ആരോഗ്യസംരക്ഷണത്തിനു ജിമ്മില്‍ പോകുന്നവരെക്കാള്‍ മസ്സില്‍ പെരുപ്പിക്കാന്‍ ജിംനേഷ്യത്തില്‍ പോകുന്ന ചെറുപ്പക്കാര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ മസ്സില്‍ വരുത്താൻ സ്വന്തം ജീവന്‍ തന്നെ പണയം വച്ചുള്ള ഒരു കളിയാണ് ബ്രസീലിലെ ഈ സഹോദരന്മാര്‍ ചെയ്തിരിക്കുന്നത്.
49 കാരന്‍ ടോണി ഹക്ക് ജെറാള്‍ഡോയും 50 കാരന്‍ അല്‍വാര്‍നോ കോനന്‍ പെരേരയുമാണ് ഈ കക്ഷികള്‍. ബ്രസീലിലെ റിയോ ഡി ജെനീറോ സ്വദേശികളാണ് ഇവര്‍. കടുത്ത ജിംനേഷ്യം പ്രേമികളായ ഇരുവരും എത്ര കഠിനമായി അധ്വാനിച്ചിട്ടും ഉദ്ദേശിച്ച പോലെ മസ്സിൽ വീര്‍പ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഈ കടുംകൈ ചെയ്യാന്‍ ആരംഭിച്ചത്.
ജ്യേഷ്ഠനായ പെരേരയ്ക്കായിരുന്നു ബോഡി ബില്‍ഡിങില്‍ ആദ്യം കമ്പം കയറിയത്. സാധാരണ പണികളൊന്നും ചെയ്തിട്ടു താന്‍ ആഗ്രഹിച്ച പോലെ മസ്സില്‍ പെരുകുന്നില്ല എന്ന് തോന്നിയപ്പോഴാണ് 15 വയസ്സില്‍ പെരേര Potenay B12 എന്ന മരുന്ന് കൈകളിലെയും കാലുകളിലെയും മസ്സിലുകളില്‍ കുത്തിവയ്ക്കാന്‍ തുടങ്ങിയത്. കുതിരകള്‍ക്ക് ഉപയോഗിക്കുന്ന ഒരുതരം കെമിക്കലാണ് ഈ മരുന്നിന്റെ കണ്ടന്റ്. വെറ്റിനറി ഡോക്ടർമാരാണ് സാധാരണ ഈ മരുന്ന് ഉപയോഗിക്കുന്നത്. ഈ മരുന്ന് പെേരരയുടെ ശരീരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. കൈകളിലും കാലിലും മസ്സില്‍ വന്നു.
ഇതു കണ്ടാണ് അനുജനായ ടോണിയും അതേ പാത പിന്തുടരാന്‍ തുടങ്ങിയത്. പതിനെട്ടാമത്തെ വയസ്സു മുതല്‍ ടോണിയും ഇതുപയോഗിച്ചു തുടങ്ങി. ആഴ്ചയില്‍ രണ്ടു വട്ടം അഞ്ചു ദിവസത്തെ ഇടവേളയിലാണ് ഈ മരുന്ന് പ്രയോഗം ഇവര്‍ നടത്തുന്നത്. ഇപ്പോള്‍ 28 ഇഞ്ചാണ് പെരേരയുടെ കയ്യിലെ മസ്സിലിന്റെ അളവ്. ടോണിയുടെതു 25 ഇഞ്ചും.
ആര്‍നോള്‍ഡ് ഷാസ്സിനെഗരാണ് ഇരുവരുടെയും പ്രിയപ്പെട്ട ബോഡിബില്‍ഡര്‍. ബ്രസീലിലെ യുവാക്കള്‍ക്കിടയില്‍ Potenay B12 ഉപയോഗം ഇപ്പോള്‍ വളരെ കൂടുതലാണ് എന്നാണു കണക്ക്. എന്നാല്‍ പെരേരയോടും ടോണിയോടും ഈ മരുന്ന് പ്രയോഗം നിര്‍ത്താന്‍ ഡോക്ടര്‍ പറഞ്ഞിരിക്കുകയാണ്. ഇനിയും ഇവരുടെ ത്വക്കിന് വികസിക്കാന്‍ കഴിയില്ല എന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏഴ് മക്കളും ഭാര്യയും അടങ്ങുന്നതാണ് പെരേരയുടെ കുടുംബം. ഒരു ജിമ്മില്‍ വെച്ചാണ് പെരേര തന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുത്തത്. മൂന്നു മക്കളാണ് ടോണിക്ക്. ടോണിയുടെ ഈ മരുന്ന് പ്രയോഗത്തില്‍ ഭാര്യയും കുടുംബവും എതിരാണ്. ഭാര്യ ഒഴിച്ചു നാട്ടിലെ എല്ലാ സ്ത്രീകള്‍ക്കും തന്നെ ഇഷ്ടമാണ് എന്നാണു ടോണി പറയുന്നത്. തന്നെ നിയന്ത്രിക്കാന്‍ വരുന്നതിലും നല്ലത് ഭാര്യാപദവി ഉപേക്ഷിച്ചു പോകുന്നതാണ് നല്ലതെന്നാണ് ടോണി ഭാര്യക്ക് നല്‍കിയിരിക്കുന്ന ഉപദേശം.
ബോഡി ബില്‍ഡിങ് ഹരം മൂത്ത് രണ്ടാളും കൂടി ചെയ്യുന്ന ഈ പ്രവര്‍ത്തി ഭാവിയില്‍ വലിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഡോക്ടർമാര്‍ പറയുന്നത്. ഇഞ്ചെക്ഷനുകളും കടുത്ത ഡയറ്റുകളുമായി ദിവസത്തിന്റെ പകുതിയോളം നേരം ഇരുവരും ജിമ്മില്‍ വ്യായാമങ്ങള്‍ ചെയ്താണ് കഴിയുന്നത്. 4,000 മുതല്‍ 6,000 കാലറി വരെയുള്ള ആഹാരങ്ങളാണ് ഇവരുടെ സ്ഥിരം മെനു.
Read More : Fitness Tips