‘ട്രംപ്: ദി ആർട്ട് ഓഫ് ദ് ഡീൽ’; ആവർത്തിക്കുമോ സംഭവ‘ബഹളം’ ആ ട്രംപ് കാലം?, യുഎസിനും ലോകത്തിനാകെയും കരുതിവച്ച‘പ്ലോട്ട്’?
പ്ലോട്ട്(PLOT) എന്ന വാക്കിന്, സ്ഥലം, ഗൂഢാലോചന, കപടോപായം, ഉപജാപം, കഥാതന്തു തയാറാക്കുക എന്നൊക്കെയാണ് അർഥം. റിയൽ എസ്റ്റേറ്റുകാരൻ ഫ്രെഡ് ട്രംപിന്റെ മകൻ ഡോണൾഡ് ജോൺ ട്രംപിന് പണ്ടേക്കുപണ്ടേ ഇതിലെല്ലാം കമ്പമുണ്ട്. അസംബന്ധമെന്നു പലരും എഴുതിത്തള്ളുന്ന ഭ്രമകൽപനകളിൽ മുഴുകുകയും എന്നാൽ അതെല്ലാം യാഥാർഥ്യമാക്കാൻ
പ്ലോട്ട്(PLOT) എന്ന വാക്കിന്, സ്ഥലം, ഗൂഢാലോചന, കപടോപായം, ഉപജാപം, കഥാതന്തു തയാറാക്കുക എന്നൊക്കെയാണ് അർഥം. റിയൽ എസ്റ്റേറ്റുകാരൻ ഫ്രെഡ് ട്രംപിന്റെ മകൻ ഡോണൾഡ് ജോൺ ട്രംപിന് പണ്ടേക്കുപണ്ടേ ഇതിലെല്ലാം കമ്പമുണ്ട്. അസംബന്ധമെന്നു പലരും എഴുതിത്തള്ളുന്ന ഭ്രമകൽപനകളിൽ മുഴുകുകയും എന്നാൽ അതെല്ലാം യാഥാർഥ്യമാക്കാൻ
പ്ലോട്ട്(PLOT) എന്ന വാക്കിന്, സ്ഥലം, ഗൂഢാലോചന, കപടോപായം, ഉപജാപം, കഥാതന്തു തയാറാക്കുക എന്നൊക്കെയാണ് അർഥം. റിയൽ എസ്റ്റേറ്റുകാരൻ ഫ്രെഡ് ട്രംപിന്റെ മകൻ ഡോണൾഡ് ജോൺ ട്രംപിന് പണ്ടേക്കുപണ്ടേ ഇതിലെല്ലാം കമ്പമുണ്ട്. അസംബന്ധമെന്നു പലരും എഴുതിത്തള്ളുന്ന ഭ്രമകൽപനകളിൽ മുഴുകുകയും എന്നാൽ അതെല്ലാം യാഥാർഥ്യമാക്കാൻ
പ്ലോട്ട്(PLOT) എന്ന വാക്കിന്, സ്ഥലം, ഗൂഢാലോചന, കപടോപായം, ഉപജാപം, കഥാതന്തു തയാറാക്കുക എന്നൊക്കെയാണ് അർഥം. റിയൽ എസ്റ്റേറ്റുകാരൻ ഫ്രെഡ് ട്രംപിന്റെ മകൻ ഡോണൾഡ് ജോൺ ട്രംപിന് പണ്ടേക്കുപണ്ടേ ഇതിലെല്ലാം കമ്പമുണ്ട്. അസംബന്ധമെന്നു പലരും എഴുതിത്തള്ളുന്ന ഭ്രമകൽപനകളിൽ മുഴുകുകയും എന്നാൽ അതെല്ലാം യാഥാർഥ്യമാക്കാൻ ഏതറ്റത്തോളം പോകാൻ മടിക്കാതിരിക്കുകയും ചെയ്യുന്ന ട്രംപിനു യുഎസ് പ്രസിഡന്റാകാൻ യോഗ്യതയുണ്ടോ എന്നു ചോദിക്കാൻ പോലും ഒരുകാലത്ത് ആരും ധൈര്യപ്പെടുമായിരുന്നില്ല.
