എക്കാലവും ഓർമിക്കാൻ ഒരു താങ്ക്സ് ഗിവിങ്; വർഷങ്ങൾക്ക് ശേഷം യഥാർഥ പിതാവിനെ കണ്ടെത്തി മകൾ
Mail This Article
കാറ്റി, ടെക്സസ് ∙ ജൂലി കരോണിന്റെ ഈ വർഷത്തെ താങ്ക്സ് ഗിവിങ്ങിന് ഇരട്ടിമധുരമാണ്. വലിയ കാത്തിരിപ്പിനൊടുവിൽ യഥാർഥ പിതാവിനെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണെന്നത് ജൂലിയുടെ ഈ വർഷത്തെ താങ്ക്സ് ഗിവിങ് എക്കാലത്തെയും അവിസ്മരണീയമായ ആഘോഷമായി മാറി.
നീണ്ട അന്വേഷണങ്ങൾക്ക് ശേഷം താങ്ക്സ് ഗിവിങ് ദിനത്തിന് ഒരു ദിനം മുൻപുള്ള ജൂലിയുടെയും യഥാർഥ പിതാവിന്റെയും (ബയോളജിക്കൽ) കൂടിച്ചേരൽ കണ്ണീരിൽ കുതിർന്ന സമാഗമമായി മാറി.
സുഹൃത്ത് അലൻ പിറ്റേഴ്സണിന്റെ സഹായത്തോടെയാണ് ജൂലിക്ക് പിതാവിനെ കണ്ടെത്താൻ കഴിഞ്ഞത്. മൂന്നാഴ്ചയെടുത്തു പിതാവിനെ കണ്ടെത്താൻ എന്നത് അത്ഭുതമാണ്. പറഞ്ഞറിയിക്കാൻ പോലും കഴിയാത്ത നിമിഷമായിരുന്നു അതെന്നും ജൂലി പങ്കുവെച്ചു. 6 വയസുള്ളപ്പോഴാണ് ദത്തെടുക്കപ്പെട്ടത്. ഈ ജീവിതകാലം പിതാവിനെ കണ്ടുമുട്ടാൻ കഴിയുമെന്ന് കരുതിയിരുന്നില്ലെന്നും ജൂലി പറയുന്നു.
ജൂലിയുടെ ദൃഢനിശ്ചയത്തിന്റെയും പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും ഫലമായിരുന്നു പിതാവിനെ കണ്ടെത്താൻ കഴിഞ്ഞത്. പിതാവ് ആരാണെന്നറിയാതെയാണ് ജൂലി വളർന്നത്. അമ്മ കൊറിയയിൽ ആയിരുന്നതിനാൽ കണ്ടെത്തുക പ്രയാസമാണെന്ന് മനസ്സിലാക്കിയതോടെയാണ് ജന്മം നൽകിയ പിതാവിനെ അന്വേഷിക്കാൻ തീരുമാനിച്ചത്. വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും ഒടുവിൽ ഡിഎൻഎ പരിശോധനയിലൂടെ പിതാവിനെ തിരിച്ചറിയുകയായിരുന്നു. പിതാവിനെ കണ്ടെത്തിയതിലൂടെ ജൂലിക്ക് പുതിയ ഒരു കുടുംബത്തെക്കൂടിയാണ് ലഭിച്ചത് എന്നതിനാൽ സന്തോഷം ഇരട്ടിയാണ്.