സുന്ദരമായ ആകാര വടിവ് സ്വന്തമാക്കാന്‍ ആര്‍ക്കാണ് ആഗ്രഹം ഇല്ലാത്തത്. അതിനായി ചിലര്‍ എന്ത് കടമ്പയും കടക്കാന്‍ തയായാറാകുമ്പോള്‍ ചിലര്‍ക്കാകട്ടെ സമയക്കുറവും മടിയും നിമിത്തം ആഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ വരും. ഇന്റർനെറ്റ് ഒന്നു തിരഞ്ഞാൽ ഭാരം കുറയ്ക്കാനും ആകാരസൗന്ദര്യം നേടാനുമുള്ള ആയിരമായിരം വഴികള്‍ ഉണ്ട് എന്നാൽ അവയില്‍ പലതും ശാസ്ത്രീയമാകണമെന്നില്ല. പലതും തീര്‍ത്തും അടിസ്ഥാനരഹിതമാകാനുമാണ് സാധ്യത. എന്നാല്‍ ചിലതു ഒരുപരിധി വരെ ഉപയോഗപ്രദവുമാണ്. അത്തരത്തിലുള്ള 14 നിര്‍ദേശങ്ങള്‍ ചുവടെ.
1. ആഹാരത്തിനു മുമ്പുള്ള വെള്ളംകുടി
ആഹാരം കഴിക്കുന്നതിനു 15 മിനിറ്റ് മുന്‍പ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം അകത്താക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. ഇത് ശരീരത്തിലെ കലോറി നഷ്ടപ്പെടുത്താന്‍ ഉപകരിക്കും. എന്നാല്‍ ഇത് പ്രാവര്‍ത്തികമാകുക ഓരോരുത്തരിലും വ്യത്യസ്ത രീതിയിലായിരിക്കുമെന്നു മാത്രം.
2. അരോമതെറാപ്പി
ആപ്പിള്‍, വനില , മിന്റ് തുടങ്ങിയ മണങ്ങള്‍ വിശപ്പ് ശമിപ്പിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നു എന്നാണു അരോമതെറപ്പിസ്റ്റ്കളുടെ വാദം. അതുകൊണ്ട് തന്നെ പാചകം ചെയ്യുന്ന സമയം ഇത്തരം മണങ്ങള്‍ ശ്വസിക്കുക വഴി വിശപ്പ് കുറയുന്നതായി കാണപ്പെടുന്നു. എന്നാല്‍ ഇത് കുറച്ചു സമയത്തേക്ക് മാത്രമേ പ്രയോജനപ്പെടൂ എന്നും ഒരുഭാഗം വാദിക്കുന്നു.
3. ഡെസർട്ട് കഴിക്കുന്നതിനു പകരം പല്ലു തേയ്ക്കാം
ഇതും മറ്റൊരു പ്രതിവിധി തന്നെ. പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന മെന്തോളിന്റെ അംശം നിങ്ങളുടെ തലച്ചോറിനു ഭക്ഷണം കഴിഞ്ഞു എന്നൊരു സിഗ്നല്‍ നല്‍കും. കാരണം സാധാരണ നമ്മള്‍ ആഹാരം കഴിച്ച ശേഷമാണല്ലോ പല്ല് തേക്കുക. ഈ വിദ്യ ആണ് ഇവിടെ പരീക്ഷിക്കപ്പെടുന്നത്.
4. എഴുന്നേറ്റു നിന്നുള്ള ഭക്ഷണം കഴിപ്പ്
ഇതും വളരെ പ്രയോജനകരമാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. കാരണം എഴുന്നേറ്റു നിന്നുള്ള ഭക്ഷണം കഴിപ്പ് കൂടുതല്‍ കലോറി കത്തിച്ചു കളയുകയും വേഗത്തില്‍ കഴിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ എഴുന്നേറ്റു നില്‍ക്കുമ്പോള്‍ വയര്‍ ചുരുങ്ങുന്നില്ല, ഇതുമൂലം ശരിയായ അളവില്‍ മാത്രം ഭക്ഷണം ഉള്ളില്‍ ചെല്ലുന്നു.