എന്നാൽ ട്രംപിനാകട്ടെ തന്റെ യോഗ്യതയെക്കുറിച്ചു സംശയലേശമേയില്ലായിരുന്നു. ഭൂമിക്കച്ചവടത്തിൽനിന്ന് ടെലിവിഷൻ താരമാകാൻ കെൽപുണ്ടെങ്കിൽ വൈറ്റ്ഹൗസിൽ താമസിക്കാനും പറ്റുമെന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം. വാർട്ടൻ സ്കൂൾ ഓഫ് ഫിനാൻസിലെ പഠനത്തെക്കുറിച്ച് ട്രംപ് ഒരിക്കൽ പറഞ്ഞത്, ആദ്യം അവർ എല്ലാ സിദ്ധാന്തങ്ങളും ആഴത്തിൽ പഠിപ്പിക്കും, പിന്നീട് അവ എങ്ങനെയാണ് തകർത്തെറിയേണ്ടതെന്നും പഠിപ്പിക്കുമെന്നാണ്. പൊതുസ്വീകാര്യതയുള്ള വിശ്വാസങ്ങളെയും സിദ്ധാന്തങ്ങളെയും കൂസാതിരിക്കുകയും തെറിച്ച വിത്തെന്ന ഇമേജ് നിലനിർത്തിപ്പോരാൻ ശ്രദ്ധിക്കുകയും ചെയ്യുന്ന ട്രംപിനെ ആവാർട്ടൻ രീതി പ്രചോദിപ്പിച്ചിട്ടുണ്ടാകണം.
വൈറ്റ്‌ഹൗസിലേക്കു മത്സരിക്കുന്നതിനും മുൻപേ ട്രംപ് തന്നെ ഒരു ബ്രാൻഡായി സങ്കൽപ്പിക്കുകയും അതിനെ വിപുലമാക്കാൻ ബോർഡ് ഗെയിമുകളും വോഡ്കയും കൊളോണും തൊട്ട് ഫർണിച്ചവർ വരെയുള്ള ട്രംപ് ഉൽപന്നങ്ങൾക്കു ലൈസൻസ് നേടുകയും ചെയ്തിരുന്നു. അഭിനേതാവെന്ന നിലയിൽ അഭിമാനിച്ചിരുന്നതിനാൽ മാത്രമല്ല, സിനിമകളിലും പരമ്പരകളിലുമെല്ലാം മിന്നിമറയുന്ന വേഷങ്ങൾ പോലും ചോദിച്ചുവാങ്ങിയത്. ട്രംപ് തന്റെ മുഖത്തെ യുഎസിനു പരിചയപ്പെടുത്തിയെടുക്കുകയായിരുന്നു.
പഠനശേഷം അച്ഛനൊപ്പം റിയൽ എസ്റ്റേറ്റ് വ്യാപാരത്തിൽ മുഴുകി. നിയമങ്ങൾ അനുസരിക്കാത്തതിന്റെ പേരിലുള്ള നൂലാമാലകളിൽ തുടക്കം മുതലേ സ്ഥാപനം കുരുങ്ങിയിരുന്നു. അതു പലപ്പോഴും കോടതിനടപടികളിലേക്കും നീണ്ടു. മാൻഹറ്റൻ, ന്യൂയോർക്ക്, ന്യൂജഴ്സി ഓരോ നഗരങ്ങളിലായി വേരുറപ്പിച്ച് ട്രംപ് പതുക്കെ സാമ്രാജ്യം പടർത്തി. ഹോട്ടലുകളും കാസിനോകളും തുടങ്ങുകയോ വാങ്ങിക്കൂട്ടുകയോ ചെയ്തു. ആദായത്തിനു കിട്ടിയാൽ എന്തും വാങ്ങുമായിരുന്നു. അങ്ങനെയൊരിക്കൽ വാങ്ങിയത്, ന്യൂജഴ്സി ജനറൽസ് ഫുട്ബോൾ ടീമിനെയാണ്.
