വണ്ണം അൽപം കൂടുന്നുണ്ടോ? കണ്ണാടിയിൽ തിരിഞ്ഞും മറിഞ്ഞും നോട്ടം മതിയായില്ലേ. അമിതവണ്ണം വയ്ക്കുമോ എന്നതറിയാൻ നിങ്ങളുടെ ചില ജീവിതചര്യകൾ ശ്രദ്ധിച്ചാൽ മതിയത്രേ. സംഗതി അൽപം മനഃശാസ്ത്രപരമാണ്. ചില സൂചനകൾ ചുവടെ പറയാം.
∙ആകെ വലിച്ചുവാരി ചന്ത കണക്കെയാണോ നിങ്ങളുടെ കിടപ്പുമുറി? എങ്കിൽ സൂക്ഷിച്ചോളൂ, വണ്ണം വയ്ക്കാൻ സാധ്യതയുണ്ട്. കിടപ്പുമുറി അടുക്കും ചിട്ടയുമായി സൂക്ഷിക്കണം. മനോഹരമായ അന്തരീക്ഷം നിലനിർത്തണം. എങ്കിൽ മാത്രമേ നല്ല ഉറക്കം ലഭിക്കൂ. ഉറക്കം നഷ്ടപ്പെട്ടാൽ ശരീരഭാരം വർധിക്കും
∙പ്രഭാതഭക്ഷണം വളരെ കുറച്ചുമാത്രം കഴിക്കുന്നവരാണോ? ഇതും ഭാവിയിൽ അമിതവണ്ണത്തിനു കാരണമാകും. പ്രഭാതഭക്ഷണം കുറഞ്ഞാൽ ഇടഭക്ഷണം കഴിക്കാനുള്ള പ്രവണത കൂടും. അത്താഴം കൂടുതൽ വലിച്ചുവാരി കഴിക്കും. അതുകൊണ്ട് പ്രഭാതഭക്ഷണം ഇനി വയറുനിറയെ കഴിക്കുന്നതു ശീലമാക്കൂ
∙ഉറക്കം കൂടിയാലും പ്രശ്നമാണ്. രാത്രി നേരത്തെ കിടന്നുറങ്ങി, വളരെ വൈകി മാത്രം എഴുന്നേൽക്കുന്നവരാണോ നിങ്ങൾ. കൂടാതെ ഉച്ചയുറക്കവും ശീലമുണ്ടോ? ഈ കുംഭകർണസേവ നിങ്ങൾക്ക് അമിതവണ്ണം സമ്മാനിക്കും. ആരോഗ്യമുള്ളൊരാൾ ആറു മണിക്കൂറിൽ കൂടുതൽ ഉറങ്ങേണ്ട കാര്യമില്ല. അലസമായ ജീവിതം അനാരോഗ്യം ക്ഷണിച്ചുവരുത്തും
∙സൂര്യപ്രകാശം തീരെ കടന്നുവരാത്ത ഇരുട്ടുമുറിയിലാണോ നിങ്ങളുടെ ഉറക്കം? തുറസ്സായ പകൽവെളിച്ചത്തിലേക്കു തുറക്കുന്ന ജനാലകൾ മുറിയിൽ അത്യാവശ്യമാണ്. രാവിലെ സൂര്യപ്രകാശം നിങ്ങളുടെ മുറിയിലേക്കു കടന്നുവരട്ടെ. വിറ്റാമിൻ ഡി ലഭിക്കും എന്നതുമാത്രമല്ല, പുലർകാല സൂര്യപ്രകാശം പകൽ മുഴുവൻ നിങ്ങൾക്ക് ഉന്മേഷം പകരും.
∙എത്ര മാസം കൂടുമ്പോഴാണ് നിങ്ങൾ ശരീരഭാരം നോക്കാറുള്ളത്. നീണ്ട ഇടവേളകൾ നല്ലതല്ല. ഓരോ മാസവും ശരീരഭാരം നോക്കി ഒരു ഡയറിയിൽ കുറിച്ചുവയ്ക്കൂ. നേരിയ വ്യതിയാനങ്ങൾ പോലും ശ്രദ്ധയോടെ ഓർത്തുവയ്ക്കണം. ഇതും അമിതവണ്ണം വയ്ക്കാതിരിക്കാൻ ഒരു പ്രചോദനമാണ്.
Read More: Health and Fitness