ഈ ചെടികളുടെ ഔഷധഗുണങ്ങൾ കേട്ടാൽ ഞെട്ടും

നമ്മുടെ ചുറ്റും ഒന്നു കണ്ണോടിച്ചു നോക്കിയാൽ നിരവധി സസ്യങ്ങൾ കാണാം. തൊട്ടാവാടിയിലും തുമ്പയിലും തുടങ്ങി കരിങ്കൂവളം വരെയുള്ള നിരവധി. ഇവയെല്ലാം നാം കണ്ടുകളയുന്നു എന്നതിലുപരി ഇവയുടെ ഔഷധഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ? ഇല്ല എന്നുതന്നയൊകും ഉത്തരം അല്ലേ. ഇതാ നമുക്കു ചുറ്റുമുള്ള സസ്യങ്ങളുടെ ഔഷധഗുണങ്ങളും അവ ഏതൊക്കെ രോഗത്തിനു പ്രതിവിധിയാണെന്നും നോക്കാം.

∙ വെളുത്തുള്ളിപ്പുല്ല് - കറുകപ്പുല്ലു പോലെ വ്യാപകമായി വളരുന്ന പുല്ലാണു വെളുത്തുള്ളിപ്പുല്ല്. വെളുത്തുള്ളിയുടെ സുഗന്ധമാണ് ഇതിന്റെ നീരിന്, പുല്ല് ഉപയോഗിച്ചു ചമ്മന്തി തയാറാക്കാം. നല്ല ജലാംശമുള്ള പ്രദേശത്തു മാത്രമേ വെളുത്തുള്ളിപ്പുല്ലു വളരൂ.

∙ കാട്ടു പാവൽ- സാധാരണ പാവലിനേക്കാൾ ഒൗഷധമൂല്യമുള്ളതാണു കാട്ടു പാവലിന്റെ കായ്, വേര്, ഇല, തണ്ട് എന്നിവ. വയനാട് ജില്ലയിൽ വ്യാപകമായി ഉപയോഗിക്കാറുണ്ട്. കരൾ രോഗം, തലവേദന തുടങ്ങിയവയ്ക്ക് ഉപയോഗിക്കും.

∙ സിർസി ഇല- ജലാംശമുള്ള പ്രദേശങ്ങളിൽ ധാരാളമായി കാണുന്ന നിലം പരണ്ടയുടെ സഹോദര സസ്യമാണ് സിർസി. ചമ്മന്തി തയാറാക്കുന്നതിനാണ് ഉപയോഗിക്കുന്നത്. സ്ത്രീകളിലെ തൈറോയ്ഡ് രോഗങ്ങൾക്കു പ്രതിവിധിയാണ്.

∙ ചേനയില- ഫൈബർ, വിറ്റാമിൻ എ, ഇരുമ്പ് എന്നിവ ധാരാളമടങ്ങിയ ചേനയില കൊണ്ടുള്ള തോരൻ രുചികരം. പൈൽസ് രോഗത്തിന് ഉത്തമമാണു ചേനയില.

∙ കടുക് ഇല- സ്വാദിഷ്ടവും ഒൗഷധമൂല്യമുള്ളതുമാണു കടുക് ഇലത്തോരൻ. ചർമ രോഗങ്ങൾക്കും ന്യുമോണിയ, ചുമ എന്നിവയ്ക്കും കടുകില ഒൗഷധമാണ്.

∙ ഉഴുന്ന് ഇല– പണ്ട് കാലത്ത് കൊയ്ത്തു കഴിഞ്ഞ വയലുകളിൽ കൃഷി ചെയ്യുന്ന ഇനമായിരുന്നു ഉഴുന്ന്. വയലുകൾ കുറഞ്ഞതോടെ ഉഴുന്ന് കൃഷിയും കുറഞ്ഞു. പ്രോട്ടീൻ‌ കലവറയാണ് ഉഴുന്ന് ഇല.

∙ കരിമുരിക്കന്റെ ഇളം തളിർ– കേരളത്തിൽ വ്യപകമായി കാണാമെങ്കിലും ഉപയോഗിക്കാറില്ല. മലേഷ്യയിലെ ഹോട്ടലുകളിൽ പതിവു വിഭവം. കരിമുരിക്കന്റെ ഇലയും തൊലിയും പൂവും നല്ല പോലെ അടച്ചുവച്ചു വേവിച്ചു തോരനായി ഉപയോഗിക്കാം.

∙ വെള്ളില- കാട്ടുചെടിയായി അവഗണിക്കപ്പെട്ട ഇനമാണു വെള്ളില. ഹരിതകമില്ലാത്ത ഈ ഇല, വിറ്റാമിൻ എയുടെ കലവറയാണ്. ദുർമേദസ് പുറന്തള്ളുന്ന വെള്ളില കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിക്കും. വെള്ളില വട സ്വാദിഷ്ടം.

∙ കൊടുത്തൂവ- തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. പാചകം ചെയ്താലും ചൊറിയുമെന്ന തെറ്റിധാരണ കാരണം പലരും ഭക്ഷ്യ ആവശ്യത്തിന് ഉപയോഗിക്കുന്നില്ല. കാലവർഷാംരംഭത്തിൽ ധാരാളമുണ്ടാകും.