പ്രസിഡന്റായ ശേഷവും വൈറ്റ്ഹൗസ് വിട്ടശേഷവും പുസ്തകമെഴുതുന്നതാണു യുഎസ് പ്രസിഡന്റുമാരുടെ പതിവെങ്കിൽ ട്രംപ് അതു തെറ്റിച്ചു. യുഎസ് പ്രസിഡന്റാകുന്നതിന് 29 വർഷം മുൻപ് ട്രംപ് ഒരു ബെസ്റ്റ് സെല്ലർ എഴുതി: ‘ട്രംപ്: ദി ആർട്ട് ഓഫ് ദ് ഡീൽ’. പുസ്തകം എഴുതി നാട്ടുകാരെ കച്ചവടകല പഠിപ്പിക്കാനിറങ്ങിയ അദ്ദേഹം തൊണ്ണൂറുകളിൽ വലിയ സാമ്പത്തികപ്രതിസന്ധിയിലേക്കു കൂപ്പുകുത്തി. പാപ്പരായി പ്രഖ്യാപിക്കാൻ ബാങ്കുകളോടു കെഞ്ചി. ട്രംപ് താജ് മഹലും ട്രംപ് പ്ലാസയുമെല്ലാം പാപ്പരത്ത ഹർജിയുമായി വരിനിന്നു.
റിഫോം പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ കിണഞ്ഞുശ്രമിച്ചെങ്കിലും ട്രംപിനെ നന്നായി അറിയുന്നവർ അതിനിട കൊടുത്തില്ല. പിന്നീട് ‘ദ് അപ്രന്റിസ്’ എന്ന റിയാലിറ്റി ഷോയിൽ പ്രത്യക്ഷപ്പെട്ടു. ഷാർക്ക് ടാങ്കിന്റെ ആദിമരൂപമെന്നു പറയാം. സംരംഭകർ തങ്ങളുടെ ആശയങ്ങളുമായി ട്രംപിന്റെ അംഗീകാരത്തിനു കാത്തുനിന്നു. ആളുകളെ റിയൽ എസ്റ്റേറ്റ് നിക്ഷേപം പഠിപ്പിക്കാൻ ‘ട്രംപ് സർവകലാശാല’ തുടങ്ങുന്നതുപോലുള്ള കണ്ണിൽ പൊടിയിടൽ പരിപാടികൾ കൊണ്ടുപിടിച്ചു നടന്നു. അപ്പോഴും ട്രംപിന്റെ പല സ്ഥാപനങ്ങളും നിൽക്കക്കള്ളിയില്ലാതെ പാപ്പരത്ത ഹർജി തയാറാക്കുന്നതിന്റെ തിരക്കിലായിരുന്നു.
2015 ജൂണിൽ ട്രംപ് യുഎസ് ജനതയെയും അദ്ദേഹത്തെയറിയുന്ന ലോകജനതയെയും സ്തബ്ധരാക്കിക്കളയുന്ന ഒരു പ്രഖ്യാപനം ട്രംപ് ടവറിൽ വച്ചു നടത്തി: ഞാൻ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ പോകുകയാണ്. ‘MAGA’ എന്ന മാന്ത്രികദണ്ഡു ചുഴറ്റിയാണ് ട്രംപ് ആളെപ്പിടിക്കാൻ കോപ്പുകൂട്ടിയത്. വി വിൽ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ എന്നതിന്റെ ചുരുക്കമായിരുന്നു അത്. കുടിയേറ്റത്തിനു കടിഞ്ഞാണിടുമെന്നും സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം പകരുമെന്നും പറഞ്ഞു.
മെക്സിക്കോയിൽനിന്നു കുറ്റവാളികളും ലഹരിയടിമകളും യുഎസിലേക്കു കുടിയേറുകയാണെന്നു തുറന്നടിച്ചു. റിയാലിറ്റി ഷോ ഉപേക്ഷിച്ച് റിയാലിറ്റി ശ്ശൊ! എന്നു വിമർശകരെക്കൊണ്ട് മൂക്കിൽ വിരൽ വയ്പിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളും പ്രചാരണവുമായി മുന്നോട്ടുപോയി. നിയമപരമായ രേഖകളില്ലാതെയുള്ള കുടിയേറ്റത്തെ അമർച്ച ചെയ്യാൻ മെക്സിക്കൻ അതിർത്തിയിൽ മനോഹരമായ വൻമതിൽ പണിയുമെന്നു വാഗ്ദാനം ചെയ്ത ട്രംപിന്, തന്റെ കെട്ടിടനിർമാണ പ്രോജക്ടുകളിൽ അനധികൃത കുടിയേറ്റക്കാർ പണിയെടുക്കുന്നില്ലെന്ന് ഉറപ്പു പറയാനായില്ല.
