ദീപികയ്ക്ക് ദോശ തിന്നാ‍ൻ ആശ

തടി കുറയ്ക്കാൻ വർക്ഔട്ട് ചെയ്യേണ്ട ആവശ്യമില്ല ദീപിക പദുക്കോണിന്.   ജിം വർക്ഔട്ട്, സ്വിമ്മിങ്, യോഗ, ജോഗിങ്, ഡാൻസ് എല്ലാമുണ്ട് ദീപികയ്ക്ക്. പക്ഷേ ആവശ്യത്തിനു മാത്രം. സ്റ്റേറ്റ് ലെവൽ ബാഡ്മിന്റൻ ചാംപ്യനായ ഈ അത്‌ലിറ്റിന് ഇതൊന്നും ചെയ്യാതെ തന്നെ സൂപ്പർ ഫിഗറാണുള്ളത്. ആ ഫിഗർ ഒന്നു പോളിഷ് ചെയ്തു കൊണ്ടു നടന്നാൽ മാത്രം മതി മുൻ ബാഡ്മിന്റൻ താരം പ്രകാശ് പദുക്കോണിന്റെ മകൾക്ക്. 

∙വർക്ഔട്ട് 

രാവിലെ ആറു മണിക്ക് ഉണരുമ്പോൾ തുടങ്ങും ദീപികയുടെ ദിനചര്യ. ആദ്യം  അരമണിക്കൂർ നടപ്പ്. പിന്നെ യോഗ. ജിമ്മിൽ വർക്ഔട്ടിനായും അരമണിക്കൂർ മാറ്റി വയ്ക്കും. പക്ഷേ കടുത്ത എക്സർസൈസ് ഒന്നുമില്ല. ശരീരത്തിന് ആവശ്യമുള്ളതു മാത്രം. ജിം ട്രെയിനർ യാസ്മിൻ കാരച്ചിവാലയുടെ നിർദേശം അനുസരിച്ചുള്ള സ്ട്രെച്ചിങ് എക്സർസൈസ് ആണു കൂടുതൽ. 

റെഗുലർ എക്സർസൈസ് കഴിഞ്ഞാൽ ഫ്രീ ടൈമിൽ ഡാൻസ് ചെയ്യാനാണിഷ്ടം. പുതിയ നമ്പരുകളുമായി ഡാൻസ് തകർക്കുമ്പോൾ സിനിമയിലെ പെർഫോർമൻസിനു മാത്രമല്ല ഫിഗറിനും നല്ലതെന്നാണു ദീപിക പറയുന്നത്. നേരം കിട്ടുമ്പോഴൊക്കെ സ്വിമ്മിങ്. പിന്നെ ഏറ്റവും പ്രിയപ്പെട്ട ബാഡ്മിന്റനും. ഓരോന്നും എൻജോയ് ചെയ്തു ചെയ്യുന്നതു കൊണ്ട് മടിയെന്ന വാക്കില്ല ദീപികയുടെ ജീവിതത്തിൽ. 

∙ഡയറ്റ് 

പട്ടിണി കിടന്നു മെലിയുന്ന കാര്യം ആലോചിക്കാൻ പോലും കഴിയില്ല ദീപികയ്ക്ക്. ഭക്ഷണകാര്യത്തിൽ കൊച്ചു കുട്ടികളുടെ സ്വഭാവമാണ്. ഐസ്ക്രീം, നൂഡിൽസ്, ചോക്കലേറ്റ്, സ്നാക്സ്... ഒന്നും വേണ്ടെന്നു വയ്ക്കില്ല. ഇഷ്ടമുള്ളതെല്ലാം കഴിക്കും. പക്ഷേ നമ്മൾ കഴിക്കുന്നതിനേക്കാൾ രണ്ടു സ്പൂൺ കുറച്ചേ കഴിക്കൂ. രണ്ടു മണിക്കൂർ ഇടവിട്ട് ചെറിയ അളവിലുള്ള ഭക്ഷണക്രമമാണു നിർദേശിച്ചിരിക്കുന്നത്. 

 ∙ദോശ തിന്നാൻ ആശ  

ബ്രേക്ഫാസ്റ്റിന് സൗത്ത് ഇന്ത്യൻ വിഭവത്തോടാണു ദീപികയ്ക്കു താൽപര്യം. ഇഡ്ഡലി, പൂരി, ദോശ, ഉപ്പുമാവ് തുടങ്ങിയവയിൽ ഏതെങ്കിലും നിർബന്ധം. പക്ഷേ കാർബോഹൈഡ്രേറ്റ് അധികമാകാതെ നോക്കണം. അതിനുമുണ്ട് ദീപികയുടെ കയ്യിലൊരു സൂത്രം. ദോശ കഴിക്കും. പക്ഷേ ഉരുളക്കിഴങ്ങു വച്ച മസാല ദോശ ഒഴിവാക്കും. സാമ്പാർ കഴിക്കും. പക്ഷേ തേങ്ങാ ചട്നി ഒഴിവാക്കി മിന്റ് ചട്നി കഴിക്കും. അപ്പോൾ കൊഴുപ്പ് കുറയുമല്ലോ. ബ്രേക്ഫാസ്റ്റിന് വിഭവം ഏതായാലും രണ്ടു മുട്ടയുടെ വെള്ള, കൊഴുപ്പു കുറഞ്ഞ പാൽ, ഫ്രഷ് ജ്യൂസ് എന്നിവയും ഒപ്പമുണ്ടാകും. 

∙ മീനില്ലാതെന്ത് ആഘോഷം 

 ഗ്രിൽഡ് ഫിഷ്, വേവിച്ച പച്ചക്കറി എന്നിവ ചേർന്ന കോണ്ടിനന്റൽ സ്റ്റൈലിൽ ഉച്ചഭക്ഷണം. ഇടവേളകളിൽ ഫ്രഷ് ഫ്രൂട്ട് ജ്യൂസ്, ഡ്രൈ ഫ്രൂട്സ്, സാലഡ്  തുടങ്ങി എന്തെങ്കിലും. നാലു മണിക്കു ഫിൽറ്റേഡ് കോഫി നിർബന്ധം. ഒപ്പം കഴിക്കാൻ ആൽമണ്ട്. രാത്രി  നോൺ വെജിറ്റേറിയൻ ഇല്ലാതെ ലൈറ്റ് ഭക്ഷണം മാത്രം. ഒരു ചപ്പാത്തി, വേവിച്ച പച്ചക്കറി, ഒലിവ് ഓയിൽ കൊണ്ടു ഡ്രസ് ചെയ്ത ഒരു വലിയ പ്ലേറ്റ് സാലഡ്, കട്ട് ഫ്രൂട്ട് എന്നിവ ആയാൽ രാത്രി ഭക്ഷണം കുശാൽ. രാത്രിയിൽ ചോറ് കഴിക്കുന്നതും ഒഴിവാക്കും. 

Read More : Health and Fitness