മകന്‍റെ വിവാഹത്തിന് എത്തിയ അതിഥികൾക്ക് നെപ്പോളിയന്റെ സ്നേഹ സമ്മാനം; ജപ്പാനിൽ കല്യാണം നടത്തിയതിന് പിന്നിലെ കാരണം
മകന്റെ വിവാഹത്തിന് എത്തിയ അതിഥികൾക്ക് നടൻ നെപ്പോളിയന്‍റെ സ്നേഹ സമ്മാനം.
മകന്‍റെ വിവാഹത്തിന് എത്തിയ അതിഥികൾക്ക് നടൻ നെപ്പോളിയന്‍റെ സ്നേഹ സമ്മാനം.
മകന്‍റെ വിവാഹത്തിന് എത്തിയ അതിഥികൾക്ക് നടൻ നെപ്പോളിയന്‍റെ സ്നേഹ സമ്മാനം.
ടെനിസി/കോട്ടയം∙ മകന്‍റെ വിവാഹത്തിന് എത്തിയ അതിഥികൾക്ക് നടൻ നെപ്പോളിയന്‍റെ സ്നേഹ സമ്മാനം. ജപ്പാനിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാനായി ഇന്ത്യയിൽ നിന്നും അമേരിക്കയിൽ നിന്നും എത്തിയ അതിഥികൾക്ക് ജപ്പാൻ യാത്രയാണ് നടൻ സ്നേഹസമ്മാനമായി ക്രമീകരിച്ചത്. ടോക്കിയോ, ഹിരോഷിമ, ക്യോട്ടോ നഗരങ്ങളിലൂടെ മൂന്നു ദിവസം നീണ്ടു നിന്ന യാത്ര മികച്ച അനുഭവമായിരുന്നുവെന്ന് നെപ്പോളിയന്‍റെ സുഹൃത്തും ചങ്ങാനാശേരി തുരുത്തി സ്വദേശിയുമായ സാം ആന്‍റോ മനോരമ ഓൺലൈനിനോട് പറഞ്ഞു.
നഗരങ്ങൾ വൃത്തിയായി സംരക്ഷിച്ചിരിക്കുന്നതും ജപ്പാനീസ് സംസ്കാരവുമെല്ലാം ആകർഷണീയമാണ്. 1945ൽ ഓഗസ്റ്റ് ആറിന് നഗരത്തെ വെണ്ണീറാക്കിക്കൊണ്ട് ലിറ്റിൽ ബോയ് എന്ന അണുബോംബ് വീണ ഹിരോഷിമ നഗരത്തിലൂടെയുള്ള യാത്ര വൈകാരിക അനുഭവമായിരുന്നു. ഇന്നും ആ ദുരന്ത സ്മരണങ്ങളെ സഞ്ചാരികളുടെ മനസ്സിൽ ഉണർത്തുന്നുണ്ട് നഗരം.
നെപ്പോളിയനുമായുള്ള സൗഹൃദം തുടങ്ങിയിട്ട് 12 വർഷമായിരിക്കുന്നു. കേരള അസോസിയേഷൻ ഭാരവാഹിയായിരുന്ന കാലത്ത് ഓണാഘോഷത്തിനാണ് നെപ്പോളിയനെ ക്ഷണിക്കുന്നത്. അവിടെ നിന്ന് തുടങ്ങിയ ബന്ധം ഇന്ന് വലിയ സൗഹൃദമായി മാറിയിരിക്കുകയാണ്.
ഏഴ് മാസം നീണ്ടു നിൽക്കുന്ന ലോക സഞ്ചാരത്തിന് നെപ്പോളിയനും കുടുംബവും ഷിക്കോഗയിൽ നിന്ന് കപ്പൽ മാർഗം യാത്ര പുറപ്പെട്ടിരുന്നു. നെപ്പോളിയന്‍റെ മകൻ ധനൂഷിന് ഈ യാത്രാമധ്യേയാണ് വിവാഹം ഒത്തുവന്നത്. മകന്‍റെ വിവാഹം ഇന്ത്യയിലും അമേരിക്കയിലും നടത്തുന്നതിനുള്ള സാധ്യതകൾ നെപ്പോളിയൻ തേടി. മസ്കുലാർ ഡിസ്ട്രോഫി ബാധിതനായ മകന് വിമാന യാത്ര പ്രയാസമായതിനാൽ കപ്പൽ മാർഗം എത്തിച്ചേരുന്നതിനാണ് ശ്രമിച്ചത്. പക്ഷേ ഇത് നിശ്ചയിച്ച സമയത്ത് വിവാഹം നടത്തുന്നതിന് തടസ്സമാകുമെന്ന് മനസ്സിലായതോടെ ഡെസ്റ്റിനേഷൻ വെഡ്ഡിങ് എന്ന രീതിയിൽ ജപ്പാനിലെ ടോക്കിയോയിൽ നടത്തുകയായിരുന്നു.
ഇന്ത്യയിൽ നിന്നും അമേരിക്കയിൽ നിന്നും നൂറു പേർ വീതവും ജപ്പാനിൽ നിന്ന് 50 പേരുമാണ് വിവാഹത്തിൽ സംബന്ധിച്ചത്. ഈ വിവാഹവും ജപ്പാനിലെ യാത്രയും അവിസ്മരണീയമായ അനുഭവമായിരുന്നു. ഇനിയും ജപ്പാനിൽ പോകാൻ ആഗ്രഹിക്കുന്നതായി അമേരിക്കയിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന സാം ആന്‍റോ വ്യക്തമായി. സാം ആന്‍റോയും ഭാര്യയും സഹോദരൻ ഫാ. ടോം പുത്തൻകുളവും നെപ്പോളിയന്‍റെ മകന്‍റെ വിവാഹത്തിൽ സംബന്ധിച്ചു. ഇവർക്ക് പുറമെ മലയാളിയായ ജപ്പാനിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജും കാർത്തി, ശരത്കുമാർ, മീന, ഖുശ്ബു, സുഹാസിനി തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
നടൻ നെപ്പോളിയന്റെ മകൻ ധനൂഷും അക്ഷയുമായുള്ള വിവാഹം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വികാരഭരിതനായിട്ടാണ് മകന്റെ വിവാഹചടങ്ങിൽ നെപ്പോളിയൻ പങ്കെടുത്തത്. ഹൽദി, മെഹന്ദി, സംഗീത് തുടങ്ങി വലിയ ആഘോഷ പരിപാടികൾ വിവാഹത്തോടനുബന്ധിച്ച് ക്രമീകരിച്ചിരുന്നു.