സ്ത്രീകളെക്കുറിച്ചു പറഞ്ഞ മോശം വാക്കുകളും പൂർവകാല ചെയ്തികളും ട്രംപിനെ പ്രചാരണഘട്ടത്തിൽ വേട്ടയാടി. നിർഭയരായ മാധ്യമങ്ങൾ തുറന്ന വിചാരണയ്ക്കു വിധേയനാക്കി. വാക്കുകൾകൊണ്ട് അവർ ട്രംപിനെ നന്നായി മൊരിച്ചെടുത്തു. ഫോക്സ് ന്യൂസിലെ മോഡറേറ്റർ മെഗിൻ കെല്ലി തന്നെ ഒറ്റതിരിഞ്ഞ് ആക്രമിച്ചെന്നും മെഗിന്റെ കണ്ണുകളിലൂടെ ചോര ചീറ്റുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. മുസ്‌ലിംകൾ യുഎസിൽ പ്രവേശിക്കുന്നതു പൂർണമായും നിർത്തിവയ്ക്കണമെന്നു പോലും പറഞ്ഞു.
റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മാറിയ ട്രംപ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു കൂട്ടാളിയായി തിരഞ്ഞെടുത്തത് മൈക്ക് പെൻസിനെയായിരുന്നു. ട്രംപിനെതിരെ ന്യൂയോർക്ക് ടൈംസും വാഷിങ്ടൻ പോസ്റ്റും അടക്കമുള്ള മുൻനിര പ്രസിദ്ധീകരണങ്ങൾ നിരന്തരം അന്വേഷണാത്മക സ്റ്റോറികൾ കൊണ്ടുവന്നു. നികുതിവെട്ടിപ്പിന്റേതടക്കമുള്ള തെളിവുകൾ വലിച്ചുവാരി പുറത്തിട്ടു. സ്ത്രീകളുടെ അനുവാദമില്ലാതെ അവരുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചതിനെക്കുറിച്ചു ട്രംപ് വീമ്പു പറയുന്ന വിഡിയോ ചോർന്നു വൈറലായി.
രണ്ടാമത്തെ പ്രസിഡൻഷ്യൽ സംവാദത്തിൽ, സ്ത്രീകളെ കടന്നുപിടിച്ചതിനെക്കുറിച്ചും ചുംബിച്ചതിനെക്കുറിച്ചും ചോദ്യങ്ങളുയർന്നു. ആരോപണങ്ങളെ അദ്ദേഹം പാടേ നിഷേധിച്ചു. ആ സംവാദം സംപ്രഷണം ചെയ്യപ്പെട്ടതോടെ, ട്രംപ് തങ്ങളോടു ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയുമായി 11 സ്ത്രീകൾ മുന്നോട്ടുവന്നു. ഇതെല്ലാം ട്രംപിനു തിരിച്ചടിയാകുമെന്ന് പൊതുവേ കരുതപ്പെട്ടെങ്കിലും മറിച്ചാണു സംഭവിച്ചത്. ഹിലരി ക്ലിന്റനെപ്പോലെ, മികച്ച പ്രവർത്തന പാരമ്പര്യവും നേതൃഗുണവും ഭരണപരിചയവുമുള്ള എതിരാളി ഡെമോക്രാറ്റ് പക്ഷത്തു മത്സരിച്ചിട്ടും യുഎസ് ട്രംപിനെയാണ് വൈറ്റ് ഹൗസിലേക്ക് തിരഞ്ഞെടുത്ത് അയച്ചത്.
സൈന്യത്തിലോ സർക്കാരിലോ എന്തെങ്കിലും പദവികളിൽ ഇരിക്കുകയോ ഏതെങ്കിലും സ്ഥാനത്തേക്കു തിരഞ്ഞെടുപ്പിലൂടെ എത്തുകയോ ചെയ്യാത്ത ട്രംപ് ലോകത്തെ ഏറ്റവും പ്രാധാന്യമേറിയ കസേരകളിലൊന്നിൽ അമർന്നിരുന്നു. വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും നിരന്തരം പ്രകോപനങ്ങളുയർത്തി. യുഎസ് ജനാധിപത്യം നൂറ്റാണ്ടുകളിലെടെ നേടിയെടുത്തതെല്ലാം തട്ടിത്തൂവുന്ന തരത്തിൽ ഭ്രമകൽപനകളിൽ അദ്ദേഹം മുഴുകി. ഇതിനിടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രചാരണത്തിൽ ട്രംപ് റഷ്യൻ സഹായം സ്വീകരിച്ചതായുള്ള വെളിപ്പെടുത്തലുകളുണ്ടായി.
