വലിയൊരു ഇടവേളയ്ക്കു ശേഷം വർക്കൗട്ട് തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ
വർഷങ്ങളുടെ ഇടവേള കഴിഞ്ഞ് തിരികെ വന്നത് ലാലേട്ടന്റെ പഞ്ച് പോലെ 'പുതിയ കളികൾ കാണാനും പഠിപ്പിക്കാനും' മാത്രമല്ലാതെ, പണ്ടെങ്ങാണ്ട് പാതിവഴിയിൽ ഇട്ടോണ്ട് പോയ വർക്കൗട്ട് മോഹങ്ങൾ ഒന്നൂടെ പൂവണിയിപ്പിക്കാൻ കൂടിയാണെങ്കിലോ...? എങ്കിലിങ്ങ് വന്നേ... ദേ ഈ പറയുന്ന അഞ്ച് കാര്യങ്ങൾ ഒന്നിരുത്തി മനസ്സിലാക്കിയിട്ട് മതി
വർഷങ്ങളുടെ ഇടവേള കഴിഞ്ഞ് തിരികെ വന്നത് ലാലേട്ടന്റെ പഞ്ച് പോലെ 'പുതിയ കളികൾ കാണാനും പഠിപ്പിക്കാനും' മാത്രമല്ലാതെ, പണ്ടെങ്ങാണ്ട് പാതിവഴിയിൽ ഇട്ടോണ്ട് പോയ വർക്കൗട്ട് മോഹങ്ങൾ ഒന്നൂടെ പൂവണിയിപ്പിക്കാൻ കൂടിയാണെങ്കിലോ...? എങ്കിലിങ്ങ് വന്നേ... ദേ ഈ പറയുന്ന അഞ്ച് കാര്യങ്ങൾ ഒന്നിരുത്തി മനസ്സിലാക്കിയിട്ട് മതി
വർഷങ്ങളുടെ ഇടവേള കഴിഞ്ഞ് തിരികെ വന്നത് ലാലേട്ടന്റെ പഞ്ച് പോലെ 'പുതിയ കളികൾ കാണാനും പഠിപ്പിക്കാനും' മാത്രമല്ലാതെ, പണ്ടെങ്ങാണ്ട് പാതിവഴിയിൽ ഇട്ടോണ്ട് പോയ വർക്കൗട്ട് മോഹങ്ങൾ ഒന്നൂടെ പൂവണിയിപ്പിക്കാൻ കൂടിയാണെങ്കിലോ...? എങ്കിലിങ്ങ് വന്നേ... ദേ ഈ പറയുന്ന അഞ്ച് കാര്യങ്ങൾ ഒന്നിരുത്തി മനസ്സിലാക്കിയിട്ട് മതി
വർഷങ്ങളുടെ ഇടവേള കഴിഞ്ഞ് തിരികെ വന്നത് ലാലേട്ടന്റെ പഞ്ച് പോലെ 'പുതിയ കളികൾ കാണാനും പഠിപ്പിക്കാനും' മാത്രമല്ലാതെ, പണ്ടെങ്ങാണ്ട് പാതിവഴിയിൽ ഇട്ടോണ്ട് പോയ വർക്കൗട്ട് മോഹങ്ങൾ ഒന്നൂടെ പൂവണിയിപ്പിക്കാൻ കൂടിയാണെങ്കിലോ...? എങ്കിലിങ്ങ് വന്നേ... ദേ ഈ പറയുന്ന അഞ്ച് കാര്യങ്ങൾ ഒന്നിരുത്തി മനസ്സിലാക്കിയിട്ട് മതി ഇനിയങ്ങോട്ടെന്തും
ഒന്നാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം നിലവിലെ ആരോഗ്യസ്ഥിതി എങ്ങനെ എന്നത് തന്നെയാണ്. ഒരുപാട് നാളുകൾക്കു ശേഷം വർക്കൗട്ട് ചെയ്ത് തുടങ്ങുമ്പോൾ മുൻപത്തെ അതേ ആരോഗ്യസ്ഥിതിയിൽ ആയിരിക്കണം എന്നില്ല. പ്രസവവും അസുഖങ്ങളും പരുക്കും ജോലിയുമായും മറ്റും ബന്ധപ്പെട്ട സ്ട്രെസുകളുമാണ് ഏറ്റവുമധികം ആളുകളെ വർക്കൗട്ടിൽ നിന്നും ദീർഘകാലം അകറ്റി നിർത്തുന്ന നാല് പ്രധാന കാരണങ്ങൾ. ഇവയെല്ലാം ആരോഗ്യത്തെ പലരീതിയിൽ താഴോട്ട് വലിക്കുന്നവയുമാണ്. ഇഞ്ച്വറി കൊണ്ടാണ് ബ്രേക്ക് സംഭവിച്ചതെങ്കിൽ വർക്കൗട്ടിൽ പരിമിതികളുണ്ടാവാം, ചില വ്യായാമങ്ങൾ അപ്പാടെ ഒഴിവാക്കേണ്ടി വന്നേക്കാം, ചില മൂവ്മെന്റുകൾക്ക് പകരം മറ്റു ചിലവ ചെയ്യേണ്ടി വന്നേക്കാം . അസുഖങ്ങളാണ് കാരണമെങ്കിൽ വർക്കൗട്ട് തിരഞ്ഞെടുക്കാനുള്ള രീതിയും ആ തിരഞ്ഞെടുത്ത വർക്കൗട്ടുകൾ ചെയ്യാനുള്ള രീതിയുംതന്നെ അപ്പാടെ മാറ്റേണ്ടി വന്നേക്കാം. ഇവിടെ ഓരോ അസുഖത്തിനും വെവ്വേറേ രീതിയിലാണ് മാറ്റങ്ങൾ വരുത്തേണ്ടി വരുക. ഉദാഹരണത്തിന് ഹൃദയസംബന്ധമായ അസുഖം വന്ന വ്യക്തിക്ക് നൽകുന്ന വർക്കൗട്ട് പാറ്റേൺ അല്ല ശ്വാസകോശസംബന്ധമായ അസുഖമുള്ള വ്യക്തിക്ക്. മരുന്നുകൾ കഴിക്കുന്ന ആളാണെങ്കിൽ അതനുസരിച്ചുള്ള മാറ്റങ്ങളും വേണ്ടി വന്നേക്കാം. ചില മരുന്നുകൾ കഴിക്കുന്ന സമയവും വ്യായാമം ചെയ്യുന്ന സമയവും തമ്മിൽ ബന്ധമുണ്ട്. ചുരുക്കത്തിൽ വലിയൊരു ഇടവേളക്ക് ശേഷം വീണ്ടും വ്യായാമം തുടങ്ങുന്നതിനു മുൻപ് ആദ്യം ചെയ്യേണ്ടത് ഒരു ഡോക്ടറേ കണ്ട് ആവശ്യമായ ടെസ്റ്റുകളെല്ലാം ചെയ്ത് ഇക്കാര്യങ്ങളെല്ലാം തീരുമാനിക്കലാണ്.
ഇനി അസുഖമോ പരുക്കോ ജോലിയോ പ്രസവമോ അല്ലാതെ മോട്ടിവേഷൻ ഇല്ലാത്തതോ, ചുറ്റുമുള്ളവരിൽ നിന്നും ഏറ്റ പരിഹാസങ്ങളോ നെഗറ്റീവ് കമന്റുകളോ, മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന തോന്നലോ ഒക്കെ പലരെയും വർക്കൗട്ടിന്റെ ലോകത്ത് നിന്നും പിറകോട്ട് വലിക്കാറുണ്ട്. ഇതേ സാഹചര്യങ്ങൾ വീണ്ടും വരാതെയോ, ഇനി വന്നാൽ തന്നെ അതെങ്ങനെ നേരിടണം എന്ന മുന്നൊരുക്കമില്ലാതെയോ വർക്കൗട്ട് പുനരാരംഭിച്ചാൽ കാര്യങ്ങളൊക്കെ വീണ്ടും കൈവിട്ട് പോവാൻ അധികസമയം വേണ്ട. വർക്കൗട്ട് ചെയ്യാനും അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുൻവിധികളൊന്നുമില്ലാതെ ചർച്ച ചെയ്യാനും കംഫർട്ടബിളായൊരു സൗഹൃദഗ്രൂപ്പ് കൂടെയുണ്ടെങ്കിൽ തന്നെ ഇത്തരം പല പ്രശ്നങ്ങളും വളരെ എളുപ്പം മറികടക്കാനാവും. മടുത്ത് പോവുന്ന സമയങ്ങളിൽ പരസ്പരം മോട്ടിവേറ്റ് ചെയ്യാൻ നല്ലൊരു വർക്കൗട്ട് ബഡ്ഡിയെ കഴിഞ്ഞേ മറ്റെന്തുമുള്ളൂ. അവരവർക്ക് ആസ്വാദ്യകരമായ രീതിയിലേക്ക് വ്യായാമത്തെ കൊണ്ടുവരികയും വേണം. ഒരു നല്ല ഫിറ്റ്നസ് പ്രൊഫഷണലിന് ഇക്കാര്യത്തിൽ സഹായിക്കാനാവും.
വർക്കൗട്ടിന്റെ ലോകത്തേക്കു തിരിച്ച് വന്ന് കൃത്യമായും പതിവായും ചെയ്യുന്ന വ്യായാമങ്ങൾക്ക് നേരിട്ട്ുതന്നെ നമ്മളെ ശാരീരികമായും മാനസികമായും സ്ട്രോങ്ങ് ആക്കാൻ സാധിക്കും. മേലനങ്ങുന്നത് വഴി ശരീരം ആകെയൊന്ന് ഉഷാറായി നമ്മളെ ഹാപ്പിയാക്കുന്ന എൻഡോർഫിനുകൾ ഉണ്ടാകുന്നുണ്ട്. സ്വയം വില തോന്നുന്നതും, ബൗദ്ധികശേഷി വർധിക്കുന്നതും എന്നു വേണ്ട ഇടയ്ക്കിടെ മുറിയുന്ന ഉറക്കം പോലും പഴയ പടിയാകാൻ ഇത് സഹായിക്കും. വർക്കൗട്ട് ഗോളുകൾ ചെറിയ ചെറിയ കഷ്ണങ്ങളായി മുറിക്കുകയും, അവയിലോരോന്നും എത്തിപ്പിടിക്കുമ്പോൾ അവനവന് തന്നെ ട്രീറ്റ് നൽകുകയും ചെയ്യാം. മുൻപ് വല്ലാതെ നെഗറ്റിവിറ്റി നൽകിയ വ്യക്തികളിൽ നിന്നും അത്തരം പരിസരങ്ങളിൽ നിന്നും അകന്നു നിൽക്കാൻ പറ്റുമെങ്കിൽ അതു ചെയ്യാം. ഇനി മുകളിൽ പറഞ്ഞതുപോലെയൊക്കെ ശ്രമിച്ചിട്ടും ഇത്തരം വെല്ലുവിളികളെ അതിജീവിക്കാൻ പറ്റുന്നില്ലെങ്കിൽ മടിക്കാതെ ഒരു മാനസികാരോഗ്യവിദഗ്ദന്റെ സഹായം തേടണം.
ഇനി അടുത്തത് നിലവിലെ സമയത്തിനും സാഹചര്യത്തിനും അനുയോജ്യമായ രീതിയിൽ നമ്മുടെ വർക്കൗട്ട് ലക്ഷ്യങ്ങൾ മാറ്റിയെഴുതുക എന്നതാണ്. സാഹചര്യങ്ങൾ മുൻപത്തെ പോലെയാവില്ല, ഇപ്പോൾ ജോലിയുടെ സമയം മാറിയിട്ടുണ്ടാവാം, പാറ്റേൺ മാറിയിട്ടുണ്ടാവാം, ഇടപെടേണ്ട ആളുകളുടെ എണ്ണത്തിൽ വ്യത്യാസം വന്നിട്ടുണ്ടാവാം, വർക്കൗട്ട് ചെയ്യാൻ ലഭ്യമായ സൗകര്യങ്ങളിൽ മാറ്റം വന്നിട്ടുണ്ടാവാം. ഇതെല്ലാം കാരണം നമുക്ക് വർക്കൗട്ടിനു വേണ്ടി മാറ്റി വയ്ക്കാൻ പറ്റുന്ന സമയത്തിന്റെ അളവും അനുപാതവും അപ്പാടെ മാറിയിട്ടുണ്ടാവും. പ്രസവശേഷം തിരികെ വരുന്നവരാണെങ്കിൽ സദാ ഒരു കണ്ണും കാതും കുഞ്ഞുങ്ങളുടെ കൂടെ ഉണ്ടാവണം. മാത്രമല്ല, അവരുറങ്ങുന്ന സമയം പോലെ ഇടയിൽ വീണു കിട്ടുന്ന നേരങ്ങളിലേക്ക് വർക്കൗട്ട് ക്രമീകരിക്കേണ്ടി വന്നേക്കാം. പുതിയ സ്ഥലത്തേക്ക് താമസം മാറ്റുമ്പോൾ ജിം വളരെ ദൂരെ സ്ഥലത്താണെങ്കിൽ ആ യാത്ര കൂടെ കണക്കിലെടുക്കേണ്ടി വരും. ഇങ്ങനെ ഇത്തരം സാഹചര്യങ്ങളെല്ലാം വ്യക്തമായി പരിഗണിച്ച് നിശ്ചയിച്ച ഒരു ലക്ഷ്യമാവണം ഇനിയങ്ങോട്ട്. കൃത്യമായ സമയക്രമം നിശ്ചയിച്ചതാവണം. മുന്നോട്ട് പോകുന്ന പാതയിൽ പ്രോഗ്രസ് ഉണ്ടോ ഇല്ലയോ എന്ന് കൃത്യമായ ഇടവേളകളിൽ അളക്കാൻ പറ്റുന്നതാവണം. പുതിയ എല്ലാ പരിമിതികൾക്കിടയിലും ദീർഘകാലം മുന്നോട്ട് കൊണ്ടുപോകാൻ പറ്റുന്നതാവണം. ഇല്ലെങ്കിൽ പിന്നീട് വർഷങ്ങൾക്ക് ശേഷം ഇതൊക്കെത്തന്നെ ആവർത്തിക്കേണ്ടി വരും.
ഏത് പ്രായത്തിലുള്ളവർക്കും, അത് എൺപതുകളിലോ തൊണ്ണൂറുകളിലോ ആണെങ്കിൽ പോലും വ്യായാമം ചെയ്യാം. വലിയൊരു ഗ്യാപ്പിനു ശേഷം വർക്കൗട്ട് റീസ്റ്റാർട്ട് ചെയ്യുമ്പോൾ എപ്പോഴും നമ്മുടെ നിലവിലെ പ്രായവും അതിനനുസരിച്ച് മാറിയ ഫിറ്റ്നസ് ലെവൽ എന്താണ് എന്നുള്ളതും കൂടെ പരിഗണിക്കണം. ദീർഘകാലം വ്യായമങ്ങളൊന്നും ഇല്ലാതിരുന്നവർക്ക് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും കപ്പാസിറ്റി കുറയും, മസിലുകൾക്ക് ശോഷണം സംഭവിക്കും, ജോയന്റുകൾക്ക് പഴയ വഴക്കം നഷ്ടപ്പെടും, ശരീരത്തിന്റെ ബാലൻസും പ്രതികരിക്കാനുള്ള വേഗതയും കുറയും, ശരീരത്തിലെ ഫാറ്റിന്റെ അളവ് കൂടും. ഇതെല്ലാം കണക്കിലെടുക്കാതെ പണ്ട് ചെയ്ത് പരിചയമുള്ള അതേ വർക്കൗട്ട് വർഷങ്ങൾക്ക് ശേഷം ആവർത്തിച്ചാൽ വളരെ ഗുരുതരമായ പരുക്കുകളായിരിക്കും കൂടെ വരുന്നത്. വളരെ ലളിതമായി തുടങ്ങുകയും, ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിനനുസരിച്ച് പതിയെ വ്യയാമത്തിന്റെ തീവ്രത കൂട്ടിക്കൊണ്ട് വരികയും ചെയ്യാം.
ഇനി മുകളിൽ പറഞ്ഞതെല്ലാം ശ്രദ്ധിച്ചാലും വ്യായാമത്തിന്റെ ഗുണങ്ങൾ കൃത്യമായി ലഭിക്കാൻ നല്ല ഭക്ഷണശീലങ്ങളും വെള്ളം കുടിക്കലും വേണ്ടത്ര ഉറക്കവും കൂടിയുണ്ടായേ തീരൂ. എത്രയൊക്കെ കൃത്യമായി ചിട്ടയായി ആസ്വാദ്യകരമായി വ്യായാമം ചെയ്താലും കഴിക്കുന്ന ഭക്ഷണം ശ്രദ്ധിച്ചില്ലെങ്കിൽ അതിന്റെയൊന്നും റിസൽറ്റ് ശരീരത്തിൽ ശരിയായി കാണില്ല. ഇതിങ്ങനെ കുറച്ച് കാലം മുന്നോട്ട് പോയാൽ മോട്ടിവേഷൻ താഴേക്ക് പോവുകയും ചെയ്യും. ഇടവേളക്ക് ശേഷം വർക്കൗട്ട് ആരംഭിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് പറഞ്ഞ പ്രധാന കാര്യങ്ങളെല്ലാം - നിലവിലെ പ്രായം, ആരോഗ്യസ്ഥിതി, അസുഖങ്ങൾ, പരുക്കുകൾ, കഴിക്കുന്ന മരുന്നുകൾ, വർക്കൗട്ടിനായി നീക്കി വയ്‌ക്കാനുദ്ദേശിക്കുന്ന സമയം, എന്ത് ആവശ്യത്തിനാണ് വർക്കൗട്ടുകൾ ചെയ്യുന്നത് എന്നിവയെല്ലാം കണക്കിലെടുത്തായിരിക്കണം ഭക്ഷണശീലങ്ങളും ക്രമീകരിക്കേണ്ടത്. ശരീരത്തിനാവശ്യമായ പ്രോട്ടീനും ഫൈബറും മറ്റ് പോഷകങ്ങളുമെല്ലാം ലഭിക്കണം. എന്നു കരുതി ഒന്നാമത്തെ ദിവസം തന്നെ സ്വിച്ചിട്ടത് പോലെ ഇവയെല്ലാം അങ്ങ് നൂറ് ശതമാനം ശരിയാക്കാൻ നിൽക്കരുത്. ശരീരത്തിന് ആവശ്യമായ സമയം നൽകി ഒരു ഫിറ്റ്നസ് ന്യൂട്രീഷ്യൻ സ്പെഷലിസ്റ്റിന്റെ മേൽനോട്ടത്തിൽ വേണം ഇത് ചെയ്യാൻ.
അപ്പോൾ കാര്യങ്ങൾക്കൊക്കെ ഒരു വ്യക്തത ലഭിച്ചല്ലോ... എന്തൊക്കെ ശ്രദ്ധിക്കണം എന്ന് മനസ്സിലായല്ലോ.... വ്യായാമത്തിന്റെ ലോകത്തു നിന്നും സംഭവിച്ച ഇടവേള ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ എത്രയോ ആവട്ടെ, ഇവിടുന്നങ്ങോട്ട് ധൈര്യമായി തിരികെ ആരോഗ്യത്തിന്റെ ട്രാക്കിലേക്ക് മുന്നോട്ടിറങ്ങെന്നേ...
Content Summary: Starting workout after a long break?.. You should take care these things