ആരോഗ്യവും സന്തോഷവും കിട്ടും, പിന്നെ ഭൂമിയെ രക്ഷിക്കുകയും ചെയ്യാം, നല്ല ശീലങ്ങൾ ജീവിതത്തിന്റെ ഭാഗവുമാക്കാം – പ്ലോഗിങ് ചെയ്താൽ ഇതൊക്കെയാണു മെച്ചം. സംഗതി ഫിറ്റ്നസ് ട്രെൻഡ് തന്നെ. സ്വീഡനിലാണു പിറവി. ഇന്ത്യയിലുൾപ്പെടെ എത്തിയിട്ടു നാളുകളായി. ജോഗിങ്, ട്രെക്കിങ്, വോക്കിങ് തുടങ്ങിയ വ്യായാമമാർഗങ്ങൾ തന്നെയാണിതും. പക്ഷേ ഒരു വ്യത്യാസമുണ്ട്; ഈ വ്യായാമങ്ങൾക്കൊപ്പം വഴിയിലെ മാലിന്യങ്ങൾ കൂടി എടുക്കണം!
പിക് അപ് (എടുക്കുക) എന്ന അർഥമുള്ള സ്വീഡിഷ് വാക്കായ പ്ലോക്ക അപ് (plocka upp), ജോഗിങ്ങിനോടു ചേർത്തുവച്ചാണു ‘ പ്ലോഗിങ് ’ ഉണ്ടായത്. പ്രകൃതി സ്നേഹികൾ ഇത് ഏറ്റെടുത്തതോടെ വിവിധ രാജ്യങ്ങളിൽ ഒട്ടേറെ പ്ലോഗർമാർ രംഗത്തെത്തി. യുവാക്കളും വിദ്യാർഥികളും മാത്രമല്ല, പ്രായമായവരും വെല്ലുവിളികൾ നേരിടുന്നവരും– അങ്ങനെ ശാരീരികക്ഷമതയ്ക്കൊപ്പം നന്മയുടെ സന്തോഷം ആഗ്രഹിക്കുന്ന എല്ലാവരും പിന്നീട് ഇത് ഏറ്റെടുത്തു.
വ്യായാമ നടത്തത്തിനോ ഓട്ടത്തിനോ ഇടയിൽ, കൂട്ടുകാർക്കൊപ്പം മലമുകളിലേക്കോ കാട്ടിലേക്കോ ഉള്ള ട്രെക്കിനിടയിൽ പ്ലോഗർമാർ മാലിന്യങ്ങളും ശേഖരിക്കുന്നു. കുപ്പികൾ, പായ്ക്കറ്റുകൾ, സോഫ്റ്റ് ഡ്രിങ്ക് കാനുകൾ, ഡയപ്പറുകൾ, പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, സിഗരറ്റ് കവറുകൾ, പ്ലാസ്റ്റിക് ഗ്ലാസുകൾ, വലിച്ചെറിഞ്ഞ പാത്രങ്ങൾ – തുടങ്ങിയവയെല്ലാം ഇവർ പെറുക്കിയെടുക്കും. പ്രകൃതി സൗഹൃദ ബാഗുകളിൽ നിറച്ചു സംസ്കരണ കേന്ദ്രങ്ങളിലെത്തിക്കും.
കൂട്ടം ചേർന്നു വർത്തമാനം പറഞ്ഞും വ്യായാമം ചെയ്തും മാലിന്യം ശേഖരിക്കുമ്പോൾ ഫിറ്റ്നസിനൊപ്പം സന്തോഷവും സംതൃപ്തിയും ഏറുന്നെന്നു പ്ലോഗർമാർ. വിദേശരാജ്യങ്ങളിൽ ഇത്തരം ഗ്രൂപ്പുകൾ സജീവമായതിനു പിന്നാലെ ഇന്ത്യയും പ്ലോഗിങ്ങിനു വാതിൽ തുറന്നു.
മഹാരാഷ്ട്രയിലെ താനെയിലാണു തുടക്കം. പിന്നാലെ ഡൽഹിയും മുംബൈയും ബെംഗളൂരുമെല്ലാം പ്ലോഗിങ് വഴിയിലായി. പലയിടത്തും പ്ലോഗിങ് പാർട്ടികളും നടത്തുന്നു. കാടോ പുഴയോരമോ പൊതുസ്ഥലമോ ഒക്കെ സംഘം ചേർന്ന് ആടിപ്പാടി, വ്യായാമം ചെയ്ത്, വൃത്തിയാക്കുന്ന പാർട്ടിയാണിത്. ആഴ്ചകൾക്കു മുൻപ് കർണാടകയിലെ ബെന്നാർഘട്ട നാഷനൽ പാർക്കിൽ നടന്ന പ്ലോഗിങ് പാർട്ടിയിൽ 30 അംഗ സംഘം ശേഖരിച്ചത് 500 കിലോ മാലിന്യം!
നമ്മുടെ കൊച്ചിയിൽ എൻജിനീയർ വിദ്യാർഥികൾ ചേർന്നാണു കേരളത്തിലെ ആദ്യത്തെ പ്ലോഗിങ്ങിനു ചുക്കാൻ പിടിച്ചത്. എല്ലായിടങ്ങളിലും പ്ലോഗിങ് ട്രെൻഡ് ഹിറ്റായാൽ കേരളം മാലിന്യവിമുക്തമാകും, തീർച്ച. ഒപ്പം പൊണ്ണത്തടിയും ജീവിതശൈലീ രോഗങ്ങളും കുറയുകയും ചെയ്യും.