ബാർബി ഡോളിന്റേതുപോലുള്ള ചുണ്ടും അതിനെക്കാൾ വടിവൊത്ത ശരീരവും. ബ്രിട്ടിഷ് ഇന്ത്യൻ താരം കത്രിന കൈഫിനു മാത്രം അവകാശപ്പെട്ടതാണ് ഈ കോംപ്ലിമെന്റ്. ശീതളപാനീയ പരസ്യത്തിൽ കത്രീന മാമ്പഴം കടിച്ചു തിന്നുന്നതു കണ്ടിട്ട് വായിൽ വെള്ളമൂറാത്തവരായി ആരുണ്ട്. അത്ര മൃദുലമാണ് ആ ചർമം. അത്ര ഭംഗിയാണ് ആ ചുണ്ടുകൾക്ക്. വെണ്ണ തോൽക്കുന്ന ചർമവും മനോഹരമായ ഉടലും എങ്ങനെ നിലനിർത്തുന്നു എന്നു ചോദിച്ചാൽ കത്രീനയ്ക്ക് ഒറ്റ ഉത്തരം മാത്രം. സ്ട്രിക്ട് ഡയറ്റ്, ആവശ്യത്തിന് വർക് ഔട്ട്, യോഗ, നീന്തൽ, സൈക്ലിങ്.
174 സെന്റീമീറ്റർ ഉയരമുള്ള കത്രിനയ്ക്ക് ഭാരം വെറും 56 കിലോഗ്രാം മാത്രം. 34–ാം വയസിലും 17ന്റെ തിളക്കത്തിൽ നിൽക്കാൻ കാരണം കൃത്യമായ ആരോഗ്യ പരിപാലനം തന്നെ.
രാവിലെ ഉണർന്നാലുടൻ മൂന്നു ഗ്ലാസ് വെള്ളം കുടിച്ചാണു കത്രീനയുടെ ദിനം ആരംഭിക്കുന്നത്. രണ്ടു മണിക്കൂർ ഇടവിട്ട് കട്ട് ഫ്രൂട്സും വേവിച്ച പച്ചക്കറികളും സാലഡും ഉൾപ്പെടുത്തിയ മാക്രോ ബയോട്ടിക് ഡയറ്റാണ് കത്രിനയുടെ സൗന്ദര്യ ആരോഗ്യ രഹസ്യമെന്നു പറയാം. കാർബോഹൈഡ്രേറ്റ് കുറഞ്ഞ, പ്രോട്ടീന്റെ അളവു കൂടിയ ഭക്ഷണമാണ് കൂടുതൽ. വറുത്ത ഭക്ഷണം ഒരിക്കലും കഴിക്കില്ല. കൊഴുപ്പു കലർന്ന ഭക്ഷണവും കഴിവതും ഒഴിവാക്കും.
∙ബ്രൗൺ ബ്രെഡ്, ഗ്രിൽഡ് ഫിഷ്
ഓട് മീൽ, സീരിൽസ്, മുട്ടയുടെ വെള്ള, ഒരു ഗ്ലാസ് ഫ്രഷ് ജ്യൂസ് എന്നിവ ഉണ്ടാകും പ്രഭാതഭക്ഷണത്തിൽ. ഗ്രിൽഡ് ഫിഷും ബ്രൗൺ ബ്രെഡും ബട്ടറും വേവിച്ച പച്ചക്കറികളുമാണ് ഉച്ചഭക്ഷണം. അല്ലെങ്കിൽ ഒരു കപ്പ് ചോറിനൊപ്പം വേവിച്ച പച്ചക്കറികളും ഒരു പ്ലേറ്റ് സാലഡും. വൈകുന്നേരം കട്ട് ഫ്രൂട്സും ഡ്രൈ ഫ്രൂട്സും. ഒപ്പം പീനട്ട് ബട്ടർ തേച്ച രണ്ടു കഷണം ബ്രൗൺ ബ്രെഡ്. രാത്രി ഭക്ഷണത്തിൽ കാർഹോഹൈഡ്രേറ്റ് തീരെ ഉണ്ടാകില്ല. സൂപ്പ്, ഫിഷ്, ചപ്പാത്തി, ഗ്രിൽഡ് വെജിറ്റബിൾ എന്നിവ ഉണ്ടാവും. കിടക്കുന്നതിനു രണ്ടു മണിക്കൂർ മുൻപേ ഭക്ഷണം കഴിക്കും.
∙മടി പിടിച്ചാൽ സ്വിമ്മിങ്
ആഴ്ചയിൽ മൂന്നു തവണയെങ്കിലും ജിമ്മിൽ വർക്ഔട്ട് ചെയ്യും. ജിം ട്രെയിനർ യസ്മിൻ കരാച്ചിവാലയുടെ നിർദേശമനുസരിച്ച് റണ്ണിങ്, ഐസോ പ്ലാങ്കിങ്, സൈക്ലിങ്, ലൈറ്റ് വെയിറ്റ് ട്രെയിനിങ് ഉൾപ്പെടെ സ്ഥിരമായി ചെയ്യും. ദിവസവും ജോഗിങ് ചെയ്യും. അവസരം കിട്ടുമ്പോഴൊക്കെ ബീച്ച് ജോഗിങ് ചെയ്യും. ജിമ്മിൽ പോകാൻ മൂഡ് ഇല്ലെങ്കിൽ നേരെ സ്വിമ്മിങ്ങിനു പോകും. മുടക്കാത്ത മറ്റൊന്നു യോഗയാണ്. രാവിലെ ഉണർന്നാലുടൻ യോഗ. അതു മസ്റ്റ്.
Read More : Health and Fitness