ADVERTISEMENT

അന്ന പോളിന ലൂണ ഇപ്പോൾ യുഎസ് രാഷ്ട്രീയത്തിലെ വിവാദനായികയാണ്. ഈ വർഷം ആദ്യം ട്രംപിന്റെ ക്യാംപെയ്ൻ വാചകമായ ‘മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്നെഴുതിയ സ്വിംസ്യൂട്ട് ധരിച്ച് നടത്തിയ ഫോട്ടോഷൂട്ടാണ് അന്ന പോളിനയ്ക്ക് രാജ്യാന്തര പ്രസിദ്ധി നേടിക്കൊടുത്തത്. റിപ്പബ്ലിക്കൻ പാർട്ടിക്കാരിയായ അന്ന യുഎസ് പ്രതിനിധിസഭയിലെ അംഗവുമാണ്. ഫ്ലോറിഡയുടെ പതിമൂന്നാം കോൺഗ്രഷനൽ ഡിസ്ട്രിക്ടിൽ നിന്നുള്ള പ്രതിനിധിയാണ് അന്ന.

എന്നാൽ ഇപ്പോൾ അന്ന എയറിലായിരിക്കുന്നത് ഒരു ക്രിസ്മസ് ആശംസയുടെ പേരിലാണ്. ഇത്തവണത്തെ യുഎസ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയെ വോട്ടുചെയ്തു വിജയിപ്പിച്ച മേഖലകൾക്ക് മാത്രം ഹാപ്പി ക്രിസ്മസ് പങ്കുവച്ചും  ഡമോക്രാറ്റിക് പാർട്ടിക്ക് വോട്ടു ചെയ്ത മേഖലകൾക്ക് ഹാപ്പി ഹോളീഡേയ്സ് എന്നു മാത്രം പറഞ്ഞുമാണ് അന്നയുടെ ആശംസ. ചുവപ്പിലും നീലയിലുമുള്ള രണ്ടു ഭൂപടങ്ങളും അന്ന കഴിഞ്ഞദിവസം പോസ്റ്റിനൊപ്പമിട്ടു.

യുഎസ് പ്രതിനിധി സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ മെക്സിക്കൻ–അമേരിക്കൻ വംശജയാണ് അന്ന. കലിഫോർണയിയിലെ സാന്റ അനയിൽ ജനിച്ച ഇവർ 2017ൽ വെസ്റ്റ് ഫ്ലോറിഡ സർവകലാശാലയിൽനിന്നു ജീവശാസ്ത്രത്തിൽ ബിരുദം നേടി. 2020ൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2022ൽ ഡോണൾഡ് ട്രംപിന്റെ പിന്തുണയോടെ മത്സരിച്ചു സഭയിലെത്തി.

യുഎസ് കോൺഗ്രസിലെ തീവ്ര വലതുപക്ഷ റിപ്പബ്ലിക്കൻ അംഗങ്ങളുടെ കൂട്ടായ്മയായ ഫ്രീഡം കോക്കസിലെ അംഗവുമാണ് അന്ന. രാഷ്ട്രീയത്തിലേക്ക് ഇറങ്ങും മുൻപ് യുഎസ് വ്യോമസേനയിൽ എയർഫീൽഡ് മാനേജ്മെന്റ് അസിസ്റ്റന്റായി അന്ന ജോലി ചെയ്തിരുന്നു. 2009 മുതൽ 2014 വരെയായിരുന്നു ഈ കാലം. എയർഫോഴ്സ് അച്ചീവ്മെന്റ് മെഡലും ഇവർ നേടി.

എയർഫോഴ്സിൽ ജോലി ചെയ്യുന്ന സമയത്ത് തന്നെ മോഡലിങ്ങിലും അന്ന സജീവമായി. സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് പോർട്ടലിലൊക്കെ മോഡലിങ് ചെയ്തു.മാക്സിം മാസികയുടെ സ്വിംസ്യൂട്ട് മോഡലുമായി. നേരത്തെ തന്നെ പല വിവാദങ്ങളും അന്ന ഉണ്ടാക്കിയിട്ടുണ്ട്. 2018ൽ ഒരു മാധ്യമ ഷോയിൽ ഹിലറി ക്ലിന്റനെ ‘ഹെർപസ് രോഗമെന്ന്’ അന്ന വിശേഷിപ്പിച്ചത് ഷോ അന്നേരത്തേക്ക് നിർത്തിവയ്ക്കുന്നതിനു കാരണമായി. ഷോയുടെ അവതാരകർ പിന്നീട് പൊതുജനങ്ങളോട് മാപ്പും പറഞ്ഞു. ഗർഭഛിദ്രനിരോധന നിയമത്തെയും യുക്രെയ്നു കൊടുക്കുന്ന സഹായം മരവിപ്പിക്കുന്നതിനെയും അന്ന അനുകൂലിക്കുന്നുണ്ട്. 

ഓഗസ്റ്റിൽ മാഗ ക്യാംപെയ്ന്റെ എഴുത്തുകളുള്ള ബിക്കിനി അണിഞ്ഞ് അന്ന ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടതോടെ വലിയ വിമർശനമുയർന്നു. ഡമോക്രാറ്റുകളാണ് കൂടുതലും വിമർശനം നടത്തിയത്. ഇതിനെതിരെ അന്നയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ധാരാളം റിപ്പബ്ലിക്കൻ വനിതാ അംഗങ്ങൾ ബിക്കിനി അണിഞ്ഞ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

English Summary:

Anna Paulina Luna is now a controversial figure in US politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com