ഫിറ്റ്നസിന്റെ കാര്യത്തിൽ ശ്രദ്ധ കൊടുക്കുന്ന ഒരാളാണ് ഞാൻ. വീട്ടിലുള്ളപ്പോൾ റിലാക്സ് ചെയ്ത് അനിയത്തിമാർ സ്കൂളിലും കോളജിലുമൊക്കെ പോയതിനു ശേഷമാണ് വർക്ഒൗട്ട് തുടങ്ങുന്നത്. എത്രയൊക്കെ തിരക്കുണ്ടായാലും ജിമ്മിൽ പോകുന്നത് മുടക്കാറില്ല. ജിമ്മിൽ ഒന്നര മണിക്കൂർ വരെ വർക്‌ഔട്ട് ചെയ്യാറുമുണ്ട്. അതുപോലെ ഡയറ്റും ശ്രദ്ധിക്കാറുണ്ട്.
ജിമ്മും വർക്ഒഔട്ടും കൂടി ചെയ്യുമ്പോഴാണ് ശരീരത്തിൽ എനിക്ക് വ്യത്യാസം അനുഭവപ്പെടുന്നത്. ജിമ്മിൽ പോയി തലയും കുത്തി മറിഞ്ഞിട്ട് വീട്ടിൽ വന്ന് വാരിവലിച്ചു കഴിച്ചാൽ കാര്യമില്ല. അതുകൊണ്ട് ഓവറായിട്ടല്ലെങ്കിലും ജിം ഡയറ്റും നോക്കാറുണ്ട്.
ഡയറ്റ്
ഏറ്റവും ഇഷ്ട ആഹാരം ചോറാണ്. പക്ഷേ ഞാനത് കഴിക്കാറില്ല. ഉച്ചയ്ക്ക് ഗോതമ്പ് പുട്ടു പോലുള്ള ആഹാരങ്ങളാണ് കഴിക്കുന്നത്. കറി എല്ലാം കഴിക്കും. രാത്രി സാലഡ്, ഫ്രൂട്ട്സ് എന്നിവയാണ് കൂടുതലും കഴിക്കുന്നത്. രണ്ടു വർഷത്തോളമായി ഇതാണ് എന്റെ ഡയറ്റ്. തുടക്കത്തിൽ കഴിച്ച് കുറച്ച് കഴിയുമ്പോൾ വീണ്ടും വിശപ്പ് തോന്നുമായിരുന്നു. പിന്നെ ഇതങ്ങ് ശീലമാക്കിയപ്പോൾ വിശപ്പേ ഇല്ലാതായി. പൊതുവേ ഭക്ഷണം കുറച്ചേ കഴിക്കാറുള്ളു... എന്നാൽ വല്ല വിശേഷാവസരങ്ങളുമൊക്കെ വരുമ്പോൾ നന്നായി കഴിക്കുകയും ചെയ്യും. പിന്നെ ഭാരം നോക്കുമ്പോൾ കൂടിയെന്നു കണ്ടാൽ പിന്നെ അതു കുറയ്ക്കാനുള്ള തത്രപ്പാടാണ്.
വെയ്റ്റ് ലോസ്, വെയ്റ്റ് ഗെയ്ൻ
ശരീരഭാരം കൂട്ടാനും കുറയ്ക്കാനും ഒരുപോലെ കഴിയുന്ന പ്രകൃതമാണ് എനിക്ക്. ഒരാഴ്ച സ്ഥിരമായി ഉച്ചയ്ക്കും രാത്രിയും ചോറു കഴിച്ചാൽ ഞാൻ വണ്ണം വയ്ക്കും. അതുപോലെ ഒരാഴ്ച ഭക്ഷണം നിയന്ത്രിച്ച് ജിമ്മിലൊക്കെ പോയാൽ വണ്ണം കുറയുകയും ചെയ്യും. ഡയറ്റ് നോക്കാതെ ആഹാരമൊക്കെ കഴിച്ചിട്ട് ശരീരഭാരം കൂടിയെന്നു കാണുമ്പോൾ പിന്നെ നന്നായി വർക്ഔട്ട് ചെയ്യും.
പുറത്തു പോയി ആഹാരം കഴിക്കാൻ ഇഷ്ടമുള്ള ആളാണ്. തിരുവനന്തപുരത്തുള്ള കൂട്ടുകാരുമൊത്ത് ഇടയ്ക്കിടെ നല്ല ആഹാരം കിട്ടുന്ന സ്ഥലങ്ങൾ അന്വേഷിച്ച് പോയി ആസ്വദിച്ച് ഭക്ഷണം കഴിക്കാറുമുണ്ട്.
വീട്ടിലെ സാധാരണ ആഹാരമായതുകൊണ്ടു തന്നെ അതുകഴിച്ച് അധികം വണ്ണംവയ്ക്കില്ല. അതുകൊണ്ടുതന്നെ വീട്ടിൽ ഡയറ്റ് ചെയ്യാനും വളരെ എളുപ്പമാണ്. ചിക്കൻ, ബീഫ്, മട്ടൻ പോലുള്ളതൊക്കെ അപൂർവമായേ പാകം ചെയ്യാറുള്ളു. അവിയൽ, തോരൻ തുടങ്ങി സാധാരണ വിഭവങ്ങളാണ് വീട്ടിലെ സ്പെഷൽ.
വീട്ടിൽ ഒരു ജിം റൂമുമുണ്ട്. ജിമ്മിൽ പോകാൻ മടിയുള്ള ദിവസങ്ങളിൽ അവിടെയാണ് വർക്‌ഔട്ട്.
Read More : Fitness Magazine