5. വശമില്ലാത്ത കൈ കൊണ്ട് കഴിക്കുക
ഇതുമൊരു രസകരമായ ട്രിക്ക് ആണ്. മിക്ക ആളുകളും വലം കൈ കൊണ്ടാണ് കഴിക്കുകയോ സ്പൂണ്‍ ഉപയോഗിക്കുകയോ ചെയ്യുക. ചിലര്‍ ഇടം കൈ കൊണ്ടും. ഏതായാലും നമ്മള്‍ക്ക് വശമില്ലാത്ത കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നത് ആഹാരത്തിന്റെ അളവ് കുറയ്ക്കും എന്ന് തന്നെയാണ് ആരോഗ്യവിദഗ്ധര്‍ ഉറപ്പുനല്‍കുന്നത്.
6. ഇളം നിറത്തിലെ പാത്രങ്ങള്‍ വേണം
അമിതമായി ആഹാരം ഉള്ളില്‍ ചെല്ലുന്നത് തടയാണോ, എങ്കില്‍ ഇത് പരീക്ഷിച്ചോളൂ. ഇളം നിറത്തിലെ പാത്രങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ വിശപ്പിനെ ഒരു പരിധി വരെ കുറയ്ക്കുകയും ആവശ്യത്തിനുള്ള ഭക്ഷണം മാത്രം കഴിക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്നാണു പഠനങ്ങള്‍ പറയുന്നത്. നീല,പച്ച നിറങ്ങളിലെ പാത്രങ്ങള്‍ ആണ് ഏറ്റവും ഫലപ്രദം. കാരണം ഈ നിറങ്ങള്‍ക്ക് വിശപ്പിനെ കുറയ്ക്കാനുള്ള കഴിവുണ്ട്. നീലയും പച്ചയും ഒരിക്കലും ആഹാരവുമായി ബന്ധപെട്ട നിറങ്ങളല്ല എന്നതുതന്നെ കാരണം.
7. നേരിയ വെളിച്ചത്തില്‍ ഇരുന്നു കഴിക്കാം
യുറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി പ്രാവര്‍ത്തികമാക്കുന്ന ഒരു ഉപായമാണിത്. ആവശ്യമുള്ള ഭക്ഷണം മാത്രം കഴിക്കും എന്നതാണ് മങ്ങിയ വെളിച്ചത്തില്‍ ഇരുന്നുള്ള ആഹാരം കഴിപ്പിന്റെ ഗുണം. നേരിയ വെളിച്ചത്തിന് കീഴിലിരുന്നു കഴിക്കുമ്പോള്‍ നമ്മള്‍ സ്വാഭാവികമായും മെല്ലെയാകും ആഹാരം കഴിക്കുക. കൂടാതെ ആവശ്യത്തിലധികം വലിച്ചുവാരി കഴിക്കുകയുമില്ല. കാൻഡില്‍ ലൈറ്റ് ഡിന്നര്‍ കൊണ്ടുള്ള പ്രയോജനം പിടികിട്ടി കാണുമല്ലോ.
8. സാവധാനം ദഹിക്കുന്ന ആഹാരമാകാം
കലോറി കൂടിയ ഭക്ഷണങ്ങള്‍ രാവിലെ കഴിക്കുന്നതാണ് ഉത്തമം. കാരണം ഇവ ദഹിക്കാന്‍ കൂടുതല്‍ സമയം എടുക്കുകയും അതിനിടയില്‍ വിശപ്പിന്റെ ആക്രമണം കുറയുകയും ചെയ്യും. ഉദാഹരണത്തിന് മുട്ട, ഓട്ട്സ്മീല്‍സ് എന്നിവ കഴിക്കുന്നതിനു പകരം മുട്ടയാകാം. ഇതിലെ ഉയര്‍ന്ന കലോറി ഉച്ച വരെ വിശപ്പില്ലാതെയിരിക്കാന്‍ സഹായിക്കും.
9. അണിഞ്ഞൊരുങ്ങി ഭക്ഷണമാകാം
ഇതിനു പിന്നിലെ കാരണവും വ്യതസ്തമല്ല. നന്നായി ഡ്രസ്സ് ചെയ്തു പുറത്തുപോകാന്‍ തയാറായ പോലെ തീന്‍മേശയിലേക്ക് വന്നു നോക്കൂ. നല്ല വേഷം ധരിച്ചു ഭക്ഷണം കഴിക്കാന്‍ വരുമ്പോള്‍ സ്വാഭാവികമായും നമ്മുടെ ഉള്ളില്‍ അഹാരപദര്‍ഥങ്ങള്‍ ഉടുപ്പിലൊന്നും വീഴരുത് എന്നൊരു മുന്‍കരുതല്‍ ഉണ്ടാകും. കൂടാതെ സാവധാനത്തിലാകും ആഹാരം കഴിക്കുക.
