വീട്ടിൽ നട്ടുവളർത്താവുന്ന ഔഷധച്ചെടികൾ നിരവധിയുണ്ട്. പനിക്കൂർക്ക, തുളസി, തുമ്പ, ആര്യവേപ്പ്, മഞ്ഞൾ, ബ്രഹ്മി, ആടലോടകം...തുടങ്ങി പലതും. ചെടിച്ചട്ടിയിലോ പറമ്പിലോ ഇവ നട്ടുവളർത്തുകയാണെങ്കിൽ പല ചെറുരോഗങ്ങളും വീട്ടിൽ തന്നെ ചികിത്സിച്ചു ഭേദമാക്കാം. വിവിധതരം ഔഷധച്ചെടികൾ, അവയുടെ ഔഷധഗുണം, ചികിത്സാരീതികൾ എന്നിവ വിശദമാക്കുന്ന പംക്തിയാണിത്. നമ്മുടെ കാലാവസ്ഥയ്ക്ക് ഇണങ്ങി വളരുന്ന ഈ ചെടികൾ വീട്ടിലുണ്ടെങ്കിൽ പല അസുഖങ്ങളും തുടക്കത്തിലേ തടയാം.
ആര്യവേപ്പിന്റെ ഇല ചതച്ചെടുത്ത നീര് സ്ഥിരം കഴിച്ചാൽ രോഗപ്രതിരോധശേഷി വർദ്ധിക്കും. ആര്യവേപ്പുള്ളിടത്തു മഹാമാരികൾ അടുക്കില്ല എന്നൊരു ചൊല്ലുണ്ട്. രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാനും അന്തരീക്ഷത്തിലേക്കു ഏറെ ശുദ്ധവായു പ്രദാനം ചെയ്യാനും കഴിവുള്ള ചെടിയാണ് ആര്യവേപ്പ്. ഇതിന്റെ ഇലകളിൽ തട്ടി കടന്നു വരുന്ന കാറ്റ് ശ്വസിക്കുന്നതു പോലും ആരോഗ്യദായകമാണ്. വീടിന്റെ മുൻവശത്തു വേപ്പ് നട്ടു വളർത്തുന്നതും ഇതുകൊണ്ടു തന്നെ. ക്കന്മന്റദ്ധ്രത്സന്റ്യന്ധന്റ ദ്ധnദ്ധ്യ്രന്റ എന്നാണ് വേപ്പിന്റെ ശാസ്ത്രീയ നാമം. വേപ്പിന്റെ വിത്തിലെ പൾപ്പു നീക്കം ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ തടങ്ങളിൽ പാകി മുളപ്പിക്കണം. നല്ല സൂര്യപ്രകാശം കിട്ടുന്നതും നീർവാഴ്ചയുള്ളതുമായ സ്ഥലത്ത് കുഴിയെടുത്ത് ആവശ്യത്തിനു ജൈവവളം ചേർത്ത് നാലു മാസമെങ്കിലും പ്രായമായ തൈകൾ നട്ടു പിടിപ്പിക്കാം. ആര്യവേപ്പിന്റെ ഇലയും തൊലിയും ഉപയോഗിച്ചുള്ള ചില ചികിത്സാവിധികൾ ചുവടെ.
∙ വേപ്പില ചതച്ചെടുത്ത നീര് ഒരു സ്പൂൺ സ്ഥിരമായി കഴിച്ചാൽ രോഗപ്രതിരോധശേഷി കൂടും. പ്രമേഹ രോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാനും ഇതു നല്ലതാണ്. വേപ്പിലനീര് വെറും വയറ്റിൽ കഴിച്ചാൽ വ്രണങ്ങൾ, ത്വക്ക്രോഗങ്ങൾ ഇവയ്ക്കു ശമനമുണ്ടാകും.
∙ പഴുതാര, തേൾ, എട്ടുകാലി തുടങ്ങിയ ക്ഷുദ്രജീവികൾ കടിച്ചുണ്ടാകുന്ന വിഷം ഏശാതിരിക്കാനും ഇതു നല്ലതാണ്.
∙ എട്ടോ പത്തോ വേപ്പില ചവച്ചരച്ചു തിന്നാലും മതി. ചമ്മന്തിയാക്കി ചോറിനൊപ്പവും കഴിക്കാം.
∙ വേപ്പിൻ തളിര് പിഴിഞ്ഞ നീര് അതിദാഹം, മോഹാലസ്യം, അത്യാഗ്നി ഇവ അകറ്റാൻ നല്ലതാണ്.
∙ ഉണങ്ങിയ മഞ്ഞളും വേപ്പിലയും ഗോമൂത്രത്തിൽ അരച്ചു പുരട്ടി രണ്ടു മണിക്കൂറിനുശേഷം ചെത്തിയില ഇട്ട് വെന്തവെള്ളത്തിൽ കുളിപ്പിച്ചാൽ കുട്ടികളുടെ ചിരങ്ങും ചൊറിയും മാറും.
∙ വേപ്പിലയും മഞ്ഞളും കൂടി അരച്ചു പുരട്ടുന്നതും കൊള്ളാം.
∙ വേപ്പില കഷായം തണുപ്പിച്ച് പതിവായി മുഖം കഴുകിയാൽ മുഖക്കുരുവിന്റെ ശല്യം ഉണ്ടാകില്ല.
∙ വേപ്പിന്റെ മൂക്കാത്ത കമ്പ് ചതച്ചു പല്ലുതേയ്ക്കുന്നത് പല്ലിന്റെ മാത്രമല്ല, മോണയുടെയും ആരോഗ്യത്തിനു നന്ന്.
∙ മുറിവുകളും വ്രണങ്ങളും കരിയാൻ ആര്യവേപ്പില വെന്ത വെള്ളം കൊണ്ടു കഴുകിയാൽ മതി. ചെറുതായി പൊള്ളലേറ്റ ഭാഗങ്ങളിൽ വേപ്പില അരച്ചിടുക. പൊള്ളൽ ഉണങ്ങും.
∙ വേപ്പില ഇട്ടു വെള്ളം തിളപ്പിച്ച് തണുപ്പിക്കുക. ഇതുകൊണ്ടു തല കഴുകിയാൽ മുടികൊഴിച്ചിൽ, താരൻ, പേൻ ഇവ കൊഴിയും.
∙ ആര്യവേപ്പിന്റെ പഴുത്ത കായ്കൊണ്ട് സർബത്തുണ്ടാക്കി കഴിച്ചാൽ വയറ്റിലെ കൃമികളെ ഇല്ലാതാക്കാം. ഇലനീരിൽ ഉപ്പുചേർത്തു കഴിക്കുന്നത് കുടൽകൃമികളെ നശിപ്പിക്കും.
∙ വേപ്പിൻ തൊലി, ഗ്രാമ്പു/കറുവാപ്പട്ട ഇവ ചതച്ചു കഷായം വെച്ചു കുടിക്കുന്നത് പനിക്കുശേഷമുള്ള ക്ഷീണവും വിശപ്പില്ലായ്മയും അകറ്റാൻ ഉത്തമം.
∙ ധാന്യങ്ങളിൽ അഞ്ചോ ആറോ വേപ്പില ഇട്ടുവച്ചാൽ കീടങ്ങളുടെ ഉപദ്രവം കുറയും. പച്ചക്കറികളിൽ വേപ്പില ചതച്ച നീരു തളിച്ചാൽ കീടശല്യം കുറയും.
∙ കാർഷിക വിളകൾക്ക് വേപ്പിൻ പിണ്ണാക്ക് അടിവളമായി നൽകാം. നിമാ വിരകളും കുമിൾബാധയും അകറ്റാൻ ഇതു മതി.
ബേബി ജോസഫ്
കാർഷികവിഭാഗം മേധാവി,നാഗാർജുന ആയുർവേദിക് ഗ്രൂപ്പ്
തൊടുപുഴ