Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

300 കിലോ ശരീരഭാരത്തിൽ നിന്നും അദ്ഭുത തിരിച്ചുവരവ് നടത്തി ആംബർ, ഇതു നിശ്ചയദാർഢ്യത്തിന്റെ കഥ

amber ചിത്രത്തിനു കടപ്പാട്: ഫെയ്സ്ബുക്ക്

തന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ ചിത്രശലഭങ്ങളെപ്പോലെ പാറിനടക്കുന്നത് കാണുമ്പോള്‍ അമേരിക്കയിലെ ഒറിഗോണ്‍ സ്വദേശിയായ ആംബര്‍ റച്ച്ഡിക്ക് തന്റെ ജീവിതത്തോടു കടുത്ത വെറുപ്പ്‌ തോന്നുമായിരുന്നു. കാരണം വെറും 24 വയസ്സ് മാത്രമുള്ള ആംബറിന് അന്ന് ശരീരഭാരം ഏകദേശം 300 കിലോയോളമായിരുന്നു. ഇതു കാരണം ഒന്ന് എഴുന്നേറ്റു നില്‍ക്കാനോ നടക്കാനോ എന്തിനു പ്രാഥമികകര്‍മങ്ങള്‍ നിറവേറ്റാന്‍ പോലുമവള്‍  നന്നേ കഷ്ടപ്പെടണം. കൈകാലുകള്‍ ചുരുങ്ങി മാംസം അടുക്കടുക്കായി പാളികളായി കിടക്കുന്ന അവസ്ഥയിലായിരുന്നു ആംബറിന്റെ ശരീരം. 

കൈകളിലും കാലിലും വയറ്റിലും മാംസം തൂങ്ങികിടന്നിരുന്നു. കൂട്ടുകാരെല്ലാം പുറത്തുകറങ്ങി നടക്കുമ്പോള്‍ പാവം ആംബര്‍ വല്ലപ്പോഴും മാത്രമായിരുന്നു പുറംലോകം കണ്ടിരുന്നത്‌. അതുതന്നെ ഇലക്ട്രിക്‌ വീല്‍ചെയറിന്റെ സഹായത്തോടെ. 

കാമുകനുമായുള്ള ലൈംഗികജീവിതത്തെപ്പോലും ഈ അവസ്ഥ സാരമായി ബാധിച്ചതോടെ അവൾ കടുത്ത നിരാശയിലായി. 

ദിവസങ്ങള്‍ പിന്നിടുന്തോറും ആംബറിന്റെ ആരോഗ്യസ്ഥിതി തീര്‍ത്തും മോശമായിക്കൊണ്ടിരുന്നു. കാമുകന്‍ റോഡിയും കാമുകിയുടെ ഈ അവസ്ഥയില്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. 

ഇങ്ങനെ പോയാല്‍ തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം അധികകാലം കഴിയാന്‍ സാധ്യമല്ലെന്ന് ഒടുവില്‍ ആംബര്‍ തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഈ അവസ്ഥയില്‍ നിന്നൊരു മോചനം വേണമെന്ന ശക്തമായ തീരുമാനം അവള്‍ എടുത്തത്. കാമുകനും ആംബറിന്റെ കുടുംബാംഗങ്ങളും പൂർണ പിന്തുണയുമായി കൂടെ നിന്നു. അങ്ങനെ ജീവിതം തിരിച്ചു പിടിക്കാനായി എന്തു കഠിനപ്രയത്നം ചെയ്യാനും അവൾ തയാറായി.

ഒരു വിദഗ്ധ ഡോക്ടറുടെ കീഴില്‍ ഗ്യാസ്ട്രിക് ബൈപാസിനു വിധേയയാകാനുള്ള തീരുമാനമാണ് ആദ്യമെടുത്തത്. പക്ഷേ അവിടെ മറ്റൊരു അപകടം ഉണ്ടായിരുന്നു. ഇത്രയും കിലോ ഭാരവുമായി ഈ ശാസ്ത്രക്രിയയ്ക്ക് വിധേയയാകുന്നത് ജീവനു ഭീഷണിയാകുമെന്നു ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. എന്നാൽ ഇതുകൊണ്ടൊണ്ട് തളരാൻ ആംബർ തയാറായില്ല. 

ചികിത്സയ്ക്കായി അവള്‍ ടെക്സാസിലേക്ക് താമസം മാറി. ആബറെ ചികിത്സിക്കുന്ന ഡോക്ടര്‍ നവ്സറഡന്‍ നിര്‍ദേശിച്ച പ്രകാരമുള്ള കഠിനമായ ഭക്ഷണക്രമം പാലിക്കാന്‍ തുടങ്ങി.  തുടക്കത്തില്‍ ഇത് അതീവകഠിനമായിരുന്നു. എന്നാൽ പതിയെ കാര്യങ്ങള്‍ ആംബറിന്റെ ഇച്ഛാശക്തിക്ക് മുന്നില്‍ മുട്ടുമടക്കി. അവളുടെ പരിശ്രമങ്ങള്‍ മെല്ലെ ഫലം കണ്ടു തുടങ്ങി. 

മൂന്നു മാസം കൊണ്ട് 8 കിലോ കുറയ്ക്കാന്‍ കഴിഞ്ഞതോടെ എല്ലാവർക്കും ആത്മവിശ്വാസമായി. തുടർന്ന് ശസ്ത്രക്രിയ നടത്തി. ശരിയായ ഭക്ഷണക്രമം പാലിച്ചതോടെ ഏഴു മാസം കൊണ്ട് 39 കിലോ കൂടി നിഷ്പ്രയാസം കുറച്ചു. ഇതോടെ ജിമ്മില്‍ പോയി വര്‍ക്ക്‌ഔട്ട്‌ കൂടി ആരംഭിച്ചു. 

ചുരുക്കിപ്പറഞ്ഞാല്‍ ഒരുവര്‍ഷം കൊണ്ട് ഈ മിടുക്കി കുറച്ചത് 65 കിലോയായിരുന്നു.

amber01 ചിത്രത്തിനു കടപ്പാട്: ഫെയ്സ്ബുക്ക്

 ഇതോടെ ആംബറിനെ കണ്ടാല്‍ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി. എനിക്ക് ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞത് ഇപ്പോഴാണ്‌– ആത്മവിശ്വാസത്തോടെ ആംബർ പറയുന്നു. 

വണ്ണം കുറഞ്ഞതോടെ ശരീരത്തില്‍ തൂങ്ങിക്കിടന്ന തൊലി നീക്കാന്‍ ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തി.  ഇപ്പോള്‍ ഒരു തെറാപ്പിസ്റ്റിന്റെ മേല്‍നോട്ടത്തിലാണ് ആബറുടെ ദിനചര്യകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വര്‍ഷങ്ങളോളം വീടിനുള്ളില്‍ നില്‍ക്കാനും നടക്കാനും കഴിയാതെ വിഷാദരോഗത്തിന്റെ വക്കോളം എത്തിയിടത്തു നിന്നാണ് ഈ പെണ്‍കുട്ടി തന്റെ ജിവിതം തിരിച്ചുപിടിച്ചത്. ഇനി ജീവിതത്തില്‍ ഒരിക്കല്‍ പോലും ഈ ഭക്ഷണക്രമം തെറ്റിക്കില്ല എന്നാണു ആംബര്‍ എടുത്തിരിക്കുന്ന ശപഥം.

Read More : Health and Fitness Tips