൂക്ഷിച്ചിരുന്നു. ഒരു കമ്മലിനെ മനുഷ്യനെക്കാൾ ബഹുമാനത്തോടെയാണ് അദ്ദേഹം കൈകാര്യം ചെയ്തത്.’’–  'വുമൺ ഓഫ് ദി അവർ സിനിമയുടെ സംവിധായക അന്ന കെൻഡ്രിക് ഒരു അഭിമുഖത്തിൽ പറ‍ഞ്ഞു. 

ഡേറ്റിങ് ഷോയുടെ സഹ-നിർമാതാക്കളായ മൈക്കും എലൻ മെറ്റ്‌സ്‌ജറും റോഡ്‌നി അൽകാലയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് പങ്കുവയ്ക്കുന്നത്. മൈക്ക് ഇയാളെക്കുറിച്ച് 'അസ്വസ്ഥത' നിറഞ്ഞ അനുഭവമുള്ളതായി അനുസ്മരിച്ചു, അതേസമയം എല്ലെൻ റോഡ്‌നിയെ ആകർഷണമുള്ള വ്യക്തിയായി വിലയിരുത്തുന്നു. അതേസമയം, ഷോയിൽ അവസരം ലഭിച്ചിട്ടും റോഡ്‌നി അൽകാലയുടെ കൂടെ ഡേറ്റിന് പോകാൻ സഹ മത്സരാർഥിയായ ഷെറിൽ ബ്രാഡ്‌ഷോ വിസമ്മതിച്ചിരുന്നു. 

English Summary:

Story Of 'The Dating Game' Killer Rodney Alcala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com