Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിട്ടയായ ജീവിതരീതികളിലൂടെ രോഗങ്ങളെ അകറ്റി നിർത്താം

x-default

ഭക്ഷണം, വ്യായാമം, ഉറക്കം – എന്നിവ ആവശ്യത്തിൽ കൂടുതലോ കുറവോ ആയാൽ ശരീരത്തിലെ ത്രിദോഷങ്ങളുടെ (വാതം, പിത്തം, കഫം) താളം തെറ്റും. രസം, രക്തം, മാംസം, മേദസ്സ് (കൊഴുപ്പ്), അസ്ഥി, മജ്ജ, ശുക്ലം (സ്ത്രീകളുടെ ഋതുരക്തം) എന്നിവ തകരാറിലാകും. ശരീരത്തിലെ വിസർജനങ്ങൾക്ക്  (മൂത്രം, മലം, വിയർപ്പ്) തടസ്സം നേരിടും. ശരീരത്തിനു തളർച്ചയുണ്ടാകും, ക്ഷീണമുണ്ടാകും, കർമശേഷി കുറയും രോഗിയാകും. 

ഏതു ജീവജാലത്തിൽ നിന്നും പ്രകൃതി പ്രതീക്ഷിക്കുന്നതു പ്രജനനവും കർമവുമാണെന്നറിയുക. വരുംതലമുറയ്ക്കു ജന്മം നൽകുന്നതോടൊപ്പം പല കർമങ്ങളും (ജോലികളും) നമുക്കു ചെയ്തു തീർക്കേണ്ടതായുണ്ട്. പ്രസന്നമായ ബുദ്ധികൊണ്ടും മനസ്സു കൊണ്ടും നമ്മുടെ ജോലികൾ നാം ചെയ്തു തീർക്കുക തന്നെ വേണം. 

അതിന് ആദ്യം വേണ്ടതു ചിട്ടയായ ആഹാരക്രമമാണ്. നിശ്ചിത സമയങ്ങളിൽ നിന്നു വ്യത്യസ്തമായി കുറഞ്ഞോ കൂടിയോ ആഹാരം കഴിച്ചാൽ രോഗമുണ്ടാകും. കഴിച്ച ഭക്ഷണം ദഹിക്കും മുൻപു പിന്നെയും കഴിച്ചാലും രോഗം. വിരുദ്ധ ഭക്ഷണം കഴിച്ചാലും ഋതുക്കൾക്കു വിപരീതമായവ (ചൂടുകാലത്ത് കൂടുതൽ ചൂടുള്ളത്) കഴിച്ചാലും, ഷഡ് രസങ്ങളിൽ ഏതെങ്കിലും ഒരു രസം മാത്രം ആവർത്തിച്ചു കഴിച്ചാലും, പഴകിയതു കഴിച്ചാലും ശരീരത്തിനു പിടിക്കാത്തതു കഴിച്ചാലും രോഗം വരും. നമ്മുടെ അവയവങ്ങളുടെയും മാംസപേശികളുടെയും അസ്ഥിയുടെയും സന്ധികളുടെയും പ്രവർത്തനം കാര്യക്ഷമ മാക്കുന്നതിനാണു വ്യായാമം. ഇതു ശരീരത്തിന്റെ കർമസാമർത്ഥ്യത്തെ ഉത്തേജിപ്പിക്കും. 

ഉറക്കം, വിശ്രമം എല്ലാ മനുഷ്യർക്കും നിർബന്ധം. 16 വയസ്സിനു താഴെയുള്ളവർ 10 മണിക്കൂറെങ്കിലും ഉറങ്ങണം. അതിനു മുകളിലുള്ളവർ എട്ടു മണിക്കൂറും 70 വയസ്സിൽ കൂടുതലു ള്ളവർ ആറു മണിക്കൂറും ഉറങ്ങണം. ഇല്ലെങ്കിലോ? ക്ഷീണ മുണ്ടാകും, തളര്‍ച്ച തോന്നും, മനസ്സിനു വിഭ്രാന്തിയുണ്ടാകും, സന്താനോൽപാദനശേഷി വരെ കുറയും. ഉള്ള രോഗങ്ങൾ ഇല്ലാതാക്കാനും വേറെ രോഗങ്ങൾ വരാതിരിക്കാനും ആഹാരം, വ്യായാമം, ഉറക്കം എന്നിവ ചിട്ടപ്പെടുത്തുക തന്നെ വേണം. നിത്യേന വളരുകയും നശിക്കുകയും ചെയ്യുന്ന കോശ ങ്ങളുടെ പ്രവർത്തനങ്ങൾ ചലനാത്മകമാക്കാൻ അതു കൂടിയേ തീരൂ. കൂട്ടത്തിൽ പറയട്ടെ. ഒരു കോശവും നമ്മോടൊപ്പം 120 നാളുകൾക്കപ്പുറം സഞ്ചരിക്കുന്നില്ലെന്നു കൂടി അറിഞ്ഞോളൂ. 

Read More : Health and Ayurveda