ആയുർവേദമുൾപ്പെടെ പ്രധാനപ്പെട്ട എല്ലാ ചികിത്സാ സമ്പ്രദായങ്ങളിലും സൗന്ദര്യ വർധക വസ്തുവെന്ന നിലയിലും കറ്റാർവാഴ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നു. ശരീരത്തിനു തണുപ്പുണ്ടാക്കാൻ വളരെ ഫലപ്രദമായ ഔഷധമാണ് കറ്റാർവാഴയുടെ നീര്. കറ്റാർവാഴനീരും ആടലോടകത്തിന്റെ ഇലപിഴിഞ്ഞ നീരും സമം ചേർത്തു കഴിച്ചാൽ ചുമയും ജലദോഷവും പ്രതിരോധിക്കാനാകും. കറ്റാർവാഴപ്പോളനീര് കണ്ണിലൊഴിച്ചാൽ കണ്ണിനു തണുപ്പും തെളിച്ചവും കിട്ടും.
വളരെയധികം ഔഷധക്കൂട്ടുകളിൽ കറ്റാർവാഴ ഉപയോഗിക്കുന്നുണ്ട്. ആയുർവേദ ഔഷധങ്ങളിൽ പ്രധാനമാണ് കറ്റാർവാഴ ചേർത്തുണ്ടാക്കുന്ന കുമാര്യാസവം. ആയുർവേദ ചികിത്സകർ ഉപയോഗിക്കുന്ന ചെന്നിനായകവും കറ്റാർവാഴയിൽ നിന്നാണ്. വിവിധതരം ഓയിൻമെന്റുകളായും തൈലങ്ങളായും ക്രീമുകളായും ഷാംപൂ, സോപ്പ് എന്നീ വിധത്തിലും സൗന്ദര്യവർധക വസ്തുക്കളായി കറ്റാർവാഴ വൻതോതിൽ ഇപ്പോൾ ഉപയോഗിക്കുന്നു.
ലില്ലിയേസി കുടുംബത്തിൽപ്പെട്ട കറ്റാർവാഴയുടെ ശാസ്ത്രനാമം അലോവിറ എന്നാണ്. കറ്റാർവാഴയുടെ ഔഷധയോഗ്യമായ പ്രധാനഭാഗം മാംസളമായ ഇല അഥവാ പോള തന്നെയാണ്. കറ്റാർവാഴയുടെ ഇലയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളിൽ പ്രധാനം ജലവും പഞ്ചസാരയുടെ വിവിധ രൂപങ്ങളുമാണ്. അടുത്ത കാലത്ത് അൽപ്രോജൻ എന്ന ഘടകവും കറ്റാർവാഴയുടെ ഇലയിൽ കണ്ടെത്തിയിട്ടുണ്ട്.
അലർജിക്കെതിരേ പ്രവർത്തിക്കുന്ന പ്രധാന ഘടകമാണ് അൽപ്രോജൻ.
വിറ്റമിനുകൾ ഉൾപ്പെടെ മറ്റ് നിരവധി ഘടകങ്ങൾ കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. സന്ധികളിലെ വേദനകളും പുകച്ചിലും കുറയ്ക്കുന്നതിനു സഹായകമായ കോമ്പിസ്റ്റിറോൾ, ബി — സിറ്റോസ്റ്റിറോൾ എന്നിവയും കറ്റാർവാഴയിൽ ധാരാളമുണ്ട്. ഗർഭാശയധമനികളെ ഉദ്ദീപിക്കുന്ന ചില ഘടകങ്ങളും കറ്റാർവാഴയിലുണ്ട്.
പ്രമേഹപ്പുകച്ചിൽ മാറ്റാം, കൊളസ്ട്രോൾ കുറയ്ക്കാം
കറ്റാർവാഴ ദിവസവും കഴിക്കുന്നത് അമിതമായ കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദ്രോഗസാധ്യത ഇല്ലാതാക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു. പ്രമേഹത്തിനും അനുബന്ധമായി കാലുകളിലും മറ്റും ഉണ്ടാകുന്ന പുകച്ചിലിനും കറ്റാർവാഴപ്പോള ദിവസവും ഓരോ കഷണം വീതം കഴിക്കുന്നത് ഏറെ ഫലം നൽകും. മൈഗ്രേയിൻ മൂലമുണ്ടാകുന്ന തലവേദനയിൽ കറ്റാർവാഴ അരച്ചു നെറ്റിയിൽ പുരട്ടുന്നത് ആശ്വാസം നൽകും. വ്രണം, കുഴിനഖം എന്നീ അസുഖങ്ങൾക്കു കറ്റാർവാഴ നീരിൽ പച്ചമഞ്ഞൽ അരച്ചു ചേർത്തു കെട്ടിവയ്ക്കുക. കൈകാലുകളുടെ അടിഭാഗത്തുണ്ടാകുന്ന പുകച്ചിലിന് കറ്റാർവാഴപ്പോള നല്ലതുപോലെ അരച്ചു പുരട്ടുക. സന്ധിവേദനയിൽ കറ്റാർവാഴയും ഗോതമ്പുപൊടിയും ചേർത്ത് അരച്ചു പുരട്ടുന്നതും ഉത്തമം.
ഡോ: കെ. എസ്. രജിതൻ, സൂപ്രണ്ട്, ഔഷധി, തൃശൂർ.