നയതന്ത്രം തൊട്ടുതീണ്ടാത്ത നടപടികളിലൂടെ ലോകരാഷ്ട്രീയത്തിൽത്തന്നെ അലയൊലികളുണ്ടാക്കി. സുരക്ഷാ ഉപദേഷ്ടാവടക്കം ഒട്ടേറെപ്പേർ ട്രംപിനൊപ്പം പ്രവർത്തിക്കാനാകാതെ മനംമടുത്ത് ഇട്ടെറിഞ്ഞുപോയി. ട്രംപ് ക്യാംപെയ്ന്റെ റഷ്യാ ബന്ധത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നു വെളിപ്പെടുത്തിയ എഫ്ബിഐ ഡയറക്ടർ ജയിംസ് കോമെയെ സ്ഥാനത്തുനിന്നു തെറിപ്പിച്ചു. രാജ്യാന്തര ഉടമ്പടികളിൽനിന്നു പിൻമാറിയും യാത്രാവിലക്കുകൾ ഏർപ്പെടുത്തിയും അനവസരത്തിൽ പ്രസ്താവനകൾ നടത്തിയും നിരന്തരം തലക്കെട്ടുകൾ സൃഷ്ടിച്ചു.
സംഭവ‘ബഹള’മായിരുന്നു ട്രംപ് ഭരണകാലം. ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കുകയും യുഎസ് എംബസി അവിടേക്കു മാറ്റാൻ നടപടിയെടുക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. പോൺ താരം സ്റ്റോമി ഡാനിയേൽസുമായി ട്രംപിനു ബന്ധമുണ്ടായിരുന്നെനന്നും ഇക്കാര്യം മറച്ചുവയ്ക്കുന്നതിനായി പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ആഴ്ചകൾക്കുമുൻപ് പണം കൈമാറിയതായും വാൾ സ്ട്രീറ്റ് ജേണൽ വെളിപ്പെടുത്തി. മിക്കവാറും ട്രാൻസ്ജെൻഡറുകളെ സൈനികസേവനത്തിൽനിന്നു വിലക്കുന്ന നയം സ്വീകരിക്കുന്നതായി വൈറ്റ്‌ഹൗസ് വെളിപ്പെടുത്തിയതും എതിർപ്പുയർത്തി.
ഇറാനുമായുള്ള ആണവകരാറിൽനിന്നു പിൻമാറി. വാഷിങ്ടൻ പോസ്റ്റിലെ പത്രപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ടു സൗദി അറേബ്യയെ പിന്തുണച്ചു പ്രസ്താവനയിറക്കിയതും രൂക്ഷമായി വിമർശിക്കപ്പെട്ടു. 2019ൽ ഉത്തരകൊറിയയിൽ പ്രവേശിച്ചു കിംജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയതും വ്യോമാക്രമണത്തിലൂടെ കാസിം സുലെയ്മാനിയെ കൊലപ്പെടുത്തിയതും വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടു.
രണ്ടാംവട്ടവും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച ട്രംപ് ജോ ബൈഡനോടു പരാജയപ്പെട്ടെങ്കിലും അത് അംഗീകരിക്കാനും അധികാരം കൈമാറാനും വൈമുഖ്യം പ്രകടിപ്പിച്ചു. ട്രംപ് അനുകൂലികൾ യുഎസ് ക്യാപിറ്റോൾ ആക്രമിക്കുകയും ചെയ്തു. പ്രസിഡന്റ് സ്ഥാനത്തുനിന്നൊഴിയുമ്പോൾ രഹസ്യരേഖകളടക്കം പുതിയ പ്രസിഡന്റ്ിനു കൈമാറാത്തതിന്റെ പേരിൽ ട്രംപിന്റെ റിസോർട്ടിൽ തിരച്ചിൽ നടന്നു. രണ്ടുവട്ടം ഇംപീച്ച് ചെയ്യപ്പെടുകയെന്ന നാണക്കേടായിരുന്നു ട്രംപ് ഭരണത്തിന്റെ പ്രധാന ബാക്കിപത്രം.