∙ കരിങ്കൂവളം– രുചികരമാണു കരിങ്കൂവളത്തിന്റെ ഇലയും തണ്ടും. സമാനമായ വേറെ രണ്ടു സസ്യങ്ങൾ കൂടി പാടങ്ങളിൽ കാണാറുണ്ട്. കരിങ്കൂവളത്തിനു വീർത്ത തണ്ടുകൾ ഉണ്ടാവില്ല. മറ്റു രണ്ടു സസ്യങ്ങളുടെയും തണ്ട് വീർത്തിരിക്കും. തോരൻ വയ്ക്കാൻ ഉത്തമം.

∙ വാളൻ പയറിന്റെ ഇല- കോട്ട പയർ, നീളൻ പയർ എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇതിന്റെ ഇളം തളിരാണു ഭക്ഷ്യ യോഗ്യം. ധാരാളം പ്രോട്ടീനും വിറ്റാമിൻ എയും അടങ്ങിയ പയറില, തോരനു പുറമേ പരിപ്പു കറിയിലും ഉപയോഗിക്കാം.

∙ രംഭ -കൈത വർഗത്തിൽപ്പെട്ട സസ്യമാണു രംഭ. പ്രാദേശികമായി ബിരിയാണി ഇല എന്ന് അറിയപ്പെടുന്നു. ബസുമതി അരിയുടെ സുഗന്ധമാണ് ഇതിന്റെ നീരിന്. ചോറിലും പുട്ടിലും രംഭയിട്ടാൽ ബിരിയാണി പോലെ മണക്കും. നെഞ്ചെരിച്ചിൽ മാറാൻ നല്ലത്.

∙ കോവൽ ഇല- ഇതിന്റെ തളിരില സ്വാദിഷ്ടമാണ്. പ്രമേഹത്തിനും വയറ്റിലെ അസ്വസ്ഥതകൾക്കും നല്ലത്. കരളിന്റെ പ്രവർത്തനം സുഗമമാക്കുന്നു.

∙ മുയൽചെവിയൻ– നമ്മുടെ റോഡ് വക്കിലും തൊടിയിലും ധാരാളമായി കാണുന്ന സസ്യം. തൊണ്ടവേദന, ചുമ, കണ്ണ് രോഗങ്ങൾ എന്നിവയ്ക്കു നല്ലത്. തോരനുണ്ടാക്കാനാണ് ഉത്തമം.

∙ തുമ്പപ്പൂ– തുമ്പയുടെ പൂവു കൊണ്ടു തോരനും ഇല കൊണ്ടു ചമ്മന്തിയും ഉണ്ടാക്കാം. അമിത ഉപയോഗം പാടില്ല.

∙ മഷിത്തണ്ട്- പനി, ചുമ, പ്രമേഹം എന്നിവയ്ക്കു നല്ലത്.

∙ പൊന്നങ്കണി ചീര- ലഭ്യത കൊണ്ടും സ്വാദു കൊണ്ടും മുൻപന്തിയിൽ. തോരൻ, കൊഴുക്കട്ട, സമോസ, പരിപ്പു കറി എന്നിവ തയാറാക്കാം. ജൂലൈ മുതൽ ഒക്ടോബർ വരെ തഴച്ചുവളരുന്നു.

ഇലകളുടെ മൂന്നു ഭാവങ്ങൾ

കേരളത്തിൽ ഭക്ഷ്യയോഗ്യമായ 125 ൽപരം ഇലകൾ ലഭ്യമാണെന്നാണു കണക്ക്. ഭക്ഷ്യയോഗ്യമായ ഇലകളെ മൂന്നായി തരംതിരിച്ചിരിക്കുന്നു.

∙ ഒന്നാം ഭാവ സസ്യങ്ങൾ

തോരനായും കറിയായും ഉപയോഗിക്കാവുന്ന ഇലകളാണ് ഒന്നാം ഭാവ സസ്യങ്ങൾ. ചുവന്ന ചീര, മുരിങ്ങ, തവര, താള്, ചേമ്പില, ചേനയില, പയറു വർഗ സസ്യങ്ങൾ മുഴുവൻ ഒന്നാം ഭാവത്തിൽ വരും.

∙ രണ്ടാം ഭാവ സസ്യങ്ങൾ

പുതിന, തഴുതാമ, മുത്തിൾ, വെളുത്തുള്ളിപ്പുല്ല്, നിലംപരണ്ട, നാരങ്ങയില, തുമ്പയില, പനിക്കൂർക്ക എന്നിവയാണു രണ്ടാം ഭാവ സസ്യങ്ങൾ. ഒൗഷധ ഗുണം കൂടിയവ.

∙ മൂന്നാം ഭാവ സസ്യങ്ങൾ

കറിവേപ്പില, ആഫ്രിക്കൻ മല്ലി, രംഭ, കൃഷ്ണതുളസി, സർവസുഗന്ധി എന്നിവയാണു മൂന്നാം ഭാവ സസ്യങ്ങൾ. സുഗന്ധ ഇലകളാണിവ.