10. ഡാര്‍ക്ക് ചോക്‌ലേറ്റ് ആകാം
വിശക്കുമ്പോള്‍ രണ്ടു പീസ് ഡാര്‍ക്ക് ചോക്‌ലേറ്റ് കഴിച്ചു നോക്കൂ. അതു വിശപ്പിനെ കുറയ്ക്കുക മാത്രമല്ല ചെറിയ അളവില്‍ കലോറിയും പ്രദാനം ചെയ്യും.
11. അക്യൂപങ്ങ്ചര്‍
മേല്‍ചുണ്ടിനും മൂക്കിനും ഇടയിലെ സ്ഥലമാണ് അക്യൂപങ്ങ്ചര്‍ പ്രകാരം വിശപ്പ് കുറയ്ക്കാനുള്ള ഒരു പ്രധാന പോയിന്റ്. ചൂണ്ടുവിരല്‍ മേല്‍ചുണ്ടിനു മുകളില്‍വച്ച് ചെറിയ മര്‍ദത്തില്‍ അമര്‍ത്തുക വഴി വിശപ്പിന്റെ ആധിക്യം കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
12. വീതിച്ചു കഴിക്കാം
പോഷകാഹാരവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നൊരു ആഹാരക്രമമാണിത്. സെലിബ്രിറ്റികള്‍ പരീക്ഷിച്ചു വിജയിച്ച മാതൃക. കഴിക്കാന്‍ ഉദേശിക്കുന്ന ആഹാരം പകുത്തുകഴിക്കുക എന്നതാണ് ഇതിലെ രീതി. സാധാരണ നിങ്ങള്‍ കഴിക്കുന്ന ആഹാരം എന്താണോ അത് രണ്ടു നേരമായി ഇടവേളകളില്‍ വീതം വച്ചു കഴിക്കുക. ഒറ്റയടിക്ക് വലിയൊരു കലോറി ഭക്ഷണം ഉള്ളില്‍ ചെല്ലുന്നത് തടയാനും ഇടയ്ക്കിടയ്ക്കുള്ള വിശപ്പ് ശമിപ്പിക്കാനും ഇത് പ്രയോജനകരമാണ്.
13. കൂടുതല്‍ ചവയ്ക്കാം
എത്രയും കൂടുതല്‍ ചവച്ചു ഭക്ഷണം കഴിക്കുന്നോ അത്രയും നല്ലത്. കാരണം കൂടുതല്‍ നേരം ആഹാരം ചവയ്ക്കുമ്പോള്‍ ശരീരം തലച്ചോറിനൊരു സിഗ്നല്‍ നല്‍കുകയും വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും. പ്രമുഖഡയറ്റ് വിദഗ്ധര്‍ പോലും ഉപദേശിക്കുന്ന മാര്‍ഗ്ഗമാണിത്. 40 വട്ടമാണ് ഇവര്‍ ശുപാര്‍ശ ചെയ്യുന്ന കണക്ക്.
14. ചെറിയ പ്ലേറ്റില്‍ കഴിക്കാം
കഴിക്കുന്ന പ്ലേറ്റിന്റെ വലിപ്പവും ഭക്ഷണവും തമ്മില്‍ എന്തെങ്കിലും പ്രത്യേകത ഉണ്ടോ? ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചെറിയ പാത്രത്തില്‍ ആഹാരം കഴിക്കുന്നതാണ് ശരിയായ അളവില്‍ ഭക്ഷണം കഴിക്കാന്‍ സഹായിക്കുക. വലിയ പ്ലേറ്റ് ആകുമ്പോള്‍ വലിപ്പം അനുസരിച്ചു കൂടുതല്‍ ആഹാരം വിളമ്പും എന്നതുതന്നെ കാര്യം.
Read More : Fitness Tips, Health and Wellbeing