രണ്ടുവർഷത്തിനു ശേഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക് സ്ഥാനാർഥിയാകാൻ 2022ൽ ആഗ്രഹമറിയിച്ച ട്രംപ് അതിനായി കരുക്കൾ നീക്കി. അമേരിക്കൻ പ്രസിഡന്റായിരുന്നൊരാൾക്കു മേൽ ക്രിമിനൽ കുറ്റങ്ങൾ ചാർത്തപ്പെടുകയെന്ന അപഖ്യാതിയും ട്രംപിനുണ്ടായി. കോളമിസ്റ്റായ ജീൻ കാരളിനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് മാൻഹറ്റനിലെ ഫെഡറൽ കോടതി വിധിക്കികയും നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്തു. കാരളിനെതിരെ നൽകിയ മാനനഷ്ടക്കേസ് തള്ളപ്പെടുകയും ചെയ്തു. വ്യാപാര രേഖകളിൽ കൃത്രിമത്വം നടത്തിയതിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയതും ക്ഷീണമായി.
2024 ജൂലൈ 13നു പെൻസിൽവേനിയയിലെ ബട്‌ലറിൽ നടന്ന റാലിക്കിടെ വെടിയേറ്റതോടെ ട്രംപിന് അനുകൂലമായി സഹതാപ തരംഗമുണ്ടായി. സെപ്റ്റംബർ 15ന് ട്രംപ് ഗോൾഫ് കളിക്കുന്നതിനിടെ സമീപത്തുനിന്ന് ഒരാളെ തോക്കുമായി പിടികൂടുകയും ചെയ്തു. പ്രവചനങ്ങളും കണക്കുകൂട്ടലുകളും മാറിമറിഞ്ഞ പ്രചാരണത്തിനൊടുവിൽ ഡെമോക്രാറ്റ് പക്ഷത്തെ കമലാ ഹാരിസിനെ പരാജയപ്പെടുത്തി ട്രംപ് ഒരിടവേളയ്ക്കു ശേഷം വൈറ്റ്‌ഹൗസിലേക്കു പ്രവേശിക്കുമ്പോൾ, അപ്രവചനീയതയുടെ ഈ ആൾരൂപത്തെ എങ്ങനെ മെരുക്കിയെടുക്കുമെന്നോർത്തു തലപുകയ്ക്കാൻ തുടങ്ങിയിട്ടുണ്ടാകണം, ലോകമെമ്പാടുമുള്ള നയതന്ത്രധിഷണകൾ.
‘ദ് പ്ലോട്ട് എഗെയ്ൻസ്റ്റ് അമേരിക്ക’ എന്ന നോവലിൽ ഫിലിപ് റോത്ത് എഴുതി: ‘തങ്ങൾ തിരഞ്ഞെടുത്ത പ്രസിഡന്റ് ചെയ്തുകൊണ്ടിരിക്കുന്ന വിശ്വാസവഞ്ചന അമേരിക്കൻ ജനതയ്ക്ക് എത്രനാൾ കണ്ടുനിൽക്കാനാവും? തങ്ങളുടെ പ്രിയപ്പെട്ട ഭരണഘടന കീറിയെറിയപ്പെടുമ്പോൾ അമേരിക്കക്കാർക്ക് എത്രകാലം ഉറക്കം തുടരാനാകും?’. ട്രംപ് പഴയ ട്രംപാകില്ലെന്നതിന് ദൃഷ്ടാന്തങ്ങളില്ല; നേരെ തിരിച്ചുണ്ടു താനും. ഒരു ചോദ്യം മാത്രം ബാക്കിയാകുന്നു: യുഎസ് ശരിക്കും ഉറങ്ങുകയായിരുന്നോ അതോ ഉറക്കം നടിക്കുകയായിരുന്നോ?. അമേരിക്കൻ ജനത ഉണരുന്നത് പേടിപ്പിക്കുന്ന ദുഃസ്വപ്നത്തിലേക്കാകുമെന്നും അല്ലെന്നും ട്രംപ് അനുകൂലികളും എതിരാളികളും ഒരുപോലെ വാദിക്കുന്നു. ഏതു ‘പ്ലോട്ട്’ ആകും ഇത്തവണ ട്രംപ് യുഎസിനും ലോകത്തിനാകെയും കരുതിവച്ചിട്ടുണ്ടാകുക?