മിതമായ വ്യായാമവും ഒപ്പം അന്നജം കുറഞ്ഞ ഭക്ഷണരീതിയും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ തടയുമെന്നു പഠനം.
ഒന്നര വർഷക്കാലം മെഡിറ്ററേനിയന്‍ ഭക്ഷണ രീതിയും അതോടൊപ്പം മിതമായ വ്യായാമവും ചെയ്തപ്പോൾ ശരീരത്തിലെ അവയവങ്ങളിലെ കൊഴുപ്പ് സംഭരിക്കുന്നതിൽ ഉണ്ടായ വ്യത്യാസങ്ങൾ എം ആർ ഐ ഇമേജിങ് സാങ്കേതിക വിദ്യയിലൂടെ മനസ്സിലാക്കി.
ജീവിത രീതിയിലെ വ്യത്യസ്തതകൾ, പ്രത്യേക ഫാറ്റ് ഡെപ്പോസിറ്റുകളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നു മനസ്സിലാക്കുകയായിരുന്നു ഹാർവാർഡ് ഗവേഷകരുടെ ലക്ഷ്യം.
ശരീരഭാരം അൽപ്പം കൂടുതലുള്ളവര്‍ മുതൽ പൊണ്ണത്തടി ഉള്ള സ്ത്രീ പുരുഷന്മാർ വരെ പഠനത്തിൽ പങ്കെടുത്തു. ആറു മാസത്തിലും 18 മാസത്തിലും സ്കാനിങ് നടത്തി. കൊഴുപ്പ് അടിഞ്ഞു കൂടിയത് അറിയാനാണ് എം ആർ ഐ സ്കാനിങ് നടത്തിയത്.
അന്നജം കുറഞ്ഞ മെഡിറ്ററേനിയൻ ഭക്ഷണ രീതിയോടൊപ്പം മിതമായ വ്യായാമവും കൂടിയായപ്പോൾ ശരീരഭാരം അധികമൊന്നും കുറഞ്ഞില്ലെങ്കിലും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറഞ്ഞതായിക്കണ്ടു.
അടിവയറിലെയും (abdominal deep) കരളിലെയും (liver) ഹൃദയത്തിലെയും (Intra-pericardial) പാൻക്രിയാസിലെയും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കാന്‍ മെഡിറ്ററേനിയൻ ഭക്ഷണരീതിക്ക് ആവുമെന്നു തെളിഞ്ഞു.
എന്നാൽ വൃക്കയിലും കഴുത്തിലും അടിഞ്ഞു കൂടുന്ന കൊഴുപ്പ് ശരീരഭാരം കുറഞ്ഞാൽ മാത്രമേ കുറയൂ എന്നും ജീവിത രീതിയിലെ വ്യത്യാസം മൂലം ഈ കൊഴുപ്പ് കുറയുന്നില്ല എന്നും കണ്ടു. കരളിലും അടിവയറിലും ഹൃദയത്തിലും അടിഞ്ഞു കൂടിയ കൊഴുപ്പ് ആണ് ഏറ്റവും അധികം കുറഞ്ഞത്. പാൻക്രിയാസിലെയും കഴുത്തിലെയും കൊഴുപ്പ് ഒന്നോ രണ്ടോ ശതമാനം മാത്രമേ കുറഞ്ഞുള്ളൂവെന്നും ഗവേഷകർ പറയുന്നു.
അൺസാച്ചുറേറ്റഡ് ഫാറ്റുകളും അന്നജം കുറവുള്ളതുമായ മെഡിറ്ററേനിയൻ ഭക്ഷണരീതി അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നു. ഒറ്റപ്പെട്ട തൊഴിലിടത്ത് ചടഞ്ഞു കൂടിയിരിക്കുന്ന 278 മുതിർന്നവരിലാണ് 18 മാസം നീണ്ട പഠനം നടത്തിയത്. പ്രത്യേകം തയാറാക്കിയ ഉച്ചഭക്ഷണം ഇവർക്ക് നൽകി.
ഇവരിൽ ചിലർക്ക് കാലറി കുറഞ്ഞ ഭക്ഷണവും മറ്റു ചിലർക്ക് അന്നജം കുറവുള്ള മെഡിറ്ററേനിയൻ ഭക്ഷണവും നൽകി. ഒപ്പം ദിവസവും 28 ഗ്രാം വാൾനട്ടും. ആഴ്ചയിൽ മൂന്നു തവണ എങ്കിലും മിതമായ വ്യായാമവും അതോടൊപ്പം ജിമ്മിൽ സൗജന്യമായി അംഗത്വവും നൽകി.
ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതോടൊപ്പം പോഷകപ്രധാനമായ ഭക്ഷണം കഴിക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനത്തെയും ഉപാപചയ പ്രവർത്തനങ്ങളെയും മെച്ചപ്പെടുത്തും. ശരീരഭാരത്തിൽ ഉണ്ടാകുന്ന വ്യത്യാസം മാത്രമല്ല ശരീരത്തിലെ അവയവങ്ങളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ കുറയ്ക്കുന്നതു വഴിയാണ് ആരോഗ്യം മെച്ചപ്പെടുന്നത്– പഠനത്തിനു നേതൃത്വം നൽകിയ ഫെറിസ് ഷായ് പറയുന്നു.
ഇസ്രയേലിലെ ബെൻ ഗുറിയോൺ സർവകലാശാലയിലെയും യു എസിലെ വാർഡ് സർവകലാശാലയിലെയും ഗവേഷകർ സംയുക്തമായി നടത്തിയ ഈ പഠനം സർക്കുലേഷൻ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read More : Health and Fitness