ഇന്റർമിറ്റന്റ് ഫാസ്റ്റിങ്, കീറ്റോ ഡയറ്റ്; ഭാരം കുറയ്ക്കാൻ മികച്ച ഭക്ഷണരീതി ഏത്?

Mail This Article
ഇന്ന് വളരെ പ്രചാരമേറിയ രണ്ട് ഭക്ഷണരീതികളാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങും കീറ്റോ ഡയറ്റും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഈ രണ്ടു ഡയറ്റുകൾക്കും അവയുടേതായ ഗുണങ്ങളുണ്ട്. ഒരാളുടെ ജീവിതശൈലിയും ലക്ഷ്യങ്ങളും അനുസരിച്ച് അനുയോജ്യമായ ഡയറ്റ് തെരഞ്ഞെടുക്കാം.
ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങ്
എന്തു കഴിക്കുന്നു എന്നതിനെക്കാൾ എപ്പോൾ കഴിക്കുന്നു എന്നതിലാണ് ഈ ഡയറ്റ് ശ്രദ്ധിക്കുന്നത്. 16 മണിക്കൂർ ഉപവാസവും 8 മണിക്കൂറിനുള്ളിൽ ഭക്ഷണവും (16:8) എന്നതിലാണ് ഈ ഭക്ഷണരീതി ഊന്നൽ കൊടുക്കുന്നത്. ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് സ്വാഭാവികമായും കുറയും. ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടും. കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കും. കൂടാതെ ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങ് പിന്തുടരുന്നത് ദഹനം മെച്ചപ്പെടുത്തുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യും. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഈ ഭക്ഷണരീതി സഹായിക്കും. പ്രത്യേകിച്ച് ഭക്ഷണങ്ങൾ ഒന്നും ഒഴിവാക്കാതെ ഫ്ലെക്സിബിൾ ആയ ഒരു ഡയറ്റ് ഇഷ്ടപ്പെടുന്നവർക്ക് പിന്തുടരാൻ പറ്റിയ മികച്ച ഒരു ഡയറ്റാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങ്.
കീറ്റോ ഡയറ്റ്
കാർബോഹൈഡ്രേറ്റ് അഥവാ അന്നജത്തിന്റെ അളവ് കുറച്ച് കൊഴുപ്പിന്റെ അളവ് കൂടുതലുള്ള ഒരു ഭക്ഷണരീതിയാണിത്. അന്നജം ഒഴിവാക്കുന്നതു വഴി കൊഴുപ്പിനെ കൂടുതൽ ഫലപ്രദമായി കത്തിക്കാൻ ശരീരത്തിനു കഴിയുന്നു എന്നതാണ് കീറ്റോഡയറ്റിന്റെ ഗുണം. വിശപ്പ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കീറ്റോഡയറ്റ് സഹായിക്കും. ചില രോഗങ്ങൾ വരാതെ തടയാനും ഇതു സഹായിക്കും. അന്നജം കുറഞ്ഞ ഭക്ഷണങ്ങളും കൊഴുപ്പു കൂടിയ ഭക്ഷണവും ഇഷ്ടപ്പെടുന്നവർക്ക് യോജിച്ച ഡയറ്റ് ആണ് കീറ്റോ.
ഏതാണ് മികച്ചത് ?
ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ കീറ്റോ ഡയറ്റ് ആണ് നല്ലത്. കാരണം വളരെ പെട്ടെന്ന് തന്നെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനാൽ വളരെ പെട്ടെന്ന് തന്നെ ഫലം ലഭിക്കും. ദീർഘനാളത്തേക്ക് ഉള്ള ഫലം ലഭിക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പിന്തുടരാം. ഭക്ഷണനിയന്ത്രണം ഒന്നും ഇല്ലാത്തതിനാൽ പിന്തുടരാൻ എളുപ്പം ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങാണ്. മൊത്തത്തിൽ ആരോഗ്യം മെച്ചപ്പെടുത്താൻ രണ്ട് ഭക്ഷണരീതികളും സഹായിക്കും. എങ്കിലും കൂടുതൽ അയവു (flexible) നൽകുന്നത് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങാണ്. നിങ്ങൾക്ക് യോജിച്ച ഡയറ്റ് തെരഞ്ഞെടുക്കാം. ഭക്ഷണം ഒഴിവാക്കുന്നത് എളുപ്പമാണെങ്കിൽ ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങ് തെരഞ്ഞെടുക്കാം. ആരോഗ്യകരമായ കൊഴുപ്പുകൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ, അന്നജം (carbs) ഒഴിവാക്കാനാകുമെങ്കിൽ കീറ്റോ ഡയറ്റ് പിന്തുടരാം. ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തും മുൻപ് ഒരു ആരോഗ്യവിദഗ്ധന്റെ സഹായം തേടേണ്ടതാണ്.