ലെക്സിയെയും ഡാനിയെയും ഇപ്പോൾ കണ്ടാല്‍ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും മനസ്സിലാകാത്ത സ്ഥിതിയാണ്. പക്ഷേ അതില്‍ ഇവർക്ക് യാതൊരു പരാതിയുമില്ല. കാരണം ഈ മാറ്റത്തിനു വേണ്ടിയാണ് അവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി അധ്വനിച്ചു കൊണ്ടിരുന്നത്.
കഴിഞ്ഞ ഒരു വര്‍ഷം ഇവര്‍ കുറച്ച ശരീരഭാരം 298 പൗണ്ട് ആണ് അതായത് 135 കിലോ. ഇതുതന്നെയാണ് ഇവരുടെ ഈ മാറ്റത്തിന് കാരണവും. 2007ലാണ് ഡാനിയും ലെക്സിയും ആദ്യമായി കണ്ടുമുട്ടുന്നത്. രണ്ടുപേരും തികഞ്ഞ ഭക്ഷണപ്രിയര്‍. ഒരുമിച്ചു പുറത്തു പോകുന്നതും വാരിവലിച്ചു ഭക്ഷണം കഴിക്കുന്നതുമായിരുന്നു ഇരുവരുടെയും വിനോദം. ടിവി കാണുമ്പോള്‍ ആകട്ടെ, വെറുതെ ഇരുക്കുമ്പോള്‍ ആകട്ടെ എന്തെങ്കിലും കൊറിച്ചുക്കൊണ്ടിരിക്കാനായിരുന്നു രണ്ടാള്‍ക്കും ഇഷ്ടം.
പിസ്സയും ഫ്രൈ ചെയ്ത ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡ് വിഭവങ്ങളും ഇരുവര്‍ക്കും പ്രിയമായിരുന്നു. ഇതെല്ലം പ്രതിഫലിച്ചത് രണ്ടാളുടെയും ശരീരഭാരത്തിലായിരുന്നു എന്നു മാത്രം.
26 കാരിയായ ലെക്സിയ്ക്ക് ചെറുപ്പം മുതല്‍ അമിതഭാരമായിരുന്നു. 28 കാരനായ ഡാനിയും ഒട്ടും മോശമല്ലായിരുന്നു. 2015 ലാണ് ഇവര്‍ വിവാഹിതരായത്. എന്നാല്‍ 485 പൗണ്ട് ഭാരമുള്ള ലെക്സിയ്ക്ക് ഈ അമിതവണ്ണവുമായി ഒരു കുഞ്ഞിനെ സ്വപ്നം കാണാന്‍ പോലും കഴിയില്ലാരുന്നു. ഡാനിയുടെ ഭാരം അന്ന് 281 പൗണ്ട് ആയിരുന്നു.
ഒരമ്മയാകാനുള്ള ആഗ്രഹമാണ് ലെക്സിയെ ഭാരം കുറയ്ക്കുന്നതിനെ കുറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. വൈകാതെ 2016 പുതുവര്‍ഷത്തില്‍ ഇരുവരും പുതിയൊരു ജീവിതം ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അതിനായി ആദ്യം ഇവര്‍ ചെയ്തത് അമിതാഹാരം ഒഴിവാക്കുകയായിരുന്നു. കൂടാതെ ജിമ്മില്‍ പോകാനും ആരംഭിച്ചു. മദ്യം, പുറത്തു നിന്നുള്ള ഭക്ഷണം എന്നിവയും ഉപേക്ഷിച്ചു. കാര്‍ഡിയോ വ്യായാമങ്ങളായിരുന്നു ലെക്സി അധികവും ചെയ്തത്. ആദ്യമൊക്കെ ഇത് അത്ര ലളിതമായിരുന്നില്ലെന്ന് ഇവര്‍ പറയുന്നു.
ആദ്യത്തെ മാസത്തിനു ശേഷം ഡയറ്റില്‍ കൂടുതല്‍ പച്ചക്കറികള്‍ ചേര്‍ത്തു കഴിക്കാന്‍ തുടങ്ങി. ഒപ്പം സാല്‍മണ്‍ , ചിക്കന്‍ എന്നിവയും മിതമായി കഴിച്ചു. ഓരോ മാസവും 20 പൗണ്ട് വീതമാണ് ലെക്സി കുറച്ചു കൊണ്ടുവന്നത്. അതോടൊപ്പം വ്യായാമമുറകളും മാറ്റി പരീക്ഷിച്ചു. ഇപ്പോള്‍ ആഴ്ചയില്‍ ആറുദിവസം വീതം ഒരു മണിക്കൂര്‍ എന്ന കണക്കിലാണ് ലെക്സി വര്‍ക്ക്‌ഔട്ട് ചെയ്യുന്നത്. ഒപ്പം ഡാനിയുമുണ്ട്. കാര്‍ഡിയോ, വെയിറ്റ് ട്രെയിനിങ് വ്യായാമമങ്ങളാണ് അധികവും ചെയ്യുന്നത്.
ഒരു വർഷംകൊണ്ട് ഇരുവരും 135 കിലോയാണ് കുറച്ചത്. ജീവിതം കൂടുതല്‍ മനോഹരമായെന്നാണ് ഇതിനെ കുറിച്ചു രണ്ടാളും പറയുന്നത്. ഇനിയൊരു കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഈ ദമ്പതികള്‍.
ശരീരഭാരം കുറയ്ക്കാൻ ഇവർ നൽകുന്ന ടിപ്സ്
∙ എത്രയൊക്കെ തിരക്കുകള്‍ ഉണ്ടായാലും ജിമ്മില്‍ പോകുന്നത് ഒഴിവാക്കരുത്.
പത്തുമണികൂര്‍ ഡ്യൂട്ടി കഴിഞ്ഞു വന്നിട്ടും താന്‍ ജിമ്മില്‍ പോകാറുണ്ടായിരുന്നെന്ന് ലെക്സി പറയുന്നു.
∙ പരസ്പരം സഹകരിച്ചു വ്യായാമം ചെയ്യാം.
ഒരാള്‍ക്ക് മടി തോന്നിയാലും മറ്റേയാള്‍ നിര്‍ബന്ധപൂര്‍വ്വം പറഞ്ഞാല്‍ ഒരിക്കലും മടി പിടിച്ചു ജിമ്മില്‍ പോക്ക് നിര്‍ത്തില്ല.
∙ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിച്ചാല്‍ അതിനു നിങ്ങളുടെ മുന്നിലൊരു ലക്ഷ്യം ഉണ്ടാക്കുക. അതിനു വേണ്ടി പരിശ്രമിക്കുക. ഫലം ഉറപ്പ്.
Read More : Fitness Tips