കരളിനെയും രക്തത്തെയും ആശ്രയിച്ചുണ്ടാകുന്ന ദുഷ്ടിയാണു മഞ്ഞപ്പിത്തത്തിനു കാരണമായി ആയൂർവേദം പറയുന്നത് . ദ്രാക്ഷാദി കഷായം എന്നിവ , വാശാഗുളു ച്യാദി കഷായം, പുനർവാദി കഷായം എന്നിവ മഞ്ഞപ്പിത്തത്തിന് ഉത്തമമായഔഷധങ്ങളാണ്. കൂടാതെ ധാരാളം ഏകൗഷധികളും വിധിക്കുന്നുണ്ട്.
∙ കീഴാർനെല്ലി സമൂലം അരച്ച് അപ്പോൾ കറന്ന പാലിൽ കലക്കി സേവിക്കുക
∙ പൂവാംകുറുന്തിലയും ഒരു നുള്ളിജീരകവും കൂട്ടി അരച്ചു പാലിൽ കലക്കി രാവിലെ കഴിക്കുക.
∙ വെളുത്ത ആവണക്കിന്റെ കുരുന്നിലയും ജീരകവും കൂട്ടി അരച്ചു നെല്ലിക്കാവലുപ്പത്തിൽ അതിരാവിലെ വെറും വയറ്റിൽ മൂന്നുദിവസവും സേവിക്കുക
∙ മാവിന്റെ തളിരില അരച്ച് ഇളനീരിൽ കലക്കി രാവിലെ സേവിക്കുക.
∙ വെളുത്ത ചെത്തിയുടെ വേരു പച്ചമോരിലോ ഇളനീരിലോ അരച്ചുകലക്കി കുടിക്കുക
∙ അമൃത് ഇടിച്ചുപിഴിഞ്ഞ നീര് തേൻ മേമ്പൊടി ചേർത്തു കഴിക്കുക.
∙ പഴുത്ത പ്ലാവിലഞെട്ടും ജീരകവും ചേർത്തു കഷായം വച്ചു കഴിക്കുക.
∙ മൈലാഞ്ചിയുടെ തളിരു പിഴിഞ്ഞു നീരു കുടിക്കുക / സമൂലം കഷായം വച്ചു കഴിക്കുക
∙ തുളസിയിലയുടെ സ്വരസം ഓരോ ടേബിൾ സ്പൂൺ വീതം രാവിലെയും വൈകിട്ടും പതിവായി സേവിക്കുക
∙ നീലപ്പനക്കിഴങ്ങ് പച്ചയ്ക്കരച്ച് 3—6 ഗ്രാം പാലിൽ കലക്കി ദിവസവും രണ്ടുനേരം വീതം ഒരാഴ്ച സേവിക്കുക
∙ ചെമ്പരത്തിവേര് പാലിൽ അരച്ചു സേവിക്കുക
∙ ചുവന്ന തഴുതാമ വേരുകൊണ്ടു കഷായമുണ്ടാക്കി കഴിക്കുക.
∙ പഴുത്തമാങ്ങ പിഴിഞ്ഞ് തേൻ ചേർത്തു കഴിക്കാം
∙ നെല്ലിക്കാനീരും കരിമ്പിൻനീരും സമം ചേർത്ത് അതിരാവിലെ കഴിക്കുക. ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് തേനോ പഞ്ചസാരയോ ചേർത്തു കഴിക്കുക
∙ കൊഴിഞ്ഞിൽ സമൂലം പൊടിച്ച് 5 ഗ്രാം വീതം ശുദ്ധജലത്തിൽ രണ്ടുനേരം സേവിക്കുക.
ഈ ഔഷധങ്ങളെല്ലാം അവസ്ഥയ്ക്കനുസരിച്ചു വൈദ്യനിർദേശാനുസരണം മാത്രം പ്രയോഗിക്കണം
പ്രഫ. ഡോ. ശ്രീകൃഷ്ണൻ
ധന്വന്തരി ഭവൻ , നെല്ലുവായ്