Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപ്പൂറ്റി വേദന അകറ്റാൻ ചെയ്യേണ്ടത്?

heel-pain

രാവിലെ എഴുന്നേൽക്കുമ്പോൾ കാലിന്റെ ഉപ്പൂറ്റിയിൽ ചിലർക്കു വേദനയുണ്ടാകും. കുറച്ചു നടക്കുമ്പോഴേക്കും ആ വേദന കുറയും. പക്ഷേ, അൽപനേരം വിശ്രമിച്ചശേഷം നടന്നാല്‍ വീണ്ടും വേദന വരും. ഇതിനെ മലബാറുകാർ ‘കുതികാൽ വേദന’യെന്നു പറയും. 30 വയസ്സിനു മുകളിലുള്ള ആർക്കും എപ്പോഴും വരാവുന്ന വേദനയാണിത്. 

കാലിന്റെ അടിയിലെ തൊലിയിലേക്കും മാംസപേശികളിലേക്കും ആവശ്യമായ രക്തയോട്ടം കുറയുന്നതാണ് ഒരു കാരണം. കുറെയധികം സമയം വെള്ളത്തിൽ കാലുകുത്തി നിന്ന് അലക്കുകയോ ജോലി ചെയ്യുകയോ മാർബിള്‍ ടൈലുകളിൽ ചെരിപ്പിടാതെ നടക്കുകയോ തണുത്ത പ്രതലത്തിൽ കൂടുതൽ നേരം നിൽക്കുകയോ ചെയ്താലും ഈ പ്രശ്നം വരാം. എസിയുടെയും ഫാനിന്റെയും തണുപ്പു കാറ്റടിച്ചാലും വേദന വരാം. മാറി മാറി ചൂടും തണുപ്പുമുണ്ടാകുന്നതും പ്രശ്നം തന്നെ. ഹോട്ടലിൽ നിന്നു നല്ലൊരു ചൂടു ചായ കഴിച്ചശേഷം എസി കാറിൽ കയറി തണുപ്പിച്ച വെള്ളം കുടിച്ചാലും, ദീർഘ നേരം സൈക്കിൾ ചവിട്ടിയാലും (പണ്ടു കാലത്തെ നനവുള്ള ചക്രം പാടത്തു ചവിട്ടിയാലും) ഉപ്പൂറ്റി പിണങ്ങും.  ഉപ്പൂറ്റിയുടെ എല്ലിന്റെ വളർച്ച(തഴമ്പ്)ആണ് ഈ വേദനയ്ക്കു മറ്റൊരു കാരണം. ചരൽ പോലുള്ള പ്രതലത്തിലൂടെ നടന്നാൽ ജീവൻ പോകുന്ന പോലുള്ള വേദനയുണ്ടാകും.

കൊട്ടംചുക്കാദി തൈലവും സഹചരാദി തൈലവും ഒരുമിച്ചു ചേർത്ത് അൽപമൊന്നു ചൂടാക്കി ഉപ്പൂറ്റിയിലും പരിസരത്തും പുരട്ടിയാൽ വേദനയ്ക്കു കുറവുണ്ടാകും ഈ തൈലമിശ്രിതം ചെറു ചൂടോടെ 20 മിനിറ്റ് ധാരകോരിയാലും മതി. എരിക്കിന്റെ ഇല അരിഞ്ഞു വാട്ടി കിഴികെട്ടി ചൂടാക്കിയും മുറിച്ച ചെറു നാരങ്ങയും പൊടിച്ച ഇന്തുപ്പും കൂടി വാട്ടിയും ഉപ്പൂറ്റി ഭാഗത്തു കിഴിവയ്ക്കുന്നതും നല്ലതാണ്. 

ഒരു ട്രേയിലോ മറ്റോ പത്തിരുപതു ഗോലികൾ (കുട്ടികൾ കളിക്കുന്ന ഗോലി തന്നെ) ഇട്ട് അതിൽ നേരത്തേ പറഞ്ഞ തൈലം ചൂടാക്കിയത് (25 മി.ലി) ഒഴിച്ചു വേദനയുള്ള കാൽ കൊണ്ടു ചവിട്ടി ചലിപ്പിച്ചു മസാജ് ചെയ്യുന്നതും നല്ല ചികിത്സ യാണ്. രാത്രിയിൽ സോക്സ് ഇട്ട് കമ്പിളിപ്പുതപ്പു പുതയ്ക്കണം. വീട്ടിനകത്തു റബർ ചെരിപ്പ് ഇടാനും ശ്രമിക്കണം.