ADVERTISEMENT

ഹൂസ്റ്റണ്‍∙ നിയുക്ത യുഎസ്  പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആഡംബര ക്ലബായ മാര്‍-എ- ലാഗോ യുഎസ് നയതന്ത്രത്തിന്‍റെ കേന്ദ്രമായി മാറുന്നു. സ്ഥാനമൊഴിഞ്ഞ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെയുള്ള ലോക നേതാക്കൾ  മാര്‍ എ ലാഗോയില്‍ വിരുന്നുകാരായി എത്തിയിട്ടുണ്ട്. ഇപ്പോൾ ഇതാ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും മാര്‍-എ- ലാഗോ എത്തി.

ശനിയാഴ്ച നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ മാര്‍-എ-ലാഗോയിലെത്തി മെലോണി കണ്ടു. 2020ലെ യുഎസ് തിരഞ്ഞെടുപ്പ് ഫലങ്ങളെ ട്രംപിന് അനുകൂലമായി അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കുറ്റാരോപിതനായ അഭിഭാഷകന്‍റെ വിവാദമായ കേസിലേക്ക് കടന്നുചെല്ലുന്ന ഡോക്യുമെന്‍ററിയായ 'ദി ഈസ്റ്റ്മാന്‍ ഡിലമ: ലോഫെയര്‍ അല്ലെങ്കില്‍ ജസ്റ്റിസ്' എന്ന ഡോക്യുമെന്‍ററിയും ഇരുവരും ചേർന്ന് കണ്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടിക്കാഴ്ചയ്ക്കിടെ, ട്രംപ് മെലോണിയെ 'അതിശയിപ്പിക്കുന്ന സ്ത്രീ' എന്ന് പ്രശംസിക്കുകയും യൂറോപ്പില്‍ അവരുടെ നേതൃത്വത്തെ അഭിനന്ദിക്കുകയും ചെയ്തു.

ജനുവരി 20ന് നടക്കുന്ന  സ്ഥാനാരോഹണത്തിന് മുന്നോടിയായി ട്രംപിന്‍റെ വരാനിരിക്കുന്ന ഭരണകൂടവുമായി ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യാന്തര നേതാക്കളുടെ വിപുലമായ നയതന്ത്ര ഇടപെടലുകളുടെ ഭാഗമാണ് സന്ദര്‍ശനം. 'ഡോണൾഡ് ട്രംപിനൊപ്പം നല്ല സായാഹ്നം, സ്വാഗതത്തിന് ഞാന്‍ നന്ദി പറയുന്നു. ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്.'- ട്രംപിനൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കിട്ടുകൊണ്ട് മെലോണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ട്രംപിന്‍റെ നിര്‍ദ്ദിഷ്ട സാമ്പത്തിക നയങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കയാണ് പരമ്പരാഗത യുഎസ് സഖ്യകക്ഷികളെ നിയുക്ത പ്രസിഡന്‍റിന്‍റെ അടുക്കലേക്ക് എത്തിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന സെനറ്റര്‍ മാര്‍ക്കോ റൂബിയോ ഉള്‍പ്പെടെയുള്ള ട്രംപിന്‍റെ പ്രധാന കാബിനറ്റ് നോമിനികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍റെ നോമിനി പ്രതിനിധി മൈക്ക് വാള്‍ട്സും ഇറ്റാലിയന്‍ പ്രധാനമന്ത്രിക്കൊപ്പം അത്താഴവിരുന്നില്‍ പങ്കെടുത്തു.

 പാരിസിലെ നോത്രദാം കത്തീഡ്രൽ വീണ്ടും തുറക്കുന്നതില്‍ ട്രംപിനൊപ്പം പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് മെലോണിയുടെ ഫ്ലോറിഡ സന്ദര്‍ശനം. അവിടെ ട്രംപിനും കോടീശ്വരന്‍ ഇലോണ്‍ മസ്‌കിനുമൊപ്പം ഭക്ഷണം കഴിച്ചതും ശ്രദ്ധേയമായിരുന്നു.

English Summary:

Mar a Lago becomes the center of US diplomacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com