വണ്ണം കുറയ്ക്കാൻ; ആയുർവേദ പരിഹാരം

പണ്ടൊക്കെ വണ്ണം വയ്ക്കാനുള്ള പരസ്യങ്ങളായിരുന്നൂ പ്രസിദ്ധീകരണങ്ങൾ നിറയെ. ഇന്നോ? തടികുറയ്ക്കാനുള്ള വഴികൾ തേടുകയാണു നമ്മിൽ പലരും. എത്ര വ്യായാമം ചെയ്തിട്ടും പട്ടിണി കിടന്നിട്ടും വണ്ണം കുറയുന്നില്ലെന്ന പരാതിയാണല്ലൊ നാമൊക്കെ കേൾക്കുന്നത്.

ഒരേസമയം കോശങ്ങൾ പെരുകുകയും അതേ സമയം ഒരുപാടു കോശങ്ങൾ ഇല്ലാതാകുകയും ചെയ്യുന്നുവെന്ന അർഥമാണു ശരീരം എന്ന വാക്കുകൊണ്ടു ആയുർവേദം ഉദ്ദേശിക്കുന്നത്. കോശങ്ങൾ അമിതമായി കൂടുകയും ആ കോശങ്ങളിൽ ജലമോ കൊഴുപ്പോ മാംസമോ അധികമാവുകയും ചെയ്യുന്ന അവസ്ഥയ്ക്കാണു അമിതവണ്ണം എന്നു പറയുന്നത്.

വണ്ണം (തടി) കൂടുമ്പോൾ ശരീരത്തിന്റെ പ്രവർത്തനം മന്ദീഭവിക്കും. സ്വാഭാവിക പ്രവർത്തനങ്ങളെയും ചലനങ്ങളെയും ചിന്തകളെയും അതു ബാധിക്കുമെന്നു മാത്രമല്ല, ഒരുപാട് അസുഖങ്ങൾക്ക് അതു കാരണമാകുകയും ചെയ്യും. ‘അതിസ്ഥൗല്യം’ എന്നാണു ആയുർവേദ ആചാര്യന്മാർ അതിനു പറയുന്നത്. കൃശത (മെലിയൽ) വരമായാണു അവർ കാണുന്നത്. 

ഇന്നു നാമൊക്കെ അമിതമായി ഭക്ഷണം കഴിക്കുന്നവരാണ്. നെയ്യും വെണ്ണയും തൈരും നന്നായി കഴിക്കും. ആഹാരത്തിനു സമയനിഷ്ടയില്ല. സൗകര്യം കിട്ടിയാൽ പകലും ഉറങ്ങും. ജങ്ക്ഫുഡും കോളയും കിട്ടിയാൽ അതും വേണ്ടെന്നു വയ്ക്കില്ല. വ്യായാമമാകട്ടെ, തീരെയില്ല.

ശരീരത്തിൽ ഹോർമോൺ തകരാറുണ്ടോയെന്നോ, തൈറോഡ് ഗ്രന്ഥിയുടെ പ്രവർത്തനം ശരിക്കു നടക്കുന്നുണ്ടോയെന്നോ, അഡ്രിനാലിൻ ഗ്രന്ഥിയുടെ പ്രവർത്തനം മന്ദീഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാറുമില്ല.

കരൾ, ഹൃദയം, വൃക്ക എന്നിവയുടെ പ്രവർത്തനം മുറപോലെ നടക്കുന്നുണ്ടോയെന്നു നാം നോക്കാറില്ലല്ലൊ. അമിത വണ്ണമുള്ളവരുടെ രക്തയോട്ടം തടസ്സപ്പെടാനുള്ള സാധ്യത കൂടുതലാണ്. രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടി പ്രശ്നങ്ങളുണ്ടാകാം. ഇതിന്റെ ഫലമായി ഓർമക്കുറവ് വരാം. ബുദ്ധിമാന്ദ്യം തന്നെ സംഭവിക്കാം. പെട്ടെന്നു കാര്യങ്ങൾ തീരുമാനിക്കാനുള്ള കഴിവു കുറയാം. അനാവശ്യസന്ദർഭങ്ങളിൽ ദേഷ്യം വരാം. അധികമായി ഉറക്കം വരാം. തോൾ വേദനയും കഴുത്തുവേദനയും മുട്ടുവേദനയും വരാം. ശരീരത്തിൽ ചൊറിച്ചിലുണ്ടാകാം, തൊലിയ്ക്കിടയിൽ കൊഴുപ്പടിഞ്ഞ് മുഴകൾ വരാം, നിതംബവും അടിവയറും സ്തനങ്ങളും ഇടിഞ്ഞുതൂങ്ങാം, കക്ഷത്തിലും കഴുത്തിലും സന്ധികളിലും കറുപ്പുനിറം വരാം, സംസാരിക്കുമ്പോൾ പറ്റിയ വാക്കുകൾ വരാത്ത പ്രശ്നമുണ്ടാകാം. 

ഹൃദ്രോഗം, തലച്ചോറിലെ രക്തക്കുഴൽ പൊട്ടൽ, കണ്ണിന്റെ റെറ്റിനയിൽ പ്രശ്നം, ലൈംഗിക മന്ദത, ഞരമ്പ് ചുരുളൽ തുടങ്ങിയവയൊക്കെ വരാം. ശരീരത്തിന്റെ ഭാരക്കൂടുതൽ മൂലം എടുപ്പുവേദന, മുട്ടുവേദന, കണങ്കാൽ വേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ വന്നു കൂടാം. പാരമ്പര്യമായ പ്രമേഹമുള്ള മാതാപിതാക്കൾ കുട്ടികളുടെ തടിയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ടിവിക്കു മുന്നിൽ അവരെ അധികനേരം ഇരുത്തരുത്.

അമിതവണ്ണം കുറയ്ക്കാൻ ഭക്ഷണനിയന്ത്രണവും വ്യായാമവും തന്നെ പ്രധാനം. പാൽ നല്ലതല്ല. ഉറക്കസമയം കുറയ്ക്കുക. ഉറക്കം സുഗമമാക്കുന്ന നല്ല കിടക്ക ഉപയോഗിക്കരുത്. പകരം പരുപരുപ്പുള്ള മെത്തകളും വിരികളും ഉപയോഗിക്കുക.

എണ്ണയോ തൈലമോ പുരട്ടരുത്. അമിതമായി വെള്ളം കുടിക്കരുത്. കുടിക്കാൻ സംഭാരമോ ജീരകവെള്ളമോ, ചുക്കുവെള്ളമോ ആവശ്യത്തിനാകാം. മധുരം വേണ്ട. ഉപവാസം നല്ലതാണ്. വൈദ്യ നിർദേശം കൃത്യമായി പാലിച്ചാൽ ഗുണം കിട്ടും.