മകനു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി അമ്മ; അമേരിക്കൻ മണ്ണിലിരുന്ന് ജീവിതത്തിലെ സന്തോഷകരമായ നിമിഷം ആസ്വദിച്ച് സംഗീത സംവിധായകൻ
തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സൗത്ത് ഇന്ത്യൻ സിനിമ–ടെലിവിഷൻ അക്കാദമിയുടെ അവാർഡ് ദാന ചടങ്ങ് നടക്കുന്നു. 2024 ലെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം മകനു വേണ്ടി അമ്മ വിജയലക്ഷ്മി ഏറ്റുവാങ്ങുന്നു.
തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സൗത്ത് ഇന്ത്യൻ സിനിമ–ടെലിവിഷൻ അക്കാദമിയുടെ അവാർഡ് ദാന ചടങ്ങ് നടക്കുന്നു. 2024 ലെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം മകനു വേണ്ടി അമ്മ വിജയലക്ഷ്മി ഏറ്റുവാങ്ങുന്നു.
തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സൗത്ത് ഇന്ത്യൻ സിനിമ–ടെലിവിഷൻ അക്കാദമിയുടെ അവാർഡ് ദാന ചടങ്ങ് നടക്കുന്നു. 2024 ലെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം മകനു വേണ്ടി അമ്മ വിജയലക്ഷ്മി ഏറ്റുവാങ്ങുന്നു.
അയോവ ∙ തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സൗത്ത് ഇന്ത്യൻ സിനിമ–ടെലിവിഷൻ അക്കാദമിയുടെ അവാർഡ് ദാന ചടങ്ങ് നടക്കുന്നു. 2024 ലെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം മകനു വേണ്ടി അമ്മ വിജയലക്ഷ്മി ഏറ്റുവാങ്ങുന്നു. തനിക്കു വേണ്ടി അമ്മ പുരസ്കാരം ഏറ്റുവാങ്ങുന്നത് അങ്ങകലെ അമേരിക്കൻ മണ്ണിലിരുന്ന് കാണുന്ന മകന്റെ മനസിൽ കുട്ടിക്കാലത്ത് അമ്മയോട് വെറുതെ പറഞ്ഞ വാക്ക് പാലിക്കാൻ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു–ആർ.രഘുപതി പൈ എന്ന സംഗീത സംവിധായകന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നു അത്.
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ മത്സരത്തിന് ലഭിച്ച ചെറിയ സമ്മാനവുമായി വീട്ടിലെത്തിയപ്പോൾ അമ്മ തമാശയായി പറഞ്ഞതാണ് ''നിന്റെ സമ്മാനം ഞാൻ വന്നു വാങ്ങുമായിരുന്നല്ലോ'' എന്ന്. ''ഞാൻ വലിയ സംഗീത സംവിധായകൻ ഒക്കെ ആകട്ടെ, അപ്പോ എനിക്കു കിട്ടുന്ന അവാർഡ് അമ്മ വാങ്ങിച്ചോളൂ'' എന്ന് കുഞ്ഞുമനസിൽ തോന്നിയ മറുപടി വർഷങ്ങൾക്കിപ്പുറം യാഥാർഥ്യമാക്കാൻ കഴിഞ്ഞതിന്റെ ആനന്ദത്തിലാണ് സംഗീത രചയിതാവും സംവിധായകനും സംഗീത അധ്യാപകനും പ്രവാസിയുമായ തിരുവനന്തപുരം മണക്കാട് സ്വദേശി ആർ.രഘുപതി പൈ.
∙ പുരസ്കാരം 3 സംഗീത ആൽബങ്ങൾക്ക്
ഒന്നും രണ്ടുമല്ല 3 മനോഹരമായ സംഗീത ആൽബങ്ങൾക്കാണ് മികച്ച സംഗീത സംവിധായകനുള്ള സൗത്ത് ഇന്ത്യൻ സിനിമ–ടെലിവിഷൻ അക്കാദമി പുരസ്കാരം ലഭിച്ചത്. 2021 ൽ പുറത്തിറക്കിയ 1985–1990 കളിലെ സ്കൂൾ പഠന കാലത്തിന്റെ ഗൃഹാതുരത്വം ഉണർത്തുന്ന ചോറ്റുപാത്രം, 2024 ൽ റിലീസ് ചെയ്ത അക്ഷരങ്ങളെ അമ്മയെ പോലെ സ്നേഹിക്കണമെന്ന് ഓർമ്മപ്പെടുത്തികൊണ്ട് മലയാള അക്ഷരങ്ങളെക്കുറിച്ചുള്ള വാക്കമ്മ, 2023 ൽ പുറത്തിറക്കിയ നഷ്ടപ്പെട്ടത് തിരിച്ചു കിട്ടുമ്പോഴുള്ള സന്തോഷത്തിന്റെ ആഴമറിയിക്കുന്ന അകനിലാവ് എന്നിങ്ങനെ 3 സംഗീത ആൽബങ്ങൾക്കാണ് രഘുപതി പൈയ്ക്ക് അവാർഡ് ലഭിച്ചത്.
∙ ഭക്തി മുതൽ പ്രണയ ഗാനങ്ങൾ വരെ
കുട്ടിക്കാലം മുതൽക്കേ സംഗീതത്തോടുള്ള ഇഷ്ടമാണ് സംഗീത അധ്യാപകനിലേക്കും രചയിതാവിലേക്കും സംവിധാനത്തിലേയ്ക്കും എത്താൻ കാരണം. യുഎസിലെ വൗക്കി ഹൈ സ്കൂളിലെ സംഗീത അധ്യാപകനായ രഘുപതി പൈയുടെ 150 തിലധികം സംഗീത ആൽബങ്ങളാണ് മലയാളം, ഇംഗ്ലിഷ്, തമിഴ്, ഹിന്ദി, സംസ്കൃതം, കന്നഡ എന്നിങ്ങനെ വിവിധ ഭാഷകളിലായി കഴിഞ്ഞ 14 വർഷത്തിനിടെ പുറത്തിറങ്ങിയത്. ഭക്തിയും പ്രണയവും വിരഹവും സന്തോഷവും സന്താപവും ഗൃഹാതുരത്വവും ഓർമകളുമെല്ലാം ഇതിവൃത്തമായിട്ടുള്ളതാണ് ഓരോന്നും.
ആൽബങ്ങൾക്കു വേണ്ടി മാത്രമല്ല സിനിമയ്ക്കു വേണ്ടിയും വരികളെഴുതി സംവിധാനം ചെയ്തു. സുഹൃത്തായ ടോണി സുകുമാർ സംവിധാനം ചെയ്ത ബൊണാമിയിലും സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രഘുപതി പൈ ആണ്. 2021 ൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ ചിത്രമാണ് ബൊണാമി. പ്രശസ്ത ഗായകരായ ഹരിഹരൻ, കെ.എസ് ചിത്ര എന്നിവർക്കൊപ്പം മറ്റൊരു സിനിമയിൽ അവസരം ലഭിച്ചെങ്കിലും പല കാരണങ്ങളാൽ സിനിമ പുറത്തിറങ്ങിയില്ലെന്ന് രഘുപതി പൈ പറഞ്ഞു.
∙ ഹിറ്റുകൾ ഏറെ
രഘുപതി പൈയുടെ ആൽബങ്ങളിൽ ആസ്വാദകരുടെ കയ്യടി നേടാത്തവ കുറവാണ്. വരികളും ഈണവും സംവിധാനവും ചിത്രീകരണവും എല്ലാം അത്രയ്ക്ക് മനോഹരം. വിജയ് യേശുദാസ്, വിധു പ്രതാപ് ഉൾപ്പെടെ മുൻനിര ഗായകർ വരെ ആൽബങ്ങളിൽ പാടിയിട്ടുണ്ട്. ഋതുക്കളെക്കുറിച്ചുള്ള ആൽബം സീരീസ് തന്നെയുണ്ട്. പ്രണയ ശൈത്യം എന്ന പേരിൽ ഇറക്കിയ സംഗീത ആൽബം ഹിറ്റുകളിലൊന്നാണ്. വസന്തം, ഗ്രീഷ്മം, ശരത്, ഹേമന്തം, വർഷം എന്നിങ്ങനെ അടുത്ത ആൽബങ്ങളുടെ പണിപ്പുരയിലാണ്. കഴിഞ്ഞ വർഷം തമിഴ്നാട്ടിലെ പൊങ്കൽ നാളിൽ ടൈംസ് മ്യൂസിക്കിനായി ''എങ്കൾ പൊങ്കൽ'' എന്ന പേരിൽ പുറത്തിറക്കിയ ആൽബവും വിജയ് യേശുദാസ് ആലപിച്ച അയ്യപ്പ ഭക്തിഗാനങ്ങളുടെ ആൽബവും യു ട്യൂബിൽ ഇന്നും ഹിറ്റാണ്. ഈ വർഷത്തെ അയ്യപ്പ ഭക്തിഗാനങ്ങളുടെ ആൽബമാണ് ഏറ്റവും പുതിയ റിലീസ്. പ്രണയ ഗാനങ്ങൾക്കപ്പുറം സമൂഹത്തിന് സന്ദേശം നൽകുന്ന തരത്തിലുള്ള ആൽബങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് രഘുപതി പൈ.
∙ വിദ്യാർഥികളുടെ പ്രിയ അധ്യാപകൻ
തിരുവനന്തപുരം ഹോളി എഞ്ചൽസ് സ്കൂളിലെ വിദ്യാർഥികളുടെ പ്രിയപ്പെട്ട സംഗീത അധ്യാപകൻ ആയിരുന്നു രഘുപതി പൈ. സ്കൂളിലെ വിദ്യാർഥികൾക്കായി ഒട്ടനവധി സ്കൂൾ യുവജനോത്സവങ്ങളിൽ സംഗീത സംവിധാനവും രചനയും നിർവഹിച്ചിട്ടുണ്ട്. ഹോളി ഏഞ്ചൽസ് സ്കൂളിന് സംഗീതത്തിൽ ആറ് തവണ സംസ്ഥാന തലത്തിൽ വിജയം നേടികൊടുത്ത പാട്ടുകൾക്ക് പിന്നിലും രഘുപതി പൈ എന്ന പ്രതിഭയുടെ മികവാണ്. മിക്ക വിദ്യാർഥികൾക്കും ഭാരതം എന്ന പേര് സ്ഫുടമായി ഉച്ചരിക്കാൻ കഴിയാത്തതിനാൽ ''ഭ'' യിൽ തുടങ്ങുന്ന വാക്കുകൾ കൊണ്ട് പുതിയ വരികളെഴുതി. ഈണം നൽകി സംവിധാനവും നിർവഹിച്ചു പുറത്തിറക്കിയ അധ്യാപകൻ കൂടിയാണ് രഘുപതി പൈ.
∙ അച്ഛന്റെ വഴിയേ മകളും
രണ്ടു മക്കളിൽ ഇളയ മകളായ ദേവനന്ദയ്ക്കും അച്ഛനെ പോലെ സംഗീതത്തോട് ഇഷ്ടമാണ്. സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി പുരസ്കാരം നേടിയ ആൽബങ്ങളിൽ വാക്കമ്മയിലെ ഗായികയാണ് 7 വയസുകാരി ദേവനന്ദ. ആൽബത്തിൽ പാടാമോ എന്ന ചോദ്യത്തിന് പാടാമല്ലോ എന്ന മകളുടെ മറുപടി വലിയ സന്തോഷമാണ് നല്‌കിയതെന്ന് രഘുപതി. യുഎസിൽ സോഫ്റ്റ് വെയർ എൻജിനീയറായ രൂപയാണ് ഭാര്യ. മൂത്ത മകൻ ആദിത്യയും യുഎസിൽ ബിരുദ പഠനത്തിലാണ്.