സ്റ്റെയർകേസ് കയറുമ്പോൾ ശ്വാസം മുട്ടൽ അനുഭവപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു സൊനാക്ഷി സിൻഹയ്ക്ക്. അതോടെ 16 വയസ്സുകാരി സൊനാക്ഷി ഒരു കാര്യം തീരുമാനിച്ചു. തടി കുറയ്ക്കാതെ രക്ഷയില്ല. പക്ഷേ ഭക്ഷണപ്രിയയായ കൗമാരക്കാരിക്ക് അതിത്തിരി പാടുപിടിച്ച കാര്യമായിരുന്നു.
ഭക്ഷണം കഴിച്ചാൽ തടി വയ്ക്കുന്ന പ്രകൃതമായതുകൊണ്ട് ഭക്ഷണം നിയന്ത്രിക്കാതെ തരമില്ലെന്നായി. പട്ടിണികിടന്നു വെയ്റ്റ് കുറയ്ക്കാനായിരുന്നു ആദ്യ ശ്രമം. പക്ഷേ അതു സൊനാക്ഷിയെക്കൊണ്ടു പറ്റുന്ന കാര്യമായിരുന്നില്ല. അതോടെ കളം മാറ്റിപ്പിടിച്ചു.
അതുവരെ കഴിച്ചിരുന്ന ഭക്ഷണത്തിന്റെ ലിസ്റ്റ് ഉണ്ടാക്കി. അതിൽ കൊഴുപ്പു കൂടിയതും വറുത്തതും പൊരിച്ചതും മധുരമുള്ളതും ജങ്ക്ഫുഡും ഒക്കെ വെട്ടി. വെട്ടിവെട്ടി വന്നപ്പോൾ ലിസ്റ്റിൽ ബാക്കി ഒന്നും അവശേഷിച്ചില്ല എന്നതാണു രസകരമായ കാര്യം. അതോടെ ഡയറ്റീഷ്യന്റെ നിർദേശപ്രകാരം പുതിയൊരു ചാർട്ട് ഉണ്ടാക്കി. കാർബോഹൈഡ്രേറ്റ്, ഫാറ്റ്, മധുരം എല്ലാം കുറച്ച് പ്രോട്ടീന്റെ അളവും കൂട്ടിയുള്ള ഭക്ഷണക്രമം. ഒപ്പം ജിം വർക്ഔട് കൂടിയായപ്പോൾ സോനാക്ഷി മെലിഞ്ഞു തുടങ്ങി. അങ്ങനെ കുറച്ചത് 30 കിലോ. ഇപ്പോഴെന്താ ബോളിവുഡിലെ ഏറ്റവും സെക്സി ഫിഗറിന് ഉടമയല്ലേ. അതിന് സൊനാക്ഷിക്കു നന്ദി പറയാനുള്ളതു സൽമാൻ ഖാനോടാണ്. സൽമാൻ ഖാൻ ഉന്തിത്തള്ളി വിടുന്നതുകൊണ്ടാണ് ആദ്യകാലത്തെല്ലാം സൊനാക്ഷി ജിമ്മിൽ പോയത്. പിന്നെ അതു ലൈഫ് സ്റ്റൈലായി മാറിയെന്നതു ചരിത്രം.
∙ഇഷ്ടമുള്ളതൊക്കെ വല്ലപ്പോഴും
കഠിനമായ വർക്ഔട്ടാണ് സൊനാക്ഷിക്കു നിർദേശിച്ചിരിക്കുന്നത്. അപ്പോൾ അതിനെ സപ്പോർട്ട് ചെയ്യുന്ന ഭക്ഷണക്രമവും വേണം. രണ്ടോ മൂന്നോ മണിക്കൂർ ഇടവിട്ട് കുറഞ്ഞ അളവിലുള്ള ഭക്ഷണം കഴിക്കും.
ജങ്ക് ഫുഡ് ആണ് സൊനാക്ഷിക്ക് ഏറ്റവുമിഷ്ടം. അതുകൊണ്ട് വല്ലപ്പോഴുമൊക്കെ പീറ്റ്സയും ബർഗറും പഫ്സുമൊക്കെ കഴിച്ചോളാൻ ഡയറ്റീഷ്യൻ പറഞ്ഞിട്ടുണ്ട്. പക്ഷേ പണ്ടത്തേപ്പോലെ വാരിവലിച്ചു കഴിക്കരുത്. കുറഞ്ഞ അളവിൽ മാത്രം. ദിവസവും മൂന്നു കപ്പ് ഗ്രീൻ ടീ കുടിക്കും. ഇടനേരങ്ങളിൽ ഡ്രൈ ഫ്രൂട്സ്, നട്സ്, ബദാം. സ്കിൻ തിളങ്ങാൻ ഫ്രൂട്ജ്യൂസ്. പിന്നെ ഇഷ്ടംപോലെ വെള്ളവും.
ഓട്സ്, കോൺഫ്ലേക്സ്, പാൽ, ഗോതമ്പ് ബ്രെഡ് ടോസ്റ്റ് എന്നിവയുണ്ടാകും ബ്രേക്ഫാസ്റ്റിന്. വേവിച്ച പച്ചക്കറി, രണ്ട് ചപ്പാത്തി, ഒരു വലിയ പ്ലേറ്റ് നിറയെ സാലഡ് എന്നിവ ചേർന്ന ഉച്ചഭക്ഷണം. വൈകുന്നേരം ഗ്രീൻ ടീക്കൊപ്പം ഒരു ഫ്രൂട്ട്, ബിസ്കറ്റ്.
ഗ്രിൽഡ് ഫിഷ് അല്ലെങ്കിൽ ചിക്കൻ, മുട്ടയുടെ വെള്ള, പരിപ്പ്, പഴങ്ങൾ എന്നിവ ഉൾപ്പെട്ട ഡിന്നർ. പോഷണം വേണ്ടുവോളമായി. കാർബോഹൈഡ്രേറ്റ് അധികമില്ലാത്തതുകൊണ്ട് വണ്ണം വയ്ക്കുമെന്ന പേടിയും വേണ്ട.
∙വർക്ഔട്
ദിവസവും രാവിലെയും വൈകിട്ടും ഓരോ മണിക്കൂർ വെയിറ്റ് ട്രെയിനിങ് ഉൾപ്പെടെയുള്ള വർക്ഔട്. ഒഴിവു നേരങ്ങളിൽ സൈക്ലിങ്, സ്വിമ്മിങ്, ടെന്നിസ്. മനസ്സും ശരീരവും റിലാക്സ് ചെയ്യാൻ ഹോട്ട് യോഗ.
169 സെന്റീമീറ്റർ ഉയരവും 70 കിലോ തൂക്കവുമാണ് സോനാക്ഷിക്ക്. മറ്റു താരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വെയ്റ്റ് ഇത്തിരി കൂടുതലാണോ എന്നല്ലേ സംശയം. പക്ഷേ 35–27–37 എന്ന അഴകളവു കാണുമ്പോൾ മനസിലാവില്ലേ ആൾ നല്ല ഹോട്ട്, സെക്സി ഫിഗർ ആണെന്ന്. ഉയരത്തിനൊത്ത തൂക്കം മാത്രം. സൊനാക്ഷിയെ കാണുമ്പോൾ എല്ലാവർക്കും പറയാൻ ഒന്നു മാത്രം– സൂപ്പർ ഫിഗർ!
Read More : Celebrity Fitness