പത്തൊൻപതാം വയസിൽ സ്റ്റുഡന്റ് ഓഫ് ദ് ഇയർ എന്ന സിനിമയുടെ നായികയായി തിരഞ്ഞെടുക്കുമ്പോൾ സംവിധായകൻ കരൺ ജോഹർ പറഞ്ഞ നിബന്ധന ഒന്നു മാത്രം– ആറും മാസത്തിനുള്ളിൽ 20 കിലോ തൂക്കം കുറയ്ക്കണം. അതു വരെ ഗുണ്ടുമണിയായി കഴിഞ്ഞ ആലിയ ഭട്ടിനു പിന്നെ മറ്റൊരു ലക്ഷ്യവും ഉണ്ടായിരുന്നില്ല. പക്ഷേ 75 കിലോയിൽനിന്ന് 55 കിലോ എത്തുക ചില്ലറക്കാര്യമായിരുന്നില്ല.
ഡയറ്റ് കൺട്രോൾ ആണ് ആദ്യം നടപ്പാക്കിയത്. അതുവരെ ഇഷ്ടംപോലെ കഴിച്ചിരുന്ന ചോക്കലേറ്റ്, ഐസ്ക്രീം, ജങ്ക് ഫുഡ്, കോള, മധുരം തുടങ്ങിയവയെല്ലാം പാടെ നിർത്തി. പിന്നെ കൃത്യമായ വർക്ഔട്ടും. മലകയറ്റം, നീന്തൽ, ബീച്ചിലൂടെ ഓട്ടം, കിക് ബോക്സിങ് തുടങ്ങിയവയെല്ലാം ഉൾപ്പെട്ടതായിരുന്നു വർക്ഔട്.
∙ തിങ്കൾ മുതൽ വെള്ളി വരെ
തിങ്കൾ, ബുധൻ വെള്ളി ദിനങ്ങൾ വർക്ഔട്ടിന്റെ പ്രത്യേക സെഷൻ തന്നെ നടത്തി. ആദ്യം അഞ്ചു മിനിറ്റ് വാം അപ്. പിന്നെ ട്രെഡ്മില്ലിൽ 10 മിനിറ്റ്. തിങ്കളാഴ്ച പുഷ് അപ്പും കൈകൾക്കുള്ള ഡംബൽസ് എക്സർസൈസുമാണ് കൂടുതൽ. ബുധനാഴ്ച ക്രഞ്ചസും ബാക്ക് എക്സ്റ്റൻഷൻ എക്സർസൈസുകളും. വെള്ളിയാഴ്ച കാലുകൾക്കുള്ള എക്സർസൈസ്. ഇതു കൂടാതെ ദിവസവും അരമണിക്കൂർ കാർഡിയോ. ആഴ്ചയിൽ രണ്ടു ദിവസം അഷ്ടാംഗ യോഗ. നേരം കിട്ടുമ്പോഴൊക്കെ നൃത്തച്ചുവടുകൾ. ബെല്ലി ഡാൻസും കഥക്കും പ്രിയപ്പെട്ട ഇനങ്ങൾ.
∙ ആഹാ! ഇഡ്ഡലി
ചെറുതും വലുതുമായി ദിവസവും എട്ട് മീൽസ് അടങ്ങുന്നതാണു ഡയറ്റ്. വർക് ഔട്ട് കഴിഞ്ഞാൽ ബ്രേക്ഫാസ്റ്റ്. ഒരു ബൗൾ നിറയെ വേവിച്ച പച്ചക്കറികൾ. ചിലപ്പോൾ കോൺഫ്ലേക്സ്. എഗ് സാൻവിജും ഇഷ്ടവിഭവം. ഒപ്പം മധുരമിടാത്ത ഒരു കപ്പ് ചായയോ കാപ്പിയോ.
രണ്ടു മണിക്കൂർ കഴിഞ്ഞ് സാമ്പാർ കൂട്ടി ഇഡ്ഡലി. ഇഡ്ഡലി കിട്ടിയില്ലെങ്കിൽ ഫ്രൂട്ട് ജ്യൂസ് അല്ലെങ്കിൽ വെജിറ്റബിൾ ജ്യൂസ്. ഉച്ചയ്ക്ക് രണ്ടു ചപ്പാത്തിയും ദാൽ കറിയും. ഒപ്പം പച്ചക്കറി വേവിച്ചത്. ബട്ടർ, നെയ്യ് എന്നിവ പൂർണമായി ഒഴിവാക്കും. വൈകുന്നേരം വീണ്ടും ഇഡ്ഡലിയും സാമ്പാറും. ഇഡ്ഡലി ഇല്ലെങ്കിൽ കട്ട് ഫ്രൂട്സ്. ഒപ്പം മധുരമിടാത്ത ചായ അല്ലെങ്കിൽ കാപ്പി. ഉറങ്ങുന്നതിനു രണ്ടു മണിക്കൂർ മുൻപേ ഡിന്നർ കഴിക്കും. ചപ്പാത്തി ഒരു ബൗൾ നിറയെ ദാൽ, ഒരു വലിയ കഷണം ഗ്രിൽഡ് ചിക്കൻ.
ഒരു തുള്ളി എണ്ണ ചേർക്കാതെയാണ് ഓരോ വിഭവവും ഒരുക്കുന്നത്. പ്രോട്ടീന്റെ അളവു കൂട്ടി കാർബോഹൈഡ്രേറ്റ് കുറച്ചുള്ള ഭക്ഷണം. തൈര്, ഓടസ്, സാലഡ്, പഴങ്ങൾ തുടങ്ങിയവ ദിവസവും കഴിക്കും. ജങ്ക് ഫുഡും മധുരപ്പലഹാരങ്ങളും പൂർണമായും വേണ്ടെന്നു വയ്ക്കും. കൊതിയുണ്ടെങ്കിലും എണ്ണയിൽ വറുത്ത പൂരിയും ബട്ടൂരയും മറ്റും ഒഴിവാക്കും. ആഴ്ചയിലൊരിക്കൽ മാത്രം ഏറ്റവും പ്രിയപ്പെട്ട വിഭവമായ നൂഡിൽസ്. എല്ലാം കൃത്യമായി നോക്കുന്നതുകൊണ്ട് 160 സെന്റീമീറ്റർ ഉയരത്തിന് 54 കിലോ തൂക്കത്തിൽ പെർഫെക്ട് ഫിഗർ. ഇതിലും മികച്ച അഴകളവ് സ്വപ്നങ്ങളിൽ മാത്രം.
Read More: Celebrity Fitness, Health and Fitness