ഡ്രീം ഗേൾ എന്നു പറയുമ്പോൾ എന്തുകൊണ്ടാണ് എല്ലാവരും ഒരാളെ മനസ്സിൽക്കാണുന്നത് ? ആ കണ്ണുകളിലെ തിളക്കമെന്താണ് കാലത്തിനപ്പുറവും തെളിഞ്ഞു കത്തുന്നത് ? യൗവനം ഉലയാത്തൊരു ഷിഫോൺ സാരിപോലെ എഴുപതാം വയസ്സിലും ഹേമമാലിനിയിൽ പറ്റിച്ചേർന്ന് കിടക്കുന്നതെന്തുകൊണ്ടാണ്. ഹേമ മാലിനിയുടെ ജീവിതത്തിലൂടെ കണ്ണോടിക്കൂ. ചില ഇഷ്ടങ്ങള്‍ ഇഴചേര്‍ന്നു നില്‍ക്കുന്നതു കാണാം.
∙നോ ജങ്ക് ഫുഡ്: കുട്ടികളെപ്പോലെ ജങ്ക് ഫുഡ് കഴിക്കാൻ കൊതിയുള്ള പ്രായമൊക്കെ കഴിഞ്ഞിരിക്കുന്നു. ഇനി ഇടയ്ക്കു കഴിക്കാൻ തോന്നിയാൽ അപ്പോൾ സാലഡോ ഫ്രൂട്ട് ജ്യൂസോ കുടിക്കും. വെജിറ്റബിൾ സൂപ്പാണ് മറ്റൊരു ഇഷ്ട വിഭവം.
∙ഹെയർ മസാജ്: ആഴ്ചയിലൊരിക്കൽ തലയിൽ നന്നായി എണ്ണ വച്ചു മസാജ് ചെയ്താൽ മുടി സുന്ദരവും ആരോഗ്യകരവുമായിരിക്കുമെന്നാണു സ്വന്തം അനുഭവം. വെളിച്ചെണ്ണയിൽ നെല്ലിക്ക, തുളസി, വേപ്പില എന്നിവ ചേർത്തു കാച്ചിയ എണ്ണയാണു പതിവായി ഉപയോഗിക്കുന്നത്.
∙അരോമ ഓയിൽ: ഏകദേശം 50 വർഷങ്ങളായി മേക്കപ്പ് അണിയുന്നതുകൊണ്ടാവാം അത്യാവശ്യ ഘട്ടത്തിലൊഴികെ ഒരിക്കലും മേക്കപ്പ് ധരിക്കാൻ ഇഷ്മില്ല. മേക്കപ്പ് അധികമായാൽ ചർമത്തിന്റെ സ്വാഭാവികത നഷ്ടമാകുമെന്നാണ് ഹേമയുടെ പക്ഷം. ചർമത്തെ കാക്കാൻ അരോമ എണ്ണകളാണ് ഉപയോഗിക്കുന്നത്. ചർമം മൃദുവാകുന്നതോടൊപ്പം മുഖത്തെ ചുളിവുകളിൽനിന്നു സംരക്ഷിക്കുകയും ചെയ്യും.
∙മേക്കപ്പ്
ക്ലെൻസിങ് മിൽക് ഉപയോഗിച്ചു ദിവസവും മുഖം വൃത്തിയാക്കിയ ശേഷം ആവി കൊള്ളും. മുഖത്തെ സുഷിരങ്ങൾ തുറന്ന് മുഖം സുന്ദരമാകും.
ഫൗണ്ടേഷൻ കഴിയുന്നത്ര ഒഴിവാക്കും. അരോമ ഓയിൽ മുഖത്തു പുരട്ടിയ ശേഷമാണു മേക്കപ്പ് ഇടുന്നത്. കണ്ണുകൾക്കു കാജലും ലൈറ്റ് ഷേഡ് ലിപ്സ്റ്റിക്കും ഇട്ടാൽ തീർന്നു ഹേമ മാലിനിയുടെ മേക്കപ്പ്. ഉറങ്ങും മുൻപ് മേക്കപ്പ് മുഴുവൻ കളഞ്ഞ ശേഷം നൈറ്റ് ക്രീം മുഖത്തും കഴുത്തിലും കൈകളിലും പുരട്ടും.
∙യോഗ: പ്രാണായാമയും യോഗയും ചെയ്താണു ദിവസം ആരംഭിക്കുന്നത്. സ്ട്രെച്ചിങ് എക്സർസൈസുകൾ ശരീരത്തെ ടോൺഡ് ആയി നിലനിർത്തുന്നു.
സൈക്ലിങ്: വീട്ടിലുണ്ടെങ്കിൽ ദിവസവും രാവിലെ 10–15 മിനിറ്റ് സൈക്കിൾ ഓടിക്കും.
ഡാൻസ്: യോഗയും സൈക്ലിങ്ങും മുടങ്ങിയാലും നൃത്തം മുടക്കില്ല ഹേമ മാലിനി. ചെറുപ്പം മുതൽക്കേ തുടങ്ങിയതാണു നൃത്തം. സിനിമയിലൂടെ അതിനെ വളർത്തി. ഇപ്പോൾ ഫിറ്റ്നസ് മന്ത്രകൂടിയായി നൃത്തം.
∙വെജിറ്റേറിയൻ: ഇറച്ചിയും മീനും മുട്ടയുമൊന്നും കഴിക്കാതെ പക്കാ വെജിറ്റേറിയനാണു ഹേമ മാലിനി. അതുകൊണ്ട് അഴുക്കുകൾ അടിഞ്ഞുകൂടാതെ ശരീരം ഫ്രഷായി നിലനിൽക്കുമെന്നാണു ഹേമയുടെ പക്ഷം.
∙ഫാസ്റ്റിങ്: ആഴ്ചയിൽ രണ്ടു ദിവസം അരിയും ഗോതമ്പും ഉപേക്ഷിച്ച് ഉപവസിക്കും. അന്നു ഫ്രഷ് ഫ്രൂട്സും ഡ്രൈ ഫ്രൂട്സും മാത്രമാണു കഴിക്കുക. സ്പെഷ്യൽ വിഭവമായി പനീറും ഉണ്ടാകും.
∙ലഞ്ച്: രണ്ടു ചപ്പാത്തി, ചോറ്, ഒരു ബൗൾ ദാൽ, രണ്ടു കൂട്ടം വെജിറ്റബിൾ വിഭവങ്ങൾ എന്നിവയുണ്ടാകും. ദിവസവും ഓരോ ബൗൾ തൈരും. തൈരു കുടിച്ചാൽ ആരോഗ്യവും നന്നാവും സൗന്ദര്യവും കൂടും.
∙ഗ്രീൻ ടീ: രാവിലെയും വൈകിട്ടും ഓരോ കപ്പ് ഗ്രീൻ ടീ കുടിക്കും. ശരീരത്തെ കൊഴുപ്പില്ലാതെ നിലനിർത്താൻ ഉഗ്രൻ പാനീയം.
∙വെള്ളം: ഇഷ്ടം പോലെ വെള്ളം കുടിക്കുന്നതാണു ഹേമ മാലിനിയുടെ ശീലം. യാത്രയിൽ പോലും ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ നോക്കും. ധാരാളം വെള്ളം കുടിച്ചാൽ ശരീരത്തിലെ വിഷാംശങ്ങൾ നീങ്ങി സ്കിൻ മൃദുവായി തിളങ്ങും.
∙ഡിന്നർ: എട്ടു മണിക്കു മുൻപേ ഡിന്നർ കഴിക്കും. എളുപ്പം ദഹിക്കുന്ന ഭക്ഷണം മാത്രമേ കഴിക്കൂ. രാത്രി എണ്ണയും മസാലകളും കഴിയുന്നത്ര ഒഴിവാക്കും. ഫ്രൂട്സും വേവിച്ച പച്ചക്കറികളും കഴിക്കും. പത്തു മണി കഴിഞ്ഞാൽ ഉറക്കം.
ആവശ്യത്തിനു റെസ്റ്റും ആരോഗ്യ ഭക്ഷണവുമാണല്ലോ ഹേമാ മാലിനിയെ ഡ്രീം ഗേളായി നിലനിർത്തുന്നത്.
Read More : Celebrity Fitness