Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറ്റവും ചെറുപ്പക്കാരനായ അച്ഛൻ; അതിനും കാരണമുണ്ട്

ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ലെന്ന പരസ്യവാചകം നടൻ കൃഷ്ണകുമാറിന് നന്നായി ചേരും. പ്രായം 49 ആയെങ്കിലും കണ്ടാൽ പറയില്ലെന്നു പറഞ്ഞാൽ ഉടൻ വരും മറുപടി. ‘ഇതെല്ലാം പാരമ്പര്യമായി കിട്ടിയതാകും. പിന്നെ വീട്ടിൽ ‘അഞ്ചു പെണ്ണുങ്ങളോടൊപ്പം’ (ഭാര്യയും നാലു പെൺമക്കളും) താമസിക്കുന്നതിന്റെ ഗുണവുമാകാം’. ഭാര്യ സിന്ധു കൃഷ്ണകുമാറിനും മക്കളായ അഹാനയ്ക്കും ഇഷാനിക്കുമൊപ്പം ആരോഗ്യസംരക്ഷണ രഹസ്യങ്ങള്‍ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് കൃഷ്ണകുമാർ.

krishnakumar-father കൃഷ്ണകുമാറിന്റെ അച്ഛനും അമ്മയും

∙ഭക്ഷണം, വ്യായാമം, ഉറക്കം

ജീവിത രീതിയും ഭക്ഷണക്രമവും ഒരു മനുഷ്യന്റെ ആരോഗ്യം തീരുമാനിക്കുന്ന കാര്യങ്ങളാണ്. പക്ഷേ, നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഞാനും ആ കൂട്ടത്തിൽ പെടുന്ന ഒരാളുതന്നെയാണ്. ഭക്ഷണം ഇഷ്ടമുള്ളതു പോലെ കഴിക്കും, നല്ലതു പോലെ ഉറങ്ങും, വ്യായാമം അത്യാവശ്യത്തിനു ചെയ്യും.

∙പ്രകൃതിയോടിണങ്ങിയുള്ള ജീവിതം

പ്രകൃതിയോടു ചേര്‍ന്നു ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ വീടിനു പിറകിൽ ഒരു പൂന്തോട്ടം ഉണ്ട്. എല്ലാവരുടെയും വീട്ടിലെ പൂന്തോട്ടത്തില്‍ ചെടികളാണ് കൂടുതലെങ്കിൽ എന്റെ തോട്ടത്തില്‍ മരങ്ങളാണുള്ളത്. 

ഈ മരങ്ങളിൽ വലിഞ്ഞു കയറി അതിന്റെ കൊമ്പു മുറിച്ചു കളയുക, കായ് വരുന്നതൊക്കെ പറിച്ചെടുക്കുക, വളരുന്ന പാഴ്ച്ചെടികൾ പറിച്ചെടുക്കുക തുടങ്ങി വീട്ടിൽ വെറുതേ ഇരിക്കുന്ന സമയങ്ങളിലൊക്കെ ഈ മരങ്ങളുടെ പുറകേയായിരിക്കും. ഓരോ മരങ്ങൾക്കും ഓരോ മക്കളുടെ പേരും നൽകിയിട്ടുണ്ട്. 

kk-family2

∙വ്യായാമവും സൗന്ദര്യവും

വ്യായാമം ചെയ്യാൻ ഇഷ്ടമാണ്. വ്യായാമം ചെയ്യുമ്പോൾ നമുക്ക് നമ്മളോടുതന്നെ ഒരിഷ്ടം തോന്നും. ഭക്ഷണം കൂടുതൽ കഴിക്കുമ്പോള്‍ ചിലപ്പോള്‍ കുറ്റബോധം തോന്നും. അതുകഴിഞ്ഞ് വ്യായാമം ചെയ്യുമ്പോൾ ശരീരത്തിന് ഉണർവ് ലഭിക്കും. അപ്പോൾ ഒരു മാനസികതൃപ്തി നമുക്കു തന്നെ അനുഭപ്പെടും. വ്യായാമം ചെയ്യുന്നതിലൂടെ മനസ്സിനു ലഭിക്കുന്ന ഊര്‍ജം ചെറുതല്ല. 

krishnakumar-family

∙വീടിനു പുറത്തെ ഭക്ഷണം

കാണാനും കഴിക്കാനും കേൾക്കാനുമൊക്കെ ഒരു രസമാണ് ഈ ഈറ്റിങ് ഔട്ട്. ആദ്യമൊക്കെ വീട്ടിലെ  ഇ‍ഡ്‍ലി, ദോശ, പുട്ട്, കഞ്ഞി തുടങ്ങിയ സ്ഥിരം ചേരുവകളിൽ നിന്നുള്ള ഒരു മോചനമായിരുന്നു പുറത്തുനിന്നുള്ള ഭക്ഷണം. പതിയെ മനസ്സിലായി ഇവ വായയെ മാത്രമേ തൃപ്തിപ്പെടുത്തുന്നുള്ളൂ, വയറിനെ അല്ല എന്ന്. എന്നുവച്ച് ഞാൻ വീട്ടിലെ ഭക്ഷണം മാത്രമേ കഴിക്കൂ എന്നല്ല, വല്ലപ്പോഴുമൊക്കെ ഈറ്റിങ് ഔട്ടും ഇഷ്ടപ്പെടുന്ന ആൾ തന്നെയാണ്. പക്ഷേ ഏറ്റവും ഇഷ്ടം വീട്ടിലെ സ്ഥിരം വിഭവങ്ങൾ തന്നെ.

krishnakumar-family1

∙മൊത്തം ഡൈ ആണല്ലോ കൃഷ്ണകുമാറേ?

25 വയസ്സ് ആകുമ്പോഴേ മുടി നരയ്ക്കുന്നവർക്ക് എന്നെ കാണുമ്പോൾ അസൂയ തോന്നാനിടയുണ്ട്. മൊത്തം ഡൈ ആണല്ലേ ചേട്ടാ എന്നും ചിലർ ചോദിക്കും. എന്റെ തലയിലും അങ്ങിങ്ങായി ചെറിയ നരയൊക്കെ ഉണ്ട്. അതങ്ങനെ പെട്ടെന്നു കാണാൻ പറ്റുന്നില്ലെന്നേ ഉള്ളൂ. മുടി കറുപ്പിക്കാന്‍ ഡൈ ഒന്നും ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഹെന്നയുടെ പൗഡറൊക്കെ ഇട്ട് ഇടയ്ക്ക് ചെറിയ പരീക്ഷണങ്ങളൊക്കെ നടത്താറുണ്ട്. 

∙ശിക്കാരി ശംഭുവിലെ റേഞ്ചർ വാസു

ranger-vasu

ശിക്കാരി ശംഭുവിൽ രണ്ടു വേഷത്തില്‍ ഞാനെത്തുന്നുണ്ട്– ചെറുപ്പക്കാരനായും വയസ്സനായും. അതിൽ ഏറ്റവും ബുദ്ധിമുട്ട് വയസ്സൻ വേഷത്തിലേക്ക് മാറാനായിരുന്നു. ആ വേഷത്തിന്റെ ക്രെഡിറ്റ് മുഴുവൻ മേക്ക്അപ് മാൻ റഷീദ് കോഴിക്കോടിനാണ്. 

ഒന്നര മുതൽ രണ്ടു മണിക്കൂർ വരെയെടുത്താണ് അദ്ദേഹം എന്നെ വയസ്സനാക്കിയത്. ആ വേഷം എനിക്ക് ഏറെ ഇഷ്ടമാണ്. എനിക്ക് ഏറെ തൃപ്തിയും സന്തോഷവും തന്ന ഒരു കഥാപാത്രമായിരുന്നു റെയ്ഞ്ചർ വാസു.  

Read More : Fitness Magazine