പാർട്ടി ഡയറ്റിങ്ങിന് ചില എളുപ്പവഴികൾ

പാർട്ടിക്കോ മറ്റോ പോകുമ്പോൾ വാരിവലിച്ചു കഴിച്ചാണ് പലരുടെയും ഡയറ്റ് ആകെ അവതാളത്തിലാകുന്നത്. ബാക്കി ദിവസങ്ങളിൽ എത്ര ശ്രദ്ധിച്ചാലും പാർട്ടിയിൽ മൂക്കുമുട്ടെ തിന്നാൽ പിന്നെ എന്തു പ്രയോജനം. പാർട്ടിക്കോ കല്യാണം പോലെയുള്ള ചടങ്ങുകൾക്കോ മറ്റോ പോകുമ്പോൾ സ്വയം ചില മുൻകരുതലുകൾ എടുത്താൽ ഇത് ഒഴിവാക്കാവുന്നതേയുള്ളു. 

∙ഒരു ഗ്ലാസ്സ് വെള്ളം– പാർട്ടി തുടങ്ങുന്നതിനു തൊട്ടുമുൻപ് ഒരു ഗ്ലാസ് വെള്ളം കുടിച്ച് വയർ നിറയ്ക്കുക. ഭക്ഷണത്തോടുള്ള അമിതാവേശം നിയന്ത്രിക്കാൻ ഇതു സഹായിക്കും.

∙ആപ്പിറ്റൈസർ വേണ്ട– പ്രധാന ഭക്ഷണത്തിനു മുൻപ് വിശപ്പ് കൂട്ടാനുള്ള ആപ്പിറ്റൈസറുകൾ പൂർണമായും ഒഴിവാക്കുക. ഇത് കൂടുതൽ ഭക്ഷണം കഴിക്കുന്നതിനുള്ള ആഗ്രഹത്തെ നിയന്ത്രിക്കും.

∙സ്റ്റാർട്ടർ ആകാം– ആദ്യമേ തന്നെ പ്രധാനഭക്ഷണം കഴിക്കാൻ ശ്രമിക്കരുത്. സ്റ്റാർട്ടറായി എന്തെങ്കിലും കഴിച്ച് വിശപ്പ് കെടുത്താൻ ശ്രമിക്കുക. സ്റ്റാർട്ടർ ആയി അധികം കാലറി ഇല്ലാത്ത സാലഡുകൾ തിരഞ്ഞെടുക്കാം.

∙ജ്യൂസ് ആദ്യം– ഭക്ഷണം കഴിഞ്ഞ് ജ്യൂസ് കഴിക്കുന്നതിനു പകരം ആദ്യമേ തന്നെ ഒരു ഗ്ലാസ്സ് ജ്യൂസ് കഴിച്ചുനോക്കൂ. വയർ പാതി നിറയും. പിന്നെ അധികം ഭക്ഷണം കഴിക്കാൻ തോന്നില്ല. അമിതമായി മധുരമില്ലാത്ത ജ്യൂസ് തിരഞ്ഞെടുക്കണം.

∙ചെറിയ അളവിൽ കഴിക്കാം– ആദ്യമേ തന്നെ വാരിവലിച്ച് വിളമ്പിയെടുക്കാതെ ഓരോ സ്പൂണായി വിളമ്പുക. അതു സാവധാനം കഴിച്ച് വീണ്ടും എഴുന്നേറ്റുപോയി വിളമ്പിയെടുക്കുക. പലവട്ടം ഇത് ആവർത്തിക്കുമ്പോൾ സ്വയം നിയന്ത്രണം എളുപ്പമാകും.

∙സംസാരത്തിൽ മയങ്ങല്ലേ– കൂടെയുള്ളവരോടു സംസാരിച്ചിരുന്ന് കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചുള്ള ബോധം നഷ്ടമാകരുത്. 

∙നിന്നു കഴിക്കാം– ബുഫെ സംവിധാനം ആണെങ്കിൽ കുറച്ച് നേരം നിന്നുകൊണ്ട്  ഭക്ഷണം കഴിക്കാം. ഇരുന്ന് കഴിക്കുന്നതിനെക്കാൾ കുറച്ചു ഭക്ഷണമേ കഴിക്കാനാകൂ.

Read More : Health and Fitness