സമൂഹമാധ്യമത്തിലൂടെ മയക്കുമരുന്ന് കച്ചവടം; സർവകലാശാല മുൻ വിദ്യാർഥി ഉൾപ്പെടെ 7 പേർ അറസ്റ്റിൽ
Mail This Article
ന്യൂ ബ്രൺസ്‌വിക്ക്(ന്യൂജഴ്‌സി) ∙ സമൂഹമാധ്യമത്തിൽ സ്വകാര്യ നെറ്റ് വർക്ക് ഉണ്ടാക്കി വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിൽപന നടത്തിയ കേസിൽ റട്ഗേർസ് സർവകലാശാല പൂർവ വിദ്യാർഥി ഉൾപ്പെടെ 7 പേർ അറസ്റ്റിൽ.
റട്ഗേർസ് സർവകലാശാല മുൻ വിദ്യാർഥി അനുദീപ് രെവൂരി (23) ഉൾപ്പെടെയാണ് 7 പേർ അറസ്റ്റിലായത്. ജോഷ്വ ഡഫി (20), സക്കറി പീറ്റേഴ്സൺ (22), കാതറിൻ ടിയേർണി (23), ഡേവിഡ് നുഡൽമാൻ (20), ഡോനോവിൻ വില്യംസ് (22) എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികൾ. അനുദീപ് ആണ് സ്വകാര്യ സമൂഹമാധ്യമ നെറ്റ് വർക്കിലൂടെയുള്ള മയക്കുമരുന്ന് വിൽപനയ്ക്ക് ചുക്കാൻ പിടിക്കുന്നത്. റട്ഗേർസ് കമ്യൂണിറ്റിയിലെ വിദ്യാർഥികൾക്ക് വേണ്ടി പ്രത്യേക ചാറ്റ് റൂമും ഇവർ ഉണ്ടാക്കിയിരുന്നു. നെറ്റ് വർക്കിൽ പ്രവേശിക്കുന്ന വിദ്യാർഥികൾക്ക് ഇഷ്ടമുള്ള മയക്കുമരുന്ന് തിരഞ്ഞെടുത്ത് വാങ്ങാനുള്ള മെനു ഓപ്ഷൻ സൗകര്യത്തോടെയാണ് ഇവർ നെറ്റ് വർക്ക് ഉണ്ടാക്കിയിരിക്കുന്നത്.
മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഇവരെ പൊലീസ് പിടികൂടിയത്. വലിയ അളവിൽ കഞ്ചാവ്, എൽഎസ്ഡി, കൊക്കെയ്ൻ, സൈലോസിബിൻ കൂൺ, അഡെറാൾ, സനാക്സ് എന്നിവയ്ക്ക് പുറമെ യുഎസ് കറൻസിയും തോക്കും പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കച്ചവടം, കള്ളപ്പണം വെളുപ്പിക്കൽ, കൈവശം വയ്ക്കൽ, നിയന്ത്രിത അപകടകരമായ വസ്തുക്കളുടെ വിതരണം എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.