വ്യായാമം ചെയ്യുന്നതിനെക്കുറിച്ച് പലരും പല സംശയങ്ങളുമായി സമീപിക്കാറുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. മിക്കവരുടെയും സംശയം എപ്പോഴാണ് വ്യായാമം ചെയ്യേണ്ടതെന്നാണ്. എന്നാൽ കേട്ടോളൂ, ലണ്ടനിലെ ആരോഗ്യ ഗവേഷകർ നടത്തിയ പഠനത്തിൽ നിന്നും കണ്ടെത്തിയിരിക്കുന്നത് വെറുംവയറ്റിൽ വ്യായാം ചെയ്യുന്നതാണ് ശരീരത്തിന് ഏറ്റവും പ്രയോജനം ചെയ്യുന്നതെന്നാണ്.
ഫിറ്റ്നസ് നിലനിർത്താൻ വെറുംവയറ്റിൽ ചെയ്യുന്ന വ്യായാമത്തിന് ഇരട്ടി ഗുണമുണ്ടെന്നാണ് ഗവേഷകരുടെ അവകാശവാദം. പഠനത്തിന്റെ ഭാഗമായി പുരുഷന്മാരെ രണ്ടു വിഭാഗങ്ങളാക്കി തിരിച്ചു. ഒരു വിഭാഗത്തോട് രാവിലെ ഭക്ഷണം കഴിക്കാതെ തന്നെ ഒരു മണിക്കൂർ സമയം വ്യായാമം ചെയ്യാൻ ആവശ്യപ്പെട്ടു. രണ്ടാമത്തെ വിഭാഗത്തോട് നല്ല കലോറി ഭക്ഷണം കഴിച്ച ശേഷം പിന്നീട് വ്യായാമം ചെയ്യാൻ ആവശ്യപ്പെട്ടു. ദിവസങ്ങളോളം ഇത് ആവർത്തിച്ച ശേഷമായിരുന്നു പഠനം.
വെറും വയറ്റിൽ വ്യായാമം ശീലമാക്കിയവർക്ക് രണ്ടാമത്തെ വിഭാഗത്തെക്കാൾ വേഗത്തിൽ ഫിറ്റ്നസ് സ്വന്തമാക്കാൻ സാധിച്ചതായി പഠനത്തിൽ നിന്ന് വ്യക്തമായി. ഫിറ്റ്നസിന്റെ കാര്യത്തിൽ മാത്രമല്ല, ഇവരുടെ രക്ത സാമ്പിൾ എടുത്തുനടത്തിയ പരിശോധനയിൽ വെറുംവയറ്റിൽ വ്യായാമം ചെയ്യുന്നവർക്ക് പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കുന്നതിന് കഴിയുന്നതായും കണ്ടെത്തി. അതുകൊണ്ട് രാവിലെ ഇനിമുതൽ പ്രഭാതഭക്ഷണത്തിനു മുൻപ് നിശ്ചിത സമയം വ്യായാമത്തിനായി നീക്കിവച്ചോളൂ.