രോഗാണുക്കൾ കടക്കാതിരിക്കാൻ ലഡുവിൽ സിൽവർ പേപ്പർ ഉണ്ടെന്ന് ഉറപ്പാക്കുന്ന കജോളിന്റെ ലൈഫ് സ്റ്റൈൽ എങ്ങനെയിരിക്കും. പരസ്യത്തിൽ കാണുന്നതു പോലെ തന്നെ. ആക്ടീവ് ലവിങ് ആൻഡ് കെയറിങ് അമ്മ. ചർമം കണ്ടാലോ പ്രായം തോന്നുകയേ ഇല്ല. രണ്ടു പ്രസവിച്ചിട്ടും പതിനെട്ടുകാരെക്കാൾ ചെറുപ്പം. പണ്ട് ദിൽവാലേയിൽ കാണുന്നതിനേക്കാൾ ഒന്നുകൂടി സുന്ദരിയായിട്ടുണ്ട്. കൃത്യമായ ഭക്ഷണവും വർക്ഔട്ടും തന്നെ ആരോഗ്യരഹസ്യം. മൂന്നു നേരത്തെ ഭക്ഷണം കൂടാതെ ഇടനേരങ്ങളിൽ സ്നാക്സ്, ന്യുട്രിഷൻ ബാർ, ഫ്രഷ് ജ്യൂസ്, വേവിച്ച പച്ചക്കറി. പിന്നെ ഇഷ്ടം പോലെ വെള്ളവും കുടിക്കും. ചർമം സുന്ദരമാകാൻ ഇതിൽക്കൂടുതൽ എന്തു വേണം.
∙വെയിറ്റ് കളഞ്ഞ വഴി
രണ്ടാമത്തെ കുട്ടി ജനിച്ച് ആറു മാസത്തിനുള്ളിലാണ് കജോൾ വെയിറ്റ് കുറച്ച് സുന്ദരിയായി തിരിച്ചെത്തിയത്. ഭർത്താവ് അജയ് ദേവ്ഗണിന്റെ പഴ്സനൽ ട്രെയിനറായിരുന്ന ഷെരിവീർ വക്കീൽ ആണിപ്പോൾ കജോളിന്റെയും ട്രെയിനർ. ശരീരം തടിക്കുക എന്നു വച്ചാൽ നമ്മുടെ ഏതെങ്കിലുമൊരു കഴിവു നഷ്ടപ്പെടുന്നതിനു തുല്യമാണെന്ന പക്ഷക്കാരിയാണു കജോൾ. അതുകൊണ്ട് ഫിറ്റ്നസിലേക്കെത്താൻ കജോളിന് അധിക കാലമൊന്നും വേണ്ടിവന്നില്ല. അഞ്ചു മാസം കൊണ്ട് 18 കിലോ ഭാരമാണു കജോൾ കുറച്ചത്.
ഗർഭകാലത്ത് കൊഴുപ്പ് അടിഞ്ഞു കൂടിയ വയർ, അരക്കെട്ട്, തുട, കൈകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു വർക്ഔട്. 300 പുഷ്അപ് വരെ കൂളായി ചെയ്യും. വെയ്റ്റ് ട്രെയിനിങ്ങിൽ 75 കിലോ വരെ ദിവസവും ചെയ്യുമായിരുന്നു. ശരീരഭാരം കുറഞ്ഞതോടെ മസിൽ ടോൺ ചെയ്യുന്നതിനുള്ള എക്സർസൈസുകൾക്കായിരുന്നു മുൻതൂക്കം.
∙എല്ലാം കഴിക്കും, ആവശ്യത്തിനു മാത്രം
ചിക്കൻ, മീൻ, മുട്ട, പനീർ, നട്സ്, പാൽ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിയതായിരുന്നു ഡയറ്റ് പ്ലാൻ. നമ്മൾ മലയാളികൾ പറയും പോലെ തിരിച്ചു കടിക്കാത്തതെല്ലാം കഴിക്കും. പക്ഷേ ആവശ്യത്തിനു മാത്രം. ഫൈബറും പ്രോട്ടീനും കൂട്ടി കാർബോഹൈഡ്രേറ്റ് കുറച്ചുള്ള ഡയറ്റ് പ്ലാൻ. ഇടനേരങ്ങളിൽ ഫ്രൂട്സ്, ഫ്രഷ് ജ്യൂസ്, നട്സ്, ബ്രെഡ് ഒക്കെ കഴിക്കും. ജങ്ക് ഫുഡിനും വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾക്കു മാത്രമായിരുന്നു ഗുഡ്ബൈ.
നന്നായി വർക്ഔട് ചെയ്യണം. ആരോഗ്യകരമായ ഭക്ഷണം കഴിക്കണം. നമ്മുടെ ശരീരം ഫിറ്റ് ആയിരുന്നാലേ ജോലി ചെയ്യുന്നതിനുള്ള ആരോഗ്യം ഉണ്ടാവൂ. കാരണം ഓഫിസ് ജോലി കൂടാതെ അമ്മമാർക്ക് എന്തൊക്കെ ജോലികളാണുള്ളത്. കുട്ടികൾക്കു ഭക്ഷണം കൊടുക്കണം, അവരെ പഠിപ്പിക്കണം, വീടു വൃത്തിയാക്കണം, പാചകം ചെയ്യണം... അനുഭവസമ്പന്നയെപ്പോലെ കജോൾ പറയുന്നു.
Read More : Celebrity Fitness