തുടർച്ചയായി വർക്ഔട്ട് ചെയ്യാൻ കഴിയാത്തതിന്റെ കാരണങ്ങൾ ഇതാണോ? പരിഹാരമുണ്ട്!
Mail This Article
ആരോഗ്യമുള്ള ജീവിതത്തിന് നിത്യവുമുള്ള വ്യായാമവും വര്‍ക്ഔട്ടും ഒഴിച്ചു കൂടാനാകാത്തതാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് പലര്‍ക്കും ഇത് പിന്തുടരാന് പറ്റാതെ വരാറുണ്ട്. വര്‍ക്ഔട്ടിന് വെല്ലുവിളി ഉയര്‍ത്തുന്ന ചില കാരണങ്ങളും അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളും ഇനി പറയുന്നവയാണ്.
1. പ്രചോദനമില്ലായ്മ
ഓരോ ദിവസവും വര്‍ക്ഔട്ട് ചെയ്യാനുള്ള പ്രചോദനമുണ്ടാക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആസ്വാദ്യകരമായ വ്യായാമ മുറ തിരഞ്ഞെടുത്ത് കൈവരിക്കാവുന്ന ലക്ഷ്യങ്ങള്‍ കുറിച്ച് അതില്‍ മുന്നേറാന്‍ ശ്രമിക്കുന്നത് ഇതിന് ഒരളവ് വരെ പരിഹാരമുണ്ടാക്കും.
2. സമയമില്ലായ്മ
നിത്യജീവിതത്തിലെ തിരക്കുകളില്‍ വ്യായാമത്തിനായി കുറച്ച് സമയം മാറ്റി വയ്ക്കാന്‍ ചിലരെ കൊണ്ട് സാധിച്ചെന്ന് വരില്ല. നിത്യവുമുള്ള ജോലികള്‍ക്ക് മുന്‍ഗണനാ ക്രമം നിശ്ചയിക്കേണ്ടതും മറ്റേതൊരു ജോലിയും പോലെ വര്‍ക്ഔട്ടും പ്രധാനമാണെന്ന് മനസ്സിലാക്കി അതിന് സമയം ഒരുക്കേണ്ടതും സുപ്രധാനമാണ്. അധികം സമയം ഇല്ലാത്തവര്‍ തീവ്രമായ വര്‍ക്ഔട്ടുകള്‍ കുറച്ചു സമയം കൊണ്ട് തീര്‍ക്കാന്‍ ശ്രമിക്കേണ്ടതാണ്.
3. അറിവില്ലായ്മ
ജിമ്മിലോ, നീന്തലിനോ, നൃത്തത്തിനോ ഒക്കെ ആദ്യമായി പോകുന്നവര്‍ക്ക് അത് നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ടത് എങ്ങനെയാണെന്ന് ചിലപ്പോള്‍ അറിവുണ്ടായെന്ന് വരില്ല. ഒരു ഫിറ്റ്നസ് പ്രഫഷണലിന്റെ സഹായം ഈയവസ്ഥയില്‍ മാര്ഗ്ഗനിര്ദ്ദേശത്തിന് നല്ലതാണ്.
4. പരുക്ക് പറ്റുമോ എന്ന ഭയം
പുതുതായി ജിമ്മോ വര്‍ക്ഔട്ടോ ഒക്കെ തുടങ്ങുമ്പോള്‍ പേശികള്‍ക്ക് വേദനയൊക്കെ തോന്നാം. ഇത് ചിലരില്‍ തങ്ങള്‍ക്ക് ഈ വ്യായാമങ്ങള്‍ പരുക്കേല്പ്പിക്കുമോ എന്ന ഭയം ഉണ്ടാക്കാം. വ്യായാമത്തിന് മുന്‍പ് വാംഅപ്പ് ചെയ്യുന്നതും വ്യായാമത്തിന് ശേഷം ആവശ്യത്തിന് വിശ്രമം ശരീരത്തിന് നല്‍കുന്നതും പരുക്കേല്‍ക്കാനുള്ള സാധ്യത കുറയ്ക്കും.
5. പിന്തുണയില്ലായ്മ
ഒറ്റയ്ക്കുള്ള വര്‍ക്ഔട്ട് ചിലര്‍ക്ക് ബോറടി ഉണ്ടാക്കാം. ഇത് വര്‍ക്ഔട്ടിന് മുടക്കം വരുത്താന്‍ കാരണമാകാം. ഇതിനാല്‍ വര്‍ക്ഔട്ടിന് പങ്കാളികളാരെയെങ്കിലും കണ്ടെത്തുന്നതോ ഫിറ്റ്നസ് കമ്മ്യൂണിറ്റികളില്‍ അംഗമാകുന്നതോ ഗുണം ചെയ്യും. ഇത് നിത്യവും വര്‍ക്ക് ഔട്ട് ചെയ്യാന്‍ പ്രചോദനവും പിന്തുണയും ലഭ്യമാക്കും.
6. ഭാരക്കുറവിലെ സമതലാവസ്ഥ
വര്‍ക്ഔട്ട് ആരംഭിക്കുമ്പോള്‍ ഭാരം വളരെ വേഗം കുറയുന്നതും കുറച്ച് നാളുകള്‍ക്ക് ശേഷം ഭാരം മാറ്റമില്ലാതെ പോകുന്നതും കാണാം. ഭാരക്കുറവിലെ ഈ സമതലാവസ്ഥ ചിലരെ വര്‍ക്ഔട്ട് പതിവായി ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാം. വര്ക്ഔട്ടുകളില് വൈവിധ്യം കൊണ്ടു വന്നും പുതിയ തരം വ്യായാമങ്ങള്‍ പരിശീലിച്ചും തീവ്രത വര്‍ധിപ്പിച്ചും ഫിറ്റ്നസ് പ്രഫഷണലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ചുള്ള മുറകള്‍ ചെയ്തു നോക്കിയും ഈ അവസ്ഥ മറികടക്കാന്‍ കഴിയും.
7. കാലാവസ്ഥ
മഴ, തണുത്ത കാലാവസ്ഥ, അത്യധികമായ ഉഷ്ണം എന്നിവയെല്ലാം പലരിലും മടിയുണ്ടാക്കി വര്‍ക്ക് ഔട്ട് മുടക്കിക്കും. ഇത്തരം പ്രതികൂല കാലാവസ്ഥയില്‍ അകത്തിരുന്ന് തന്നെ ചെയ്യാവുന്ന വര്‍ക്ഔട്ടുകള്‍ പിന്തുടരേണ്ടതാണ്.
8. സാമ്പത്തിക ബുദ്ധിമുട്ടുകള്‍
ജിമ്മിലും വര്‍ക്ഔട്ട് ക്ലാസുകളിലുമൊക്കെ ചേരാനുള്ള ചെലവും പലരെയും വര്‍ക്ക് ഔട്ടില്‍ നിന്ന് പിന്തിരിപ്പിക്കാറുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ശരീരഭാരം ഉപയോഗിച്ച് ചെയ്യാവുന്ന വ്യയാമങ്ങള്‍, വീട്ടിലിരുന്ന് ചെയ്യാവുന്ന വര്‍ക്ഔട്ടുകള്‍, നടത്തം, ഓട്ടം പോലുള്ള വ്യായാമങ്ങള്‍ എന്നിവ പിന്തുടരാവുന്നതാണ്. വ്യായാമം ചെയ്യാന്‍ പണമല്ല താത്പര്യമാണ് പ്രധാനം.
9. മാനസികവും വൈകാരികവുമായ തടസ്സങ്ങള്‍
ഉത്കണ്ഠ, വിഷാദം പോലുള്ള മാനസിക പ്രശ്നങ്ങളും വൈകാരിക പ്രശ്നങ്ങളും വര്‍ക്ഔട്ട് ചെയ്യാനുള്ള താത്പര്യത്തെ കെടുത്താറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തെറാപ്പി, ധ്യാനം, യോഗ പോലുള്ളവ സഹായിക്കും.
10. സ്ഥിരതയില്ലായ്മ
ആരംഭശൂരത്വം വ്യായാമത്തിന്റെ കാര്യത്തില്‍ വലിയ തടസ്സമാണ്. തുടക്കത്തില്‍ വലിയ ആവേശം കാണിച്ച് വലിയ കഠിനമായ വ്യായാമങ്ങള്‍ ചെയ്തിട്ട് ഒന്ന് രണ്ടാഴ്ച കൊണ്ട് തന്നെ ഒട്ടും ചെയ്യാതിരിക്കുന്ന അവസ്ഥയിലേക്ക് ഇങ്ങനെയുള്ളവര്‍ എത്താം. വളരെ ചെറിയ വ്യായാമങ്ങളില്‍ ആരംഭിച്ച് കൈവരിക്കാവുന്ന ലക്ഷ്യങ്ങള്‍ കുറിച്ച് വേണം വ്യായാമത്തില്‍ മുന്നേറാന്‍. തീവ്രതയേക്കാള്‍ സ്ഥിരതയ്ക്ക് വ്യായാമത്തില്‍ പ്രാധാന്യം നല്‍കുക.
നടുവേദന അകറ്റാൻ ലളിതമായ സ്ട്രെച്ചുകൾ: വിഡിയോ