അൽപവസ്ത്രധാരികളായ ഹൂട്ടേഴ്‌സ് ഗേൾസ് ഓർമകളിലേക്ക്?; റസ്റ്ററന്റ് ശൃംഖലയിൽ പ്രതിസന്ധിക്ക് പിന്നാലെ കടുത്ത നടപടികൾ

യുഎസിലെ കൊളറാഡോ സ്പ്രിങ്‌സിലെ സിറ്റാഡെൽ മാളിൽ 35 വർഷമായി പ്രവർത്തിച്ചിരുന്ന ഹൂട്ടേഴ്‌സ് ഔട്ട്‌ലെറ്റ് പൂട്ടി.
യുഎസിലെ കൊളറാഡോ സ്പ്രിങ്‌സിലെ സിറ്റാഡെൽ മാളിൽ 35 വർഷമായി പ്രവർത്തിച്ചിരുന്ന ഹൂട്ടേഴ്‌സ് ഔട്ട്‌ലെറ്റ് പൂട്ടി.
യുഎസിലെ കൊളറാഡോ സ്പ്രിങ്‌സിലെ സിറ്റാഡെൽ മാളിൽ 35 വർഷമായി പ്രവർത്തിച്ചിരുന്ന ഹൂട്ടേഴ്‌സ് ഔട്ട്‌ലെറ്റ് പൂട്ടി.
കൊളറാഡോ∙ യുഎസിലെ കൊളറാഡോ സ്പ്രിങ്‌സിലെ സിറ്റാഡെൽ മാളിൽ 35 വർഷമായി പ്രവർത്തിച്ചിരുന്ന ഹൂട്ടേഴ്‌സ് ഔട്ട്‌ലെറ്റ് പൂട്ടി. കഴിഞ്ഞ കുറച്ച് കാലമായി ഹൂട്ടേഴ്‌സിന്റെ ഔട്ട്‌ലെറ്റുകൾ പൂട്ടിക്കൊണ്ടേയിരിക്കുകയാണ്. അൽപവസ്ത്രധാരികളായ സ്ത്രീകൾ വെയിട്രസുമാരായി ജോലി ചെയ്യുന്ന റസ്റ്ററന്റ് ഔട്ട്‌ലെറ്റുകളാണ് ഹൂട്ടേഴ്‌സിന് പ്രശസ്തി നൽകിയത്. ചിക്കൻ വിഭവങ്ങൾ, ബീയർ തുടങ്ങിയവയാണ് പ്രധാന മെനു. കമ്പനി പാപ്പർ ഹർജി നൽകാനുള്ള ശ്രമത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്. പാപ്പരായ ശേഷം ബിസിനസ് പുനക്രമീകരിച്ച് ശക്തമായി തിരിച്ചെത്താനാണു നീക്കമെന്നും അഭ്യൂഹമുണ്ട്.
ഏകദേശം 30 കോടി യുഎസ് ഡോളറിന്റെ കടം ഹൂട്ടേഴ്‌സിനുണ്ട്. കഴിഞ്ഞ വർഷം മാത്രം മതിയായ ലാഭമില്ലാത്ത 40 ഔട്ട്‌ലെറ്റുകളാണ് യുഎസിൽ പൂട്ടിയത്. എന്നാൽ ഇപ്പോഴും കമ്പനിക്ക് ലോകവ്യാപകമായി 300 ഔട്ട്‌ലെറ്റുകളുണ്ട്.
യുഎസ് റസ്റ്ററന്റ് വിപണി കഴിഞ്ഞ കുറച്ചുകാലമായി പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. പല പ്രശസ്തമായ ഭക്ഷണ ശൃംഖലകളും പാപ്പരത്തത്തെ അഭിമുഖീകരിക്കുകയാണ്. വിലക്കയറ്റം, ഉപഭോക്താക്കളുടെ കുറവ് എന്നിവയാണു പരമ്പരാഗത റസ്റ്ററന്റ് വ്യവസായത്തെ യുഎസിൽ പ്രതിസന്ധിയിലാക്കുന്നത്.
ഹൂട്ടേഴ്‌സ് പൂട്ടാനുള്ള നീക്കത്തിനെതിരെ ആരാധകർ രംഗത്ത് വന്നിട്ടുണ്ട്. എൻബിഎ താരം ഡെവിൻ ബുക്കർ, ഗോൾഫ് താരവും ഇൻസ്റ്റഗ്രാം മോഡലുമായ പെയിഗ് സ്പൈറനാക് തുടങ്ങിയവർ ഇക്കൂട്ടത്തിലുണ്ട്. ഇൻസ്റ്റഗ്രാമിൽ നിരവധി ആരാധകരുള്ള പെയിഗ് ഹൂട്ടേഴ്‌സുമായി മുൻപ് പലതവണ സഹകരിച്ചിട്ടുള്ള സെലിബ്രിറ്റിയാണ്. പ്രതിസന്ധി മറികടക്കാൻ താൻ ഹൂട്ടേഴ്‌സിനെ സഹായിച്ചേക്കുമെന്നും സമൂഹമാധ്യമത്തിൽ പെയിഗ് സൂചിപ്പിച്ചിട്ടുണ്ട്.
1983ൽ ഫ്‌ളോറിഡയിലാണ് ഹൂട്ടേഴ്‌സ് തുടങ്ങിയത്. മൂങ്ങയുടെ ചിത്രം പതിച്ച ടീഷർട്ടും ഓറഞ്ച് കളർ ഷോർട്‌സുമാണ് ഹൂട്ടേഴ്‌സിലെ വെയിട്രസുമാരുടെ വേഷം. ഹൂട്ടേഴ്‌സ് ഗേൾ എന്നാണ് ഇവർ അറിയപ്പെടുന്നത്. അൽപവസ്ത്രധാരണം അടിച്ചേൽപിക്കുന്ന തൊഴിൽരീതി സംബന്ധിച്ച് ഹൂട്ടേഴ്‌സിനെതിരെ നിരവധി വിമർശനങ്ങളും ഹർജികളും പല കാലങ്ങളിൽ ഉയർന്നിരുന്നു.
ഹൂട്ടേഴ്‌സ് ഗേൾസിന് സാധാരണ റസ്റ്ററന്റുകളിലെ വെയിറ്റർമാരെ അപേക്ഷിച്ച് ഉയർന്ന വേതനമാണ് ലഭിക്കുന്നത്. മോഡലിങ് രംഗത്തേക്കുള്ള അവസരങ്ങളും ലഭിക്കുമെന്നതിനാൽ ഈ ജോലിക്ക് യുഎസിൽ വലിയ പ്രിയമായിരുന്നു. എന്നാൽ സ്ത്രീ ശരീരത്തെ കച്ചവടവത്കരിക്കുകയാണ് റസ്റ്ററന്റ് ശൃംഖലയെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
വിമർശനങ്ങൾ കടുത്തതോടെ സ്ത്രീകളും പുരുഷൻമാരും വെയിറ്റർമാരായുള്ള, സാധാരണ യൂണിഫോമുള്ള ഹൂട്ട്‌സ് വിങ് എന്ന റസ്റ്ററന്റുകളും ഹൂട്ടേഴ്‌സ് തുറന്നിരുന്നു.