പോയ വര്‍ഷത്തെ മികച്ച ഡയറ്റ് പ്ലാനുകള്‍ ?

പലതരം ഡയറ്റ് പ്ലാനുകളുടെ കാലമാണിത്. 2018 ല്‍ താരമായ ഡയറ്റ് ട്രെന്‍ഡുകള്‍ എന്തൊക്കെയാണന്നറിയാമോ? നാല് ഡയറ്റുകളാണ് പോയ വർഷം ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയത്. കീറ്റോജെനിക്, ലോ കാര്‍ബോ, വീഗന്‍, ഇന്റര്‍മിറ്റെന്റ് ഫാസ്റ്റിങ് എന്നിവയായിരുന്നു പോയ വർഷത്തെ മികച്ച ഡയറ്റുകള്‍. 

2018  ലെ ഏറ്റവും മികച്ച ഡയറ്റ് കീറ്റോജെനിക് ഡയറ്റ് ആണെന്നു പറഞ്ഞാല്‍ തെറ്റില്ല. ശരീരത്തിലെ തന്നെ ഫാറ്റ് ഉപയോഗപ്പെടുത്തിയാണ് ഈ ഡയറ്റ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഗ്ലുക്കോസിനു പകരം ഫാറ്റ് ഉപയോഗിച്ചാണ് ഈ ഡയറ്റ് മുന്നോട്ടു പോകുന്നത്. എന്നാല്‍ ദീര്‍ഘകാലം ഭാരം കുറയ്ക്കാന്‍ അല്ലെങ്കില്‍ ഭാരം കുറച്ചത് നിലനിര്‍ത്താന്‍ കീറ്റോ ഡയറ്റ് ചിലപ്പോള്‍ ഫലപ്രദമാകില്ല എന്നൊരു അഭിപ്രായമുണ്ട്. പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നില്ല എന്നതും അപര്യാപ്തതയാണ്.

വീഗന്‍ ഡയറ്റും ഇത് പോലെയാണ്.  24 % ആളുകളാണ്  2018 ല്‍ വീഗന്‍ ഡയറ്റ് പിന്തുടര്‍ന്നത്‌. പച്ചകറികള്‍, മുട്ട, പാല്‍ ഉൽപ്പന്നങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ധാരാളം. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ് ലോ കാര്‍ബോ ഡയറ്റ്. അനിമല്‍ പ്രോട്ടീന്‍ കൂടുതല്‍ ഉപയോഗപ്പെടുത്തി കാര്‍ബോഹൈഡ്രേറ്റ് അംശം കുറയ്ക്കുകയാണ് ഇതില്‍ ചെയ്യുന്നത്. എന്നാല്‍ കാര്‍ബോ കൂടുതലുള്ള പഴങ്ങള്‍, ധാന്യങ്ങള്‍, ബ്രെഡ്‌ എന്നിവ ഒഴിവാക്കുന്നത് ഇതിന്റെ അപാകതയാണ്.

ഇന്റര്‍മിറ്റെന്റ് ഫാസ്റ്റിങ് ധാരാളം ആളുകള്‍ ഇന്നു പിന്തുടരുന്ന രീതിയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഭാരം കുറയ്ക്കാനുമെല്ലാം ഇടയ്ക്കിടെ ഫാസ്റ്റിങ് നല്ലതാണ്. ഒരു ദിവസം  16 മണിക്കൂറാണ് ഇങ്ങനെ ആഹാരം ഒഴിവാക്കേണ്ടത്. ശരീരത്തിലെ ഇന്‍സുലിന്‍ അളവ് നിയന്ത്രിക്കാനും ഭാരം കുറയ്ക്കാനും ഇത് നല്ലതാണ്