Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാരം കുറയ്ക്കണോ? സസ്യഭക്ഷണം ശീലമാക്കൂ

weight-loss-diet

സസ്യഭക്ഷണം ശീലമാക്കിയാൽ ശരീരഭാരം കുറയുമോ? ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല പേശികളിലെ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും കഴിയുമെന്ന് ജേണൽ ഓഫ് അമേരിക്കൻ കോളജ് ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

പേശികളിലെ കൊഴുപ്പ് ഇല്ലാതാക്കുമ്പോൾ ഗ്ലൂക്കോസിന്റെയും ലിപ്പിഡിന്റെയും ഉപാപചയ പ്രവർത്തനം മെച്ചപ്പെടുന്നു. മെറ്റബോളിക് സിൻഡ്രോമും ടൈപ്പ് 2 പ്രമേഹവും ബാധിച്ചവരെ സംബന്ധിച്ച് ഇത് പ്രധാനമാണെന്ന് പഠനത്തിനു നേതൃത്വം നൽകിയ ഡോ. ഹാനാ കഹ്‌ലോവ പറഞ്ഞു.

ടൈപ്പ് 2 പ്രമേഹം ബാധിച്ച 74 പേരിലാണ് പഠനം നടത്തിയത്. ഇവരോട് സസ്യഭക്ഷണമോ പ്രമേഹരോഗികൾ പിന്തുടരുന്ന ഭക്ഷണമോ കഴിക്കാൻ ആവശ്യപ്പെട്ടു.

പച്ചക്കറികൾ, ധാന്യങ്ങള്‍, പരിപ്പ്, പയർവർഗങ്ങൾ, പഴങ്ങൾ, നട്സ് എന്നിവയും അതോടൊപ്പം ദിവസം ഒരു നേരം മൃഗോൽപ്പന്നമായ കൊഴുപ്പ് കുറഞ്ഞ തൈരും അടങ്ങിയതായിരുന്നു സസ്യഭക്ഷണം. യൂറോപ്യന്‍ അസോസിയേഷൻ ഫോർദി സ്റ്റഡി ഓഫ് ഡയബറ്റിസ് (EASD) നിർദേശിച്ചതാണ് പ്രമേഹ ഭക്ഷണരീതി. ഒരു ദിവസത്തെ ഭക്ഷണം രണ്ടു കൂട്ടർക്കും ദിവസം 500 കിലോ കലോറിയായി പരിമിതപ്പെടുത്തിയിരുന്നു.

ശരീരഭാരം കുറയ്ക്കുന്നതിൽ സസ്യഭക്ഷണം ഇരട്ടി ഫലപ്രദമാണെന്നു കണ്ടു. സാധാരണ ഭക്ഷണം കഴിച്ചപ്പോൾ 3.2 കി. ഗ്രാം കുറഞ്ഞപ്പോൾ സസ്യഭക്ഷണം കഴിച്ചവർക്ക് 6.2 കിലോ കുറഞ്ഞതായി കണ്ടു.

കഹ്‌ലോവയും സംഘവും പഠനത്തിൽ പങ്കെടുത്തവരുടെ തുടയുടെ എം. ആർ ഐ സ്കാൻ ഉപയോഗിച്ച് അഡിപ്പോസ് കലയെക്കുറിച്ച് പഠിച്ചു. എങ്ങനെയാണ് രണ്ട് വ്യത്യസ്ത ഭക്ഷണം ചർമത്തിനടിയിലെയും പേശികൾക്കുള്ളിലെയും കൊഴുപ്പിനെ ‍ബാധിക്കുന്നത് എന്ന് അറിയാനാണിത്.

രണ്ടു ഭക്ഷണരീതിയും ചർമത്തിനടിയിലെ കൊഴുപ്പ് (Subcutanenus fat) ഒരേ പോലെ കുറച്ചു. എന്നാൽ സസ്യഭക്ഷണം കഴിച്ചവരിൽ മാത്രമാണ് പേശികളുടെ ഉപരിതലത്തിലെ (Subfascial) കൊഴുപ്പ് കുറഞ്ഞത്. പേശികൾക്കുള്ളിലെ കൊഴുപ്പ് (Intramuscular fat) സസ്യഭുക്കുകളിലാണ് വളരെയധികം കുറഞ്ഞത് എന്ന് കണ്ടു.

പേശികളുടെ ഉപരിതലത്തിലെ വർധിച്ച കൊഴുപ്പ്, ടൈപ്പ് 2 പ്രമേഹരോഗികളിൽ ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കൊഴുപ്പ് കുറയുന്നത് ഗ്ലൂക്കോസിന്റെ ഉപാപചയ പ്രവർത്തനത്തിന് പ്രയോജനകരമാണ്. കൂടാതെ പേശികൾക്കുള്ളിലെ കൊഴുപ്പ് കുറയുന്നത് പ്രായമായ പ്രമേഹ രോഗികളിൽ പേശികളുടെ ശക്തിയും ചലനാത്മകതയും വർധിപ്പിക്കും.

ഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണരീതി സസ്യഭക്ഷണം കഴിക്കുക എന്നതു തന്നെയാണ്. കൂടാതെ സസ്യഭക്ഷണം കഴിക്കുക വഴി പേശികളിലെ കൊഴുപ്പ് കുറച്ച് മെറ്റബോളിസം മെച്ചപ്പെടുത്താൻ കഴിയുമെന്നും പഠനത്തിലൂടെ തെളിഞ്ഞു.

മെറ്റബോളിക് സിൻഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവ ബാധിച്ചവർക്കും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ഈ പഠനഫലം ആശ്വാസമേകും.

Read more : ഫിറ്റ്നസ് അറിയേണ്ടതെല്ലാം