ഇന്റർനാഷനൽ എമ്മി അവാർഡ്സിൽ ചരിത്രം സൃഷ്ടിച്ചു സ്റ്റാൻഡ്–അപ് താരവും നടനുമായ വീർദാസ്
Mail This Article
ന്യൂയോർക്ക് ∙ ഇന്റർനാഷനൽ എമ്മി പുരസ്കാര വേദിയിലെ ആദ്യത്തെ ഇന്ത്യൻ അവതാരകനെന്ന പുതിയ ചരിത്രം സൃഷ്ടിച്ച് നടനും സ്റ്റാൻഡ്–അപ് ഹാസ്യതാരവുമായ വീർദാസ്. ന്യൂയോർക്ക് ഹിൽട്ടൺ മിഡ്‌ടൗണിൽ നടന്ന 52-ാമത് ഇന്റർനാഷണൽ എമ്മി പുരസ്കാര വേദിയിലാണ് ചടങ്ങിന്റെ അവതാരകനായി വീർദാസ് എത്തിയത്.
സ്റ്റാൻഡ്-അപ്പ് സ്‌പെഷൽ ലാൻഡിങ്ങിനായി 2023-ൽ ഇന്റർനാഷനൽ എമ്മി നേടിയ ദാസ്, തന്റെ സവിശേഷമായ നർമവും വ്യക്തിപ്രഭാവവും വേദിയിലും പ്രകടമാക്കി. സ്വതസിദ്ധമായ ശൈലിയിൽ സദസിനെ കയ്യിലെടുത്തുകൊണ്ടുള്ള മനോഹരമായ അവതരണത്തിലൂടെ വീർ ദാസിന്റെ ആതിഥേയ ചുമതലകൾ രാജ്യാന്തര വേദിയിലെ ഇന്ത്യൻ സാന്നിധ്യത്തിന്റെ മികച്ച അടയാളപ്പെടുത്തലായി മാറി. സദസിനെ ചിരിപ്പിച്ച് വലിയ കയ്യടി നേടിയാണ് അവതരണത്തിന് തുടക്കമിട്ടതും.
ഇന്റർനാഷനൽ അക്കാദമി ഓഫ് ടെലിവിഷൻ ആർട്‌സ് ആൻഡ് സയൻസസ് സംഘടിപ്പിച്ച ചടങ്ങിൽ അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, ഫ്രാൻസ്, ഇന്ത്യ, യുകെ എന്നിവയുൾപ്പെടെ 21 രാജ്യങ്ങളിൽ നിന്നുള്ള 56-ലധികം നോമിനികളാണ് പങ്കെടുത്തത്. പുരസ്കാര വേദിയിൽ നിൽക്കാൻ കഴിഞ്ഞതും ആഗോള തലത്തിൽ നിന്നുള്ള കഥകൾ ആഘോഷിക്കാൻ കഴിഞ്ഞതും വലിയ ഭാഗ്യമായി കരുതുന്നുവെന്നാണ് വീർദാസ് പിന്നീട് പ്രതികരിച്ചത്. സാർവലൗകിക ഭാഷയാണ് ഹാസ്യമെന്നും സവിശേഷമായ പുരസ്കാര വേദിയിലേക്ക് ഇന്ത്യയെ എത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും വീർദാസ് കൂട്ടിച്ചേർത്തു.
കുറിക്കു കൊള്ളുന്നതും കൃത്യമായ സാമൂഹിക അവബോധത്തിലുമുള്ള ഹാസ്യങ്ങളുമാണ് വീർദാസിനെ പ്രശസ്തനാക്കിയത്. ഇന്ത്യൻ ഹാസ്യത്തെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സാംസ്കാരിക അംബാസഡർ ആയി വീർദാസ് മാറി കഴിഞ്